ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ കിരീട പ്രതീക്ഷയുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണെന്ന നായകനിലും സഹതാരങ്ങളിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ രാജസ്ഥാന് രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍ക്കേണ്ടിവന്നിരിക്കുകയാണ്.
തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനോട് അഞ്ച് റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. 198 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്റെ ടോപ് ഓഡര്‍ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതാണ് തോല്‍വിയുടെ കാരണമായി മാറിയത്. മധ്യനിരയില്‍ ഷിംറോന്‍ ഹെറ്റ്‌മെയറും (32) ദ്രുവ് ജൂറലും (32) നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാന്റെ തോല്‍വി ഭാരം അഞ്ച് റണ്‍സിലേക്കെത്തിച്ചത്.

മത്സരത്തില്‍ ബാറ്റുകൊണ്ട് സഞ്ജു സാംസണ്‍ തിളങ്ങിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലേക്കെത്തിക്കാനായില്ലെങ്കിലും 25 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സുമായി ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായി. എന്നാല്‍ നായകനെന്ന നിലയില്‍ ഇന്നലെ സഞ്ജുവിന്റെ നല്ല ദിവസമായിരുന്നില്ല. സഞ്ജുവിന്റെ പല തീരുമാനങ്ങളും തെറ്റിയെന്നതാണ് വസ്തുത.
വിക്കറ്റിന് പിന്നിലും മികച്ചുനില്‍ക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോഴിതാ രാജസ്ഥാന്റെ 5 റണ്‍സ് തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ ആരാധകര്‍ സഞ്ജുവിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തുകയാണ്. സഞ്ജുവരുത്തിയ പ്രധാന പിഴവ് ബൗളര്‍മാരെ ഉപയോഗിക്കുന്നതിലാണ്. ജേസന്‍ ഹോള്‍ഡര്‍ക്ക് പവര്‍പ്ലേയില്‍ ഒരോവറാണ് സഞ്ജു നല്‍കിയത്. എന്നാല്‍ ഹോള്‍ഡറെ പവര്‍പ്ലേയില്‍ കൂടുതല്‍ ഉപയോഗിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

കെ എം ആസിഫിന് രണ്ടോവര്‍ നല്‍കിയപ്പോള്‍ ഹോള്‍ഡറിനെയായിരുന്നു തല്‍സ്ഥാനത്ത് ഹോള്‍ഡറെ ഉപയോഗിച്ചിരുന്നെങ്കില്‍ പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ ചിലപ്പോള്‍ നേരത്തെ പൊളിക്കാന്‍ സാധിക്കുമായിരുന്നു. പഞ്ചാബ് ഓപ്പണര്‍മാര്‍ 90 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് മടങ്ങിയത്. പ്രഭ്‌സിംറാന്‍ സിങ്ങിനെ പുറത്താക്കി ഹോള്‍ഡറാണ് ഈ കൂട്ടുകെട്ട് പൊളിച്ചതും. ഹോള്‍ഡറെ നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിനായില്ലെന്നതാണ് സത്യം.
പഞ്ചാബ് ബാറ്റിങ്ങിന്റെ അവസാന ഓവറിലാണ് ജോസ് ബട്‌ലറുടെ വിരലിന് പരിക്കേറ്റത്. ഇതോടെ ഓപ്പണിങ്ങില്‍ ബട്‌ലര്‍ ഇറങ്ങിയത്. യശ്വസി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനാണ് ഓപ്പണറായെത്തിയത്. ഈ തീരുമാനം പാളി. മത്സരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായ മണ്ടന്‍ തീരുമാനമായിരുന്നു ഇത്. നാല് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെയാണ് അശ്വിന്‍ പുറത്തായത്. 11 റണ്‍സില്‍ യശ്വസി ജയ്‌സ്വാള്‍ മടങ്ങിയതിന് പിന്നാലെയാണ് അശ്വിനും പുറത്തായത്.
തുടരെ തുടരെ രണ്ട് വിക്കറ്റ് വീണതോടെ രാജസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി. ഈ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ സഞ്ജുവിനും സംഘത്തിനുമായില്ല. അശ്വിന് പകരം ദേവ്ദത്ത് പടിക്കലിനെയായിരുന്നു രാജസ്ഥാന്‍ ഓപ്പണറാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തരമൊരു മികച്ച തീരുമാനമെടുക്കാന്‍ സഞ്ജുവിനായില്ല. ഇത്രയും വലിയ ടോട്ടല്‍ പിന്തുടരുന്ന മത്സരത്തില്‍ ഓപ്പണറായി അശ്വിനെ ഇറക്കിയത് ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സഞ്ജുവിനെതിരേ ഉയരുന്ന മറ്റൊരു പ്രധാന വിമര്‍ശനം മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലിനെയും കെഎം ആസിഫിനെയും അമിതമായി പിന്തുണക്കുന്നുവെന്നതാണ്. കുല്‍ദീപ് സെന്‍ രാജസ്ഥാനൊപ്പമുണ്ട്. എന്നിട്ടും കെ എം ആസിഫ് പ്ലേയിങ് 11ലെത്തുന്നത് മലയാളി താരമെന്ന പരിഗണനയിലാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിനെതിരേ നാല് ഓവറില്‍ 54 റണ്‍സാണ് ആസിഫ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനുമായില്ല.
ദേവ്ദത്ത് പടിക്കല്‍ 26 പന്തില്‍ 21 റണ്‍സുമായി രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി മാറുകയും ചെയ്തു. ദേവ്ദത്തിനെ പുറത്തിരുത്തി ദ്രുവ് ജൂറലിനെ രാജസ്ഥാന്‍ പ്ലേയിങ് 11 പരിഗണിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിന് നായകന്‍ സഞ്ജു തന്നെ ധീരമായ തീരുമാനം എടുക്കേണ്ടതായുണ്ട്. പഞ്ചാബിനെതിരേ സഞ്ജുവിന്റെ ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡിങ് വിന്യാസവും മികച്ചതായിരുന്നില്ല.