ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ത്രില്ലിങ് മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണിനും എവിടെയാണ് പിഴവ് പറ്റിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ബൗളിങ് നന്നായി ചെയ്‌തെങ്കിലും ബാറ്റിങില്‍ സംഭവിച്ച ചില പിശകുകളാണ് ടീമിന്റെ പരാജയത്തിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നും ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഒരു പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം പറയുന്നു. റോയല്‍സും ലഖ്‌നൗവും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു കനേരിയ.

ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്‌സ്വാളിന്റെയും ബാറ്റിങാണ് റണ്‍ചേസില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സ് സ്ലോയാക്കിയത്. ഈ കാരണത്താലാണ് ഇന്നിങ്‌സിന്റെ അവസാനത്തേക്കു റോയല്‍സിനു ബുദ്ധിമുട്ടുകള്‍ നേരിട്ടത്. വളരെ നന്നായി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ ഓപ്പണിങ് ജോടി ഇന്നിങ്‌സിനു വേഗത കൂട്ടുമെന്നു നമുക്ക് പല തവണ തോന്നിയെങ്കിലും അതു സംഭവിച്ചില്ല. ഈ തരത്തിലുള്ള ബാറ്റിങ് വളരെ അപൂര്‍വ്വമായി മാത്രമേ ബട്‌ലര്‍ കളിക്കാറുള്ളൂ. ഈ മല്‍സരത്തില്‍ അദ്ദേഹം ഒരിക്കല്‍പ്പോലും ആക്രമണോത്സുകതയോടെ കളിക്കുന്നത് കാണാനായില്ലെന്നും കനേരിയ വിലയിരുത്തി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ജോസ് ബട്‌ലര്‍ക്കു ബാറ്റിങില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്ന ഏരിയയിലാണ് അവര്‍ ബൗള്‍ ചെയ്തത്. ഗുഡ് ലെങ്ത്തിനും ഷോര്‍ട്ട് ഓഫ് ലെങ്ത്തിനും ഇടയില്‍ വരുന്ന ബോളുകള്‍ നേരിടുമ്പോള്‍ അദ്ദേഹം പതറാറുണ്ട്.
ഇവിടെ തന്നെ നിരന്തരം ബൗള്‍ ചെയ്ത് ബൗളര്‍മാര്‍ ബട്‌ലറെ സമ്മര്‍ദ്ദത്തിലുമാക്കി. മറ്റേതു ലെങ്ത്തില്‍ ബൗള്‍ ചെയ്താലും അദ്ദേഹത്തിനു അനായാസം ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കും. പക്ഷെ ബട്‌ലറുടെ വീക്ക്‌നെസ് മനസ്സിലാക്കിയ ലഖ്‌നൗ അതിനു അനുസരിച്ചാണ് പ്ലാനിങ് നടത്തിയതെന്നും ഡാനിഷ് കനേരിയ വിശദീകരിച്ചു.
യശസ്വി ജയ്‌സ്വാള്‍ പുറത്തായ ശേഷമാണ് മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. റോയല്‍സ് അപ്പോള്‍ 11.3 ഓവറില്‍ 87 റണ്‍സെന്ന നിലയിലായിരുന്നു. സഞ്ജു കുറച്ചു കൂടി സമയമെടുത്ത് ക്രീസില്‍ പിടിച്ചുനില്‍ക്കേണ്ടത് ആവശ്യമായിരുന്നു. റണ്ണൗട്ടെന്നത് ക്രൈം തന്നെയാണ്. അവിടെ സിംഗിളാനായി കോള്‍ ചെയ്യാനുളള ജോസ് ബട്‌ലറുടെ തീരുമാനം ശരിയായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല.

അതിനു മുമ്പ് ജയസ്വി ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യവെയും കോളിന്റെ കാര്യത്തില്‍ ബട്‌ലര്‍ ബുദ്ധിമുട്ടിയിരുന്നതായി കാണാന്‍ സാധിക്കും. പക്ഷെ ക്രീസിലെത്തിയ ശേഷം സഞ്ജു ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നു. നേരത്തേ തന്നെ ക്രീസിലെത്തി പിച്ചുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ ബട്‌ലറോടു അഗ്രസീവായി ബാറ്റ് ചെയ്ത് സ്‌കോറിങിനു വേഗത കൂട്ടാന്‍ സഞ്ജുവിന് ആവശ്യപ്പെടാമായിരുന്നു.
താന്‍ സിംഗിളുകളും ഡബിളുകളുമെടുക്കാമെന്നും അദ്ദേഹത്തോടു പറയാമായിരുന്നു. എത്രത്തോളം കളി അവസാനത്തേക്കു കൊണ്ടു പോകുന്നുവോ അത്രത്തോളം ടീമിനു കാര്യങ്ങള്‍ ദുഷ്‌കരമായി മാറും. അതു തന്നെയാണ് ഈ മല്‍സരത്തിലും സംഭവിച്ചതെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.
സഞ്ജു സാംസണ്‍ റണ്ണൗട്ടയതിനു പിന്നാലെ ജോസ് ബട്‌ലറും മടങ്ങി. പിന്നീട് രാജസ്ഥാന്‍ റോയല്‍സിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇവിടുത്തെ ബൗണ്ടറി വലുതായിരുന്നു. അതുകൊണ്ടു തന്നെ ഈ ഗ്രൗണ്ടില്‍ ബൗണ്ടറികളും സിക്‌സറുകളുമടിക്കുക എളുപ്പവുമായിരുന്നില്ല. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ അതിവേഗം സിംഗിളുകളും ഡബിളുമെടുത്ത് സ്‌കോറിങിനു റോയല്‍സ് വേഗത കൂട്ടിയിരുന്നെങ്കില്‍ അവസാനത്തേക്കു കാര്യങ്ങള്‍ ഇത്രയും കടുപ്പമായി മാറില്ലായിരുന്നു.
ഒരു സമയത്തു റോയല്‍സിനു കളിയില്‍ എളുപ്പം വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതിയിരുന്നത്. അവര്‍ വളരെ നന്നായിട്ട് തന്നെ ഈ മല്‍സരത്തില്‍ കളിച്ചിരുന്നു. പക്ഷെ ബാറ്റിങില്‍ വളരെ മോശം പ്രകടനമാണ് റോയല്‍സ് കാഴ്ചവച്ചത്. തുടക്കം മുതല്‍ സ്‌കോറിങിനു വേഗത കുറച്ചു കൊണ്ടിരുന്നതോടെ അവര്‍ക്കു പരാജയത്തെ അഭിമുഖീകരിക്കേണ്ടി വന്നവെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.