ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍ക്കേണ്ടി വന്നത് രാജസ്ഥാന്‍ റോയല്‍സിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ആവേശപ്പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് പഞ്ചാബിനോട് രാജസ്ഥാന്‍ മുട്ടുകുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടാനായത്.
ബൗളിങ് നിരയ്ക്ക് പിന്നാലെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരും നിരാശപ്പെടുത്തിയത് രാജസ്ഥാന് കടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല. ഇത് രാജസ്ഥാന് കടുത്ത തിരിച്ചടിയായി മാറുകയും ചെയ്തു. വലിയ തോല്‍വിയിലേക്ക് പോകുമായിരുന്ന രാജസ്ഥാനെ രക്ഷിച്ചത് ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (18 പന്തില്‍ 36) ദ്രുവ് ജൂറലിന്റെയും (15 പന്തില്‍ 32) ബാറ്റിങ്ങാണ്.

രാജസ്ഥാന്‍ അഞ്ച് റണ്‍സിന് തോറ്റതിന് പിന്നാലെ വലിയ വിമര്‍ശനം കേട്ടത് ദേവ്ദത്ത് പടിക്കലാണ്. 26 പന്തില്‍ 21 റണ്‍സുമായി ദേവ്ദത്ത് നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമെന്നാണ് ആരാധക പക്ഷം. ഇപ്പോഴിതാ തോല്‍വിയുടെ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ദേവ്ദത്തിനെ പിന്തുണച്ചാണ് സഞ്ജു സംസാരിച്ചത്.
'ഞങ്ങളുടെ തുടക്കം മികച്ചതായിരുന്നു. പവര്‍പ്ലേയും നന്നായി അവസാനിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ മധ്യ ഓവറുകളില്‍ പ്രതീക്ഷിച്ചപോലെ ബൗണ്ടറികള്‍ നേടാനായില്ല. അവര്‍ നന്നായി പന്തെറിഞ്ഞു. മധ്യ ഓവറുകളില്‍ ബൗണ്ടറികള്‍ കുറഞ്ഞതാണ് ഞങ്ങള്‍ പിന്നോട്ട് പോവാന്‍ കാരണമായത്. മധ്യ ഓവറുകളില്‍ റണ്‍റേറ്റ് കുറഞ്ഞുപോയിട്ടും വിജയത്തോട് തൊട്ടടുത്തെത്താന്‍ ഞങ്ങള്‍ സാധിച്ചു. ഒരു സിക്‌സറിനാണ് വിജയം നഷ്ടമായത്' - സഞ്ജു പറഞ്ഞു.

ജോസ് ബട്‌ലറിന് അപ്രതീക്ഷിതമായി പരിക്കേറ്റതോടെ രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കേണ്ടി വന്നു. ഇത് ടീമിനെ പിന്നോട്ടടിച്ചു. ആര്‍ അശ്വിനും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണിങ്ങിലേക്കെത്തിയത് മണ്ടന്‍ തീരുമാനമായി. ജയ്‌സ്വാളും പിന്നാലെ അശ്വിനും കാര്യമായൊന്നും ചെയ്യാതെ മടങ്ങിയതോടെ പവര്‍പ്ലേയില്‍ രാജസ്ഥാന്‍ പതറി. ബട്‌ലര്‍ക്ക് പരിക്കേറ്റതോടെ ബാറ്റിങ്ങില്‍ ശോഭിക്കാനായില്ല. ഇതും രാജസ്ഥാനെ പിന്നോട്ടടിച്ചു.
അടുത്ത മത്സരത്തില്‍ ബട്‌ലര്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്. 'ജോസ് ബട്‌ലറുടെ പരിക്ക് ഗുരുതരമല്ല. കൈയില്‍ ചെറിയ സ്റ്റിച്ചാണ് ഇട്ടിട്ടുള്ളത്. ഫിസിയോ അല്‍പ്പം വിശ്രമമാണ് ബട്‌ലര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായി ബട്‌ലര്‍ക്ക് പരിക്കേറ്റതോടെയാണ് അശ്വിന്‍ ഭായിയെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കേണ്ടി വന്നത്'- സഞ്ജു സാംസണ്‍ പറഞ്ഞു. യുവതാരങ്ങളുടെ ബാറ്റിങ് പ്രകടനത്തെ പ്രശംസിക്കാനും സഞ്ജു മടികാട്ടിയില്ല.

തങ്ങളുടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് സഞ്ജു പറഞ്ഞത്. 'ദ്രുവ് അവസാന രണ്ട് സീസണിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നിരവധി ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണവന്‍. ഞങ്ങളുടെ യുവതാരങ്ങള്‍ക്കെല്ലാം അഞ്ച് ക്യാംപുകള്‍ ടൂര്‍ണമെന്റിന് മുമ്പ് നല്‍കിയിട്ടുണ്ട്. ഒട്ടുമിക്ക പിച്ചുകളിലും കളിപ്പിച്ചു. ദ്രുവ്, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് ആവിശ്യത്തിന് പരിശീലനം ലഭിച്ചുവെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു'- സഞ്ജു കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ ഇത്തവണയും വലിയ പ്രതീക്ഷ നല്‍കുന്ന നിരയാണെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും തലവേദനയായുണ്ട്. മധ്യനിര ബാറ്റിങ്ങാണ് പ്രശ്‌നം. ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവര്‍ക്ക് വലിയ സ്‌കോര്‍ നേടാനാവാത്തത് രാജസ്ഥാന് തലവേദനായുന്നു. പഞ്ചാബിനെതിരേയും ഇരുവരും ഫ്‌ളോപ്പായിരുന്നു. രാജസ്ഥാന്‍ ദേവ്ദത്തിന് പകരം ദ്രുവിനെ അടുത്ത മത്സരത്തില്‍ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും.