ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ മിന്നല്‍ കീപ്പിങ്ങുമായി സഞ്ജു സാംസണ്‍. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ ലഖ്‌നൗവിന്റെ നിക്കോളാസ് പൂരനെ റണ്ണൗട്ടാക്കിയ കിടിലന്‍ ത്രോയിലൂടെയാണ് സഞ്ജു കൈയടി നേടുന്നത്. ഗ്ലൗസ് പോലും ഊരാതെ സഞ്ജു തൊടുത്ത ത്രോയില്‍ പൂരന്‍ സ്‌ട്രൈക്കിലേക്കോടിയെത്തുന്നതിന് മുമ്പ് സ്റ്റംപ് തെറിക്കുകയായിരുന്നു.
സന്ദീപ് ശര്‍മയുടെ പന്ത് ക്രുണാല്‍ പാണ്ഡ്യക്ക് ബാറ്റില്‍ കൊള്ളിക്കാനാവാതെ പോയതോടെ നേരിട്ട് സഞ്ജുവിന്റെ കൈയിലേക്ക്. സ്‌ട്രൈക്കിലേക്കെത്താന്‍ പൂരന്‍ അതിവേഗം ഓടിയെത്തിയെങ്കിലും മിന്നല്‍ ത്രോയിലൂടെ സഞ്ജു മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. അവസാന പന്തില്‍ സിക്‌സര്‍ നേടാന്‍ കഴിവുള്ള താരമാണ് പൂരനെന്നിരിക്കെ നായകനെന്ന നിലയില്‍ ടീമിന് നിര്‍ണ്ണായക റണ്‍സുകള്‍ സേവ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

എംഎസ് ധോണിയുടെ സ്റ്റംപിങ്ങും റണ്ണൗട്ടും പോലും തനിക്കും ഇതെല്ലാം വശമുണ്ടെന്ന് കൃത്യമായി കാട്ടിക്കൊടുക്കുകയാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴയുന്ന സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ബാറ്റുകൊണ്ടും കീപ്പിങ്ങുകൊണ്ടും സഞ്ജു വിസ്മയമാവുകയാണ്. ഗ്ലൗസ് പോലും ഊരാതെയാണ് സഞ്ജു ത്രോ ചെയ്ത് റണ്ണൗട്ടാക്കിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുക്കാനും സഞ്ജുവിന് സാധിച്ചു. പവര്‍പ്ലേയില്‍ കെ എല്‍ രാഹുലിനെ രണ്ട് തവണ ഫീല്‍ഡര്‍മാര്‍ കൈവിട്ടതോടെ ഒന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ലഖ്‌നൗവിനായി. 10.4 ഓവറില്‍ ഒരു വിക്കറ്റിന് 82 എന്ന നിലയില്‍ നിന്ന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 എന്ന നിലയിലേക്ക് ലഖ്‌നൗവിനെ തളച്ചിടാന്‍ സഞ്ജുവിനായി.

മൂന്നാമനായി ലഖ്‌നൗ ആയുഷ് ബദോനിയെ ഇറക്കിയപ്പോള്‍ ട്രന്റ് ബോള്‍ട്ടിന്റെ നാലാം ഓവറും എറിയിച്ച് ബദോനിയെ മടക്കിയത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവാണ്. ആര്‍ അശ്വിനെ ഗംഭീരമായി ഉപയോഗിക്കാനും സഞ്ജുവിന് സാധിച്ചു. കെയ്ല്‍ മെയേഴ്‌സിനെ അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തും ദീപക് ഹൂഡയെ (2) നിലയുറപ്പിക്കും മുമ്പ് മടക്കിയും അശ്വിന്‍ രാജസ്ഥാന് തിരിച്ചുവരവിന് വഴിയൊരുക്കി.
19ാം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ 19 റണ്‍സ് വഴങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് റണ്ണൊഴുക്ക് പിടിച്ചുകെട്ടാന്‍ സഞ്ജുവിനായി. നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവര്‍ വമ്പനടിക്കാരായ താരങ്ങളാണ്. ഇരുവരേയും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജു അനുവദിച്ചില്ല. സ്റ്റോയിണിസ് 16 പന്തില്‍ 21 റണ്‍സും പൂരന്‍ 20 പന്തില്‍ 29 റണ്‍സുമാണ് നേടിയത്.
തുടക്കത്തില്‍ രാജസ്ഥാന്‍ താരങ്ങള്‍ നിരവധി ഫീല്‍ഡിങ് പിഴവ് വരുത്തിയപ്പോഴും ശാന്തത കൈവിടാതെ മത്സരത്തെ നിയന്ത്രിച്ച സഞ്ജു തന്റെ ക്യാപ്റ്റന്‍സി മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അവസാന സീസണില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചത് ഭാഗ്യംകൊണ്ടല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കുകയാണ് സഞ്ജു. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജു അര്‍ഹിക്കുന്നുണ്ട്.