ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് പൊരുതിതോറ്റിരിക്കുകയാണ്. അഞ്ച് റണ്‍സിനാണ് സഞ്ജു സാംസണും സംഘവും മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടാനായത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷക്കൊത്തുയരാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ല. റണ്ണൊഴുകുന്ന പിച്ചില്‍ ബൗളര്‍മാര്‍ തല്ലുവാങ്ങിയതിനെ ന്യായീകരിക്കാമെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തി. ഷിംറോന്‍ ഹെറ്റ്‌മെയറും (36) ദ്രുവ് ജൂറലും (32) നടത്തിയ വെടിക്കെട്ട് ബാറ്റിങ് ഇല്ലായിരുന്നെങ്കില്‍ രാജസ്ഥാന്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ (25 പന്തില്‍ 42) ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചു. 168 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. പ്രകടനം ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നെങ്കിലും നായകനെന്ന നിലയില്‍ വിലയിരുത്തപ്പെടുമ്പോള്‍ സഞ്ജു ഉത്തരവാദിത്തം കാട്ടിയില്ലെന്ന് പറയേണ്ടി വരും.
ഇത്രയും വലിയൊരു സ്‌കോര്‍ പിന്തുടരുമ്പോള്‍ സഞ്ജു അവസാനംവരെ പിടിച്ചുനിന്ന് ടീമിനെ കിരീടത്തിലേക്കെത്തിക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സഞ്ജുവിനത് സാധിച്ചില്ല. സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നതാണ് വസ്തുത. അടിച്ചുകളിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തില്‍ സഞ്ജു അതിന് ശ്രമിച്ചുവെന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ വിക്കറ്റ് കാക്കാനായില്ല.
സഞ്ജുവിന് വിക്കറ്റ് കാത്ത് കളിക്കാന്‍ സാധിക്കുന്നില്ല. ടീമിനെ വിജയത്തിലേക്കെത്തിക്കുമ്പോഴാണ് നായകന്‍ കൂടുതല്‍ മികച്ചതാവുന്നത്. എന്നാല്‍ സഞ്ജു കളിച്ചത് സാധാരണ ബാറ്റ്‌സ്മാന്റെ പ്രകടനം മാത്രമാണ്. നായകനെന്ന നിലയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു പഠിക്കേണ്ടതായുണ്ട്. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനും ആക്രമണോത്സകതയുമെല്ലാം മികച്ചതാണെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.

സഞ്ജു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യം ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. സഞ്ജു നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ റണ്‍സടിച്ചതുകൊണ്ട് മാത്രം സഞ്ജുവിന് പരിഗണന ലഭിച്ചേക്കില്ല. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയാലും ഫിനിഷര്‍ റോളിലാവും താരത്തെ പരിഗണിക്കാന്‍ സാധ്യത കൂടുതല്‍.
ആ റോള്‍ ലഭിക്കണമെങ്കിലും സഞ്ജു ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ താരത്തിനത് സാധിക്കുന്നില്ല. പഞ്ചാബ് കിങ്‌സിനെതിരേ ഇതിന് മുമ്പ് സെഞ്ച്വറി പ്രകടനം സഞ്ജു നടത്തിയിട്ടും ടീം തോറ്റ് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സഞ്ജുവിന്റെ വ്യക്തിഗത പ്രകടനത്തേക്കാളേറെ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതുകൊണ്ട് തന്നെ സഞ്ജു ഫിനിഷറെന്ന നിലയിലേക്ക് ശ്രദ്ധ നല്‍കണം.
സഞ്ജു നിലവില്‍ തന്റെ ബാറ്റിങ് മാത്രം ശ്രദ്ധിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിന് മാറ്റം ഉണ്ടാകണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സഞ്ജു മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമെല്ലാം സഞ്ജുവിനെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത് ഫിനിഷിങ് മികവിന്റെ കാര്യത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇവരെയെല്ലാം മറികടക്കാന്‍ സഞ്ജു മത്സരം ജയിപ്പിക്കാന്‍ പ്രാപ്തനാണെന്ന് ബാറ്റിങ്ങുകൊണ്ട് തെളിയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. പഞ്ചാബിനെതിരേ നായകനെന്ന നിലയിലെ സഞ്ജുവിന്റെ പല തീരുമാനങ്ങളും പാളിയിരുന്നു. ബൗളിങ് വിന്യാസത്തിലും ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റിലും സഞ്ജു മിടുക്കുകാട്ടിയില്ല. വിക്കറ്റിന് പിന്നിലും പിഴവ് വരുത്തി.
ടീം പ്രതിസന്ധിയില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ ഒറ്റക്ക് ടീമിനെ ചുമലിലേറ്റാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് സാധിക്കാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുക സഞ്ജുവിന് കടുപ്പമായിരിക്കുമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. തട്ടകത്തില്‍ പഞ്ചാബിനോട് തോറ്റത് രാജസ്ഥാന് വലിയ നാണക്കേടായിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.