ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡുകള്‍ നേടിയെടുത്ത് സഞ്ജു സാംസണ്‍. പഞ്ചാബിന്റെ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ്.
3098 റണ്‍സ് നേടിയ മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയെയാണ് സഞ്ജു മറികടന്നത്. രാജസ്ഥാനിലൂടെ വളര്‍ന്ന സഞ്ജു അഭിമാന നേട്ടം തന്നെയാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍വേട്ടക്കാരിലെ രാജാവായി സഞ്ജുവുണ്ടാവും. ഷെയ്ന്‍ വാട്‌സണ്‍ (2474), ജോസ് ബട്‌ലര്‍ (2377) എന്നിവരാണ് ഈ റെക്കോഡില്‍ മൂന്നും നാലും സ്ഥാനത്തുള്ളത്.

ഐപിഎല്‍ കരിയറില്‍ സഞ്ജു കൂടുതല്‍ മത്സരം കളിച്ചതും രാജസ്ഥാനായാണ്. രാജസ്ഥാന് രണ്ട് വര്‍ഷം വിലക്ക് നേരിട്ടപ്പോള്‍ ഡല്‍ഹിക്കായും സഞ്ജു കളിച്ചിരുന്നു. 2021ല്‍ രാജസ്ഥാന്റെ നായകസ്ഥാനത്തേക്കെത്തിയ സഞ്ജു നായകനെന്ന നിലയിലും മറ്റൊരു വമ്പന്‍ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 33 ഇന്നിങ്‌സില്‍ നിന്ന് നായകനായി 1000 റണ്‍സ് പിന്നിട്ടിരിക്കുകയാണ് സഞ്ജു.
ക്യാപ്റ്റന്‍സി ലഭിച്ചപ്പോഴും തന്റെ ബാറ്റിങ് മികവ് പിന്നോട്ട് പോവാതെ നോക്കാന്‍ സഞ്ജുവിനായി. 16ാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ തോല്‍പ്പിച്ചപ്പോള്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി സഞ്ജു തിളങ്ങിയിരുന്നു. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരേ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനാവാതെ സഞ്ജുവിന് മടങ്ങേണ്ടി വന്നു. 25 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 42 റണ്‍സാണ് സഞ്ജു നേടിയത്.

168 സ്‌ട്രൈക്കറേറ്റിലായിരുന്നു മലയാളി താരത്തിന്റെ ബാറ്റിങ്. നതാന്‍ ഇല്ലിസിനെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പിഴക്കുകയായിരുന്നു. രാജസ്ഥാന്റെ ടോപ് ഓഡര്‍ ഫ്‌ളോപ്പായ മത്സരത്തില്‍ ഒറ്റക്ക് ടീമിനായി പൊരുതി നോക്കിയ സഞ്ജുവിന് പക്ഷെ ടീമിന്റെ വിജയം ഉറപ്പിക്കാനാവാതെ മടങ്ങേണ്ടി വന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സഞ്ജു തന്റെ ഫിനിഷിങ് മികവ് മെച്ചപ്പെടുത്തേണ്ടതായുണ്ട്.
സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ സഞ്ജു മിടുക്കനാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയില്‍ അവസരം ലഭിച്ചാല്‍ എത്രത്തോളം ഫിനിഷിങ് മികവ് കാട്ടാനാവുമെന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇന്ന് ആ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ടായിരുന്നെങ്കിലും മുതലാക്കാന്‍ താരത്തിന് സാധിക്കാതെ പോയി.

ഈ വര്‍ഷം ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ സ്ഥിരതയാര്‍ന്ന പ്രകടനം വേണം. നിലവില്‍ സഞ്ജുവിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ എത്രമാത്രം ഇതേ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
പഞ്ചാബിനെതിരേ രാജസ്ഥാന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബ് ബാറ്റിങ്ങിന്റെ അവസാന ഓവറില്‍ പരിക്കേറ്റതിനാല്‍ ജോസ് ബട്‌ലര്‍ ഓപ്പണറായില്ല. പകരം യശ്വസി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനാണ് ഓപ്പണറായെത്തിയത്. ജയ്‌സ്വാള്‍ 11നും പിന്നാലെ അശ്വിന്‍ ഡെക്കിനും പുറത്തായതോടെ രാജസ്ഥാന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ജോസ് ബട്‌ലര്‍ (19) ദൗര്‍ഭാഗ്യമായി മടങ്ങിയതും രാജസ്ഥാനെ നിരാശപ്പെടുത്തി.
ദേവ്ദത്ത് പടിക്കല്‍ (26 പന്തില്‍ 21) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത സഞ്ജു സാംസണിന്റെ തീരുമാനം തെറ്റിയെന്ന് പറയാം. പഞ്ചാബിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ശിഖര്‍ ധവാനായി. പ്രഭ്‌സിംറാന്‍ സിങ്ങും ഫിഫ്റ്റിയോടെ മിന്നിച്ചതോടെ 197 എന്ന വമ്പന്‍ ടോട്ടലിലേക്ക് പഞ്ചാബ് എത്തുകയായിരുന്നു.