ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ദേവ്ദത്ത് പടിക്കലിന്റെ ഫ്‌ളോപ്പ് ഷോ തുടരുന്നു. ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള ദേവ്ദത്ത് പഞ്ചാബ് കിങ്‌സിനെതിരേ മോശം ഫീല്‍ഡിങ്ങും കാഴ്ചവെച്ചതോടെ ആരാധകര്‍ കലിപ്പിലാണ്. മലയാളി താരമായതിനാലാണ് ദേവ്ദത്ത് ടീമിലെത്തിയതെന്നും സഞ്ജു സാംസണ്‍ അനാവശ്യ പിന്തുണയാണ് ദേവ്ദത്തിന് നല്‍കുന്നതെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
ട്രന്റ് ബോള്‍ട്ടിന്റെ ഓവറില്‍ ഫീല്‍ഡിങ് പിഴവ് വരുത്തിയ ദേവ്ദത്ത് 44 റണ്‍സില്‍ നില്‍ക്കെ പ്രഭ്‌സിംറാന്‍ സിങ്ങിന്റെ ക്യാച്ചും പാഴാക്കി. തല്ലിത്തകര്‍ത്ത പ്രഭ്‌സിംറാന്‍ സിങ്ങിനെ ജേസന്‍ ഹോള്‍ഡറിന്റെ ഓവറില്‍ മടക്കാന്‍ ലഭിച്ച അവസരമാണ് ദേവ്ദത്ത് കാരണം നഷ്ടമായത്. കൈയിലൊതുക്കുക അല്‍പ്പം പ്രയാസമുള്ള ക്യാച്ചായിരുന്നു. എന്നാല്‍ റണ്ണൊഴുകുന്ന പിച്ചില്‍ ഇത്തരം സാഹസിക ക്യാച്ചുകളും കൈയിലൊതുക്കേണ്ടതായുണ്ട്.

ദേവ്ദത്തിനെ പ്ലേയിങ് 11പരിഗണിക്കേണ്ടതില്ലായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതിനാല്‍ രാജസ്ഥാന്‍ മറ്റൊരു ഓള്‍റൗണ്ടറെ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമായിരുന്നു. ആവിശ്യമെങ്കില്‍ ദേവ്ദത്തിനെ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ദേവ്ദത്ത് ബാറ്റിങ്ങിലും ഫ്‌ളോപ്പായിരുന്നു.
ടീമിന് യാതൊരു ഉപകാരവുമില്ലാത്ത താരമാണ് ദേവ്ദത്ത്. മികച്ച സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്താന്‍ കഴിവില്ല. ആര്‍സിബിയുടെ ഓപ്പണറായിരുന്ന ദേവ്ദത്ത് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് 130ല്‍ താഴെയാണ്. രാജസ്ഥാന്റെ മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവില്ലാത്ത താരമാണ് ദേവ്ദത്ത്. എന്നിട്ടും എന്തിനാണ് ദേവ്ദത്തിനെ പരിഗണിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

സഞ്ജു സാംസണിനെതിരെയാണ് ആരാധകര്‍ വിരല്‍ ചൂണ്ടുന്നത്. മലയാളി താരമാണ് ദേവ്ദത്ത്. അതിന്റെ സ്‌നേഹം സഞ്ജു കാട്ടുന്നതിനാലാണ് താരം പ്ലേയിങ് 11ലെത്തുന്നത്. ദേവ്ദത്ത് അവസാന സീസണില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും ഇത്തവണയും ടീമില്‍ നിലനിര്‍ത്തിയതിന് പിന്നില്‍ സഞ്ജുവാണെന്നും താരങ്ങളുടെ പ്രകടനം വിലയിരുത്തി സഞ്ജു പിന്തുണക്കണമെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
മറ്റൊരു മലയാളി താരമാണ് കെ എം ആസിഫ്. മുന്‍ സിഎസ്‌കെ താരത്തെ ഇത്തവണ ആദ്യ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിരുന്നു. ആസിഫിനെ ന്യൂബോളില്‍ ഉപയോഗിക്കുമ്പോള്‍ നന്നായി തല്ലുവാങ്ങുന്നു. പഞ്ചാബിനെതിരേ പവര്‍പ്ലേയില്‍ രണ്ട് ഓവറില്‍ 28 റണ്‍സാണ് താരം വഴങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും.
ജേസന്‍ ഹോള്‍ഡറെപ്പോലൊരു താരം ടീമിലുള്ളപ്പോള്‍ പവര്‍പ്ലേയില്‍ ഹോള്‍ഡറെ കൂടുതല്‍ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. നന്നായി സ്ലോ ബോളും കട്ടറുകളും എറിയുന്ന താരമാണ് ഹോള്‍ഡര്‍. പ്രഭ്‌സിംറാന്‍ സിങ് വലിയ ഷോട്ടുകള്‍ തുടര്‍ച്ചയായി കളിക്കുന്ന സാഹചര്യത്തില്‍ ഹോള്‍ഡറെ പവര്‍പ്ലേയില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ വിക്കറ്റ് നേടാന്‍ സാധിക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

ആരാധകരുടെ വിലയിരുത്തല്‍ ശരിയാണെന്ന് തെളിയിച്ചാണ് പ്രഭ്‌സിംറാന്‍ സിങ്ങിനെ ഹോള്‍ഡര്‍ പുറത്താക്കിയത്. ഹോള്‍ഡറുടെ എക്‌സ്ട്രാ ബൗണ്‍സ് സ്ലോ ബോളില്‍ വലിയ ഷോട്ടിന് ശ്രമിച്ച പ്രഭ്‌സിംറാനെ ജോസ് ബട്‌ലര്‍ ഗംഭീര ക്യാച്ചിലൂടെയാണ് മടക്കിയത്. 34 പന്തില്‍ 7 ഫോറും 3 സിക്‌സുമടക്കം 60 റണ്‍സ് നേടിയാണ് പ്രഭ്‌സിംറാന്‍ പുറത്തായത്. ഹോള്‍ഡറെ പവര്‍പ്ലേയില്‍ കൂടുതല്‍ ഉപയോഗിക്കാത്തത് സഞ്ജുവിന്റെ പിഴവ് തന്നെയാണ്.
ഗുവാഹത്തിയില്‍ റണ്‍സ് നന്നായി ഒഴുകും. അതുകൊണ്ട് തന്നെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കേണ്ടതായുണ്ട്. മികച്ച ടി20 ബാറ്റ്‌സ്മാന്‍മാര്‍ പഞ്ചാബിനൊപ്പമുണ്ട്. രാജസ്ഥാന്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രമാണ് പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. ആറാം ബൗളറായി റിയാന്‍ പരാഗിനെ പരിഗണിക്കുന്നതും കടുപ്പം. അതുകൊണ്ട് തന്നെ സഞ്ജു ഒരു എക്‌സ്ട്രാ ബൗളറെക്കൂടി പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതായിരുന്നു.