ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തട്ടകത്തില്‍ രാജസ്ഥാന്റെ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ അഞ്ച് റണ്‍സിന്റെ ജയം പഞ്ചാബ് നേടിയെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടാനായത്.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 72 റണ്‍സിന്റെ ജയം നേടിയ രാജസ്ഥാന് പഞ്ചാബിനോട് പൊരുതിത്തോല്‍ക്കേണ്ടി വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. രാജസ്ഥാന്റെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടമെങ്കിലും ചില പ്രധാന വീഴ്ചകള്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായത് ആരാധകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. അതിലൊന്നാണ് ആര്‍ അശ്വിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം.

പഞ്ചാബ് കിങ്‌സ് ബാറ്റിങ്ങിന്റെ അവസാന ഓവറില്‍ ഷാരൂഖ് ഖാന്റെ ക്യാച്ചെടുക്കവെയാണ് ജോസ് ബട്‌ലര്‍ക്ക് പരിക്കേറ്റത്. ഇതോടെ ഓപ്പണറായി യശ്വസി ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസണെയാണ് രാജസ്ഥാന്‍ ഇറക്കിയത്. 198 പോലൊരു വമ്പന്‍ ടോട്ടല്‍ പിന്തുടരവെയാണ് രാജസ്ഥാന്‍ ഇത്തരമൊരു അനാവശ്യ പരീക്ഷണത്തിന് മുതിര്‍ന്നത്. ഇത് തിരിച്ചടിയായി മാറുന്നതാണ് കണ്ടത്. ബട്‌ലറുടെ അഭാവത്തില്‍ ജയ്‌സ്വാളിന് വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
11 റണ്‍സില്‍ ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ അശ്വിനും മടങ്ങി. നാല് പന്ത് നേരിട്ട് ഒരു റണ്‍സ് പോലുമെടുക്കാതെയാണ് അശ്വിന്‍ പുറത്തായത്. തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീണതോടെ രാജസ്ഥാന്റെ കണക്കുകൂട്ടല്‍ പിഴച്ചു. അശ്വിനില്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ പദ്ധതികള്‍ പാളി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു സാഹചര്യത്തിലും അശ്വിനെ ഓപ്പണറാക്കി ഇറക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

അശ്വിന് പകരം ദേവ്ദത്തിനെ ഓപ്പണറാക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അശ്വിന്റെ ഫിനിഷിങ് മികവ് ഓപ്പണറെന്ന നിലയിലേക്കാളും മികച്ചതാണ്. അതുകൊണ്ട് തന്നെ അശ്വിനെ ഫിനിഷറായിത്തന്നെ കളിപ്പിക്കാമായിരുന്നു. അതേ സമയം ദേവ്ദത്ത് മധ്യനിരയില്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ കഴിവില്ലാത്ത താരമാണ്. അതുകൊണ്ട് തന്നെ ദേവ്ദത്തിനെ ഓപ്പണറാക്കാമായിരുന്നു. ഓപ്പണറെന്ന നിലയില്‍ ദേവ്ദത്തിന് അനുഭവസമ്പത്തുണ്ട്.
ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ദേവ്ദത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ അശ്വിനെ ഓപ്പണിങ്ങില്‍ പിന്തുണച്ച് ദേവ്ദത്തിനെ മധ്യനിരയില്‍ കളിപ്പിച്ചതാണ് തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകരുടെ നിലപാട്. അശ്വിനെ ഓപ്പണറാക്കിയാല്‍ വലിയ പ്രകടനം നടത്തുമെന്നത് ആരുടെ ബുദ്ധിയാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കുമാര്‍ സംഗക്കാരയും സഞ്ജു സാംസണും ഉണ്ടായിട്ടും ഇത്തരമൊരു മണ്ടന്‍ തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബിയില്‍ ഓപ്പണറായി സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ദേവ്ദത്ത്. 198 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങുമ്പോള്‍ മികച്ച തുടക്കം ലഭിക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അശ്വിനെ ഓപ്പണറാക്കിയത്.

ഇതിലും വലിയ മണ്ടത്തരമില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ദേവ്ദത്തിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചപ്പോള്‍ 26 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. ദേവ്ദത്തിന്റെ ഈ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി മാറിയതും. ഷിംറോന്‍ ഹെറ്റ്‌മെയറും ദ്രുവ് ജൂറലും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിന് തൊട്ടടുത്തേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ദേവ്ദത്ത് പാഴാക്കി കളഞ്ഞ പന്തുകളാണ് കളി തോല്‍പ്പിച്ചത്.
ദേവ്ദത്തിനെ ഓപ്പണറാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. ചിലപ്പോള്‍ ഫിനിഷര്‍ റോളില്‍ ആര്‍ അശ്വിന് കളി ജയിപ്പിക്കാനും സാധിക്കുമായിരുന്നു. അശ്വിന്‍ ബൗളിങ്ങില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. ഈ മികവ് ബാറ്റിങ്ങിലും കാട്ടുമെന്ന് കണക്കുകൂട്ടിയതാണ് മണ്ടത്തരമെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമാണിതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.