ഐപിഎല്ലിന്റെ 16ാം സീസണിലെ ആദ്യ പരാജയം നേരിട്ടതിനു പിന്നാലെ സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരേ അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലായിരുന്നു റോയല്‍സ് അഞ്ചു റണ്‍സിന്റെ പരാജയം രുചിച്ചത്. ഈ മല്‍സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ റോയല്‍സ് നടത്തിയ ചില പരീക്ഷണങ്ങള്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു.

ആര്‍ അശ്വിനെ ഓപ്പണിങിലേക്കു കൊണ്ടുവന്നതും ദേവ്ദത്ത് പടിക്കലിനെ അഞ്ചാം നമ്പറിലേക്കു മാറ്റിയതുമെല്ലാം ഏറെ വിമര്‍ശിക്കപ്പെട്ടു. ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. മല്‍സരത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസണ്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ ഒന്നും മിണ്ടുന്നില്ല. എല്ലായ്‌പ്പോഴും മൗനിയായാണ് അദ്ദേഹം കാണപ്പെടുന്നത്. കുറേക്കൂടി അഗ്രസീവായി സഞ്ജു മാറിയേ തീരൂ. ഗെയിം അതിന്റ വഴിക്ക് പോട്ടെ, ഞാന്‍ ഒന്നും മിണ്ടില്ലെന്ന ശൈലിയാണ് സഞ്ജുവിന്റേത്. ഇങ്ങനെ പോയാല്‍ ശരിയാവില്ല. ടീമിന്റെ ക്യാപ്റ്റനായതിനാല്‍ തന്നെ ഇങ്ങനെ മിണ്ടാതെ നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയില്ല. സഞ്ജു ഇടയ്കക്കിടെ ഗ്രൗണ്ടില്‍ വച്ച് ടീമംഗങ്ങളുമായി സംസാരിക്കണം. അവരെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. ക്യാപ്റ്റനെന്ന നിലയില്‍ അവര്‍ക്കു വഴി കാണിക്കേണ്ടത് സഞ്ജുവാണ്.
മല്‍സരം എങ്ങനെയാണോ മുന്നോട്ടു പോവുന്നത് ഇങ്ങനെയൊരു മനോഭാവത്തോടെ സഞ്ജു സാംസണ്‍ നില്‍ക്കാന്‍ പാടില്ല, ഈ രീതിയിലാണ് തുടര്‍ന്നും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെങ്കില്‍ രാജസ്ഥാന്‍ സീസണില്‍ അധികം മുന്നോട്ടു പോവാനിടയില്ല. റോയല്‍സ് ടീമില്‍ മികച്ച കളിക്കാരുണ്ട്. പക്ഷെ അവര്‍ ക്ലിക്കാവുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു മിടുക്കന്‍ തന്നെയാണ്. പക്ഷെ അദ്ദേഹം കുറേക്കൂടി കളിയില്‍ ഇടപെടുകയും ടീമംഗങ്ങളെ നിരന്തരം പ്രചോദിപ്പിക്കുകയും വേണമെന്നും ഡാനിഷ് കനേരിയ ആവശ്യപ്പെട്ടു.

പഞ്ചാബിനെതിരേ ബൗളിങില്‍ നിരാശപ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനു ഉപദേശവും നല്‍കിയിരിക്കുകയാണ് ഡാനിഷ് കനേരിയ. ചഹലിന്റെ ബൗളിങ് വളരെ മോശമായിരുന്നു. ഇത്രയു വലിയ ബൗളറായിട്ടും കഴിഞ്ഞ കുറച്ചു മാസങ്ങളായി മോശം പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങിലെ താളം നഷ്ടമായിരിക്കുകയാണ്.
ചാഹല്‍ രഞ്ജി ട്രോഫിയില്‍ തീര്‍ച്ചയായും കളിക്കണമെന്നു ഞാന്‍ നേരത്തേ തന്നെ പറഞ്ഞകൊണ്ടിരിക്കുന്ന കാര്യമാണ്. കൂടുതല്‍ ബൗള്‍ ചെയ്താല്‍ തന്റെ താളം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. കുല്‍ദീപ് യാദവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ചഹല്‍ വളരെയധികം പിന്നിലാണ്. കുല്‍ദീപിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം നല്‍കി അദ്ദേഹത്തെ വളര്‍ത്തിയെടുക്കണമെന്നും കനേരിയ നിര്‍ദേശിച്ചു.
രാജസ്ഥാന്‍ റോയല്‍സിനു ഈ മല്‍സരം ചേസ് ചെയ്ത് വിജയിക്കാന്‍ സാധിക്കുമായിരുന്നു. ബാറ്റിങില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം അവര്‍ക്കു കാഴ്ചവയ്ക്കാനും കഴിയുമായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ റോയല്‍സ് വരുത്തിയ മാറ്റങ്ങള്‍ മോശമായിരുന്നു. ദേവ്ദത്ത് പടിക്കലിനെ ഓപ്പണിങിലേക്കു കൊണ്ടുവരാമായിരുന്നു. ആര്‍ അശ്വിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിച്ചത് ശരിയായില്ല. റോയല്‍സിന്റേത് വളരെ ആഴമേറിയ ബാറ്റിങ് ലൈനപ്പാണ്.
ധ്രുവ് ജുറേല്‍ എന്തൊരു പ്ലെയറാണ്. ഇന്ത്യയുടെ മുന്‍നിര ബൗളറായ അര്‍ഷ്ദീപ് സിങിനെതിരേ എക്‌സ്ട്രാ കവറിലൂടെ സിക്‌സറടിക്കുകയെന്നത് എളുപ്പമുളള കാര്യമല്ല. പക്ഷെ ജുറേല്‍ അവിശ്വസനീയ ഷോട്ടുകളാണ് കളിച്ചത്. തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ഭാവിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള മികവുണ്ടെന്നു കാണിച്ചു തരികയും ചെയ്തുവെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.