ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ലഖ്‌നൗവിന്റെ പ്ലേയിങ് 11 എല്ലാവരും കാത്തിരിക്കുന്ന താരമാണ് ക്വിന്റന്‍ ഡീകോക്ക്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഡീകോക്ക് ഐപിഎല്ലിലും ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളാണ്.
സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരം ആദ്യ നിലവില്‍ ലഖ്‌നൗവിനൊപ്പമുണ്ടെങ്കിലും ഈ സീസണില്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കെയ്ല്‍ മെയേഴ്‌സും കെ എല്‍ രാഹുലും ഓപ്പണര്‍മാരായി തുടരുകയാണ്. മെയേഴ്‌സിനെക്കാളും മികച്ച ബാറ്റ്‌സ്മാനായിട്ടും പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുണ്ടായിട്ടും എന്തുകൊണ്ടാണ് ലഖ്‌നൗ ഡീകോക്കിനെ കളിപ്പിക്കാത്തതെന്ന ചോദ്യം ശക്തമാവുകയാണ്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ഡീകോക്കിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍. ടീമിന്റെ വിജയ കൂട്ടുകെട്ട് പൊളിക്കേണ്ടതില്ലാത്തിനാലാണ് ഡീകോക്ക് ബെഞ്ചിലിരിക്കുന്നതെന്ന വിചിത്ര വാദമാണ് രാഹുല്‍ പറയുന്നത്. പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താനാവാതെ ലഖ്‌നൗ പ്രയാസപ്പെടുന്ന സാഹചര്യത്തിലും ഡീകോക്ക് ബെഞ്ചിലിരിക്കുന്നതില്‍ വിമര്‍ശനം ശക്തമാണ്.
ഇതിനിടെയാണ് ഡീകോക്കിനെ ടീം തന്ത്രത്തിന്റെ ഭാഗമായാണ് കളിപ്പിക്കാത്തതെന്ന തുറന്ന് പറച്ചിലുണ്ടായിരിക്കുന്നത്. ഇതോടെ രാഹുലിനെതിരേയും ഗൗതം ഗംഭീറിനെതിരേയുമെല്ലാം വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 'ബാറ്റുകൊണ്ടും പന്തുകൊണ്ടും എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ ടീമിനുണ്ട്. നിലവില്‍ ടീമിന്റെ ഇടത്-വലത് കൂട്ടുകെട്ട് മികച്ചതാണ്. ഇത് നിലനിര്‍ത്തി മുന്നോട്ട് പോകേണ്ടതായുണ്ട്. ക്വിന്റന്‍ പുറത്തുതന്നെ ഇരിക്കും.
അവസരത്തിനായി ഇനിയും കാത്തിരിക്കണം. നാല് വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാന്‍ സാധിക്കുക. അതുകൊണ്ട് ഡീകോക്ക് പുറത്തിരിക്കണം. മെയേഴ്‌സ് നന്നായി കളിക്കുന്നുണ്ട്' എന്നാണ് രാഹുല്‍ ടോസിനിടെ പ്രതികരിച്ചത്. ഡീകോക്കിന് പരിക്കോ മറ്റ് പ്രശ്‌നങ്ങളോയില്ലെന്നും ടീം മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം ഡീകോക്കിനെ കളിപ്പിക്കാത്തതാണെന്നും രാഹുലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം.
ഡീകോക്ക് സമീപകാലത്തായി മിന്നും ഫോമിലാണ്. വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയില്‍ വെടിക്കെട്ട് സെഞ്ച്വറിയടക്കം നേടി മിന്നും ഫോമിലാണ് ഡീകോക്ക് ഐപിഎല്ലിനെത്തിയത്. ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ് ഡീകോക്ക്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുണ്ട്. അതുകൊണ്ട് തന്നെ ഡീകോക്കിനെ മാറ്റിനിര്‍ത്തുന്നത് മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്.
നിലവില്‍ ലഖ്‌നൗവിന്റെ വിദേശ താരങ്ങളായി പ്ലേയിങ് 11ലുള്ളത് കെയ്ല്‍ മെയേഴ്‌സ്, നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിണിസ്, മാര്‍ക്ക് വുഡ് എന്നിവരാണ്. രാജസ്ഥാനാനെതിരേ വുഡിന് പകരം അഫ്ഗാന്റെ നവീന്‍ ഉല്‍ ഹഖിനെയാണ് ലഖ്‌നൗ പരിഗണിച്ചിരിക്കുന്നത്. അപ്പോഴും ഡീകോക്കിന് ടീമില്‍ സ്ഥാനമില്ല. ദീപക് ഹൂഡയെപ്പോലെ മോശം ഫോമിലുള്ളവരെ വീണ്ടും വീണ്ടും ലഖ്‌നൗ പരിഗണിക്കുകയാണ്.

ഈ സാഹചര്യത്തിലും ഡീകോക്കിന് ടീമില്‍ അവസരമില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിനായി മാത്രമെങ്കിലും ഡീകോക്കിനെ പരിഗണിക്കണമെന്നും ഫോമിലേക്കെത്താന്‍ ഇപ്പോഴേ അവസരം നല്‍കേണ്ടതായുണ്ടെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. അവസാന മത്സരങ്ങളിലേക്ക് മാറ്റിവെക്കുന്നത് മണ്ടത്തരമായി മാറുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാഹാദ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് ഡീകോക്ക്. 92 മത്സരത്തില്‍ നിന്ന് 32.14 ശരാശരിയില്‍ 2764 റണ്‍സാണ് അദ്ദേഹം നേടിയത്. 133.91 സ്‌ട്രൈക്കറേറ്റുള്ള ഡീകോക്കിന്റെ പേരില്‍ രണ്ട് സെഞ്ച്വറിയും 19 ഫിഫ്റ്റിയുമുണ്ട്. എന്നിട്ടും ഡീകോക്ക് പുറത്തിരിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമായ കാര്യം. നിക്കോളാസ് പൂരനെക്കാളും വിശ്വസ്തനാണ് ഡീകോക്കെന്ന് നിസംശയം പറയാം.