ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പരാജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത്. ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരം റോയല്‍സിനു കൈവിടേണ്ടി വരികയായിരുന്നു. അനായാസം ചേസ് ചെയ്യാമായിരുന്ന 155 റണ്‍സിന്റെ വിജയലക്ഷയമായിരുന്നു റോയല്‍സിനു അവരുടെ ഹോംഗ്രൗണ്ടില്‍ ലഖ്‌നൗ നല്‍കിയത്.
പക്ഷെ ആറു വിക്കറ്റിനു 144 റണ്‍സെടുത്ത് റോയല്‍സ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. മല്‍സരത്തില്‍ റോയല്‍സിനു എവിടെയാണ് പിഴവു പറ്റിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്നന്ന് മികച്ച തുടക്കം നല്‍കിയ ശേഷമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മല്‍സരം കൈവിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ 87 റണ്‍സ് 11.3 ഓവറില്‍ ഈ ജേടി കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നീട് 20 റണ്‍സിനുള്ളില്‍ നാലു വിക്കറ്റുകള്‍ റോയല്‍സ് നഷ്ടപ്പെടുത്തി. സഞ്ജുവിന്റെ നിര്‍ഭാഗ്യകരമായ പുറത്താവലും ഇതിലുള്‍പ്പെടുന്നു. നാലു ബോളില്‍ രണ്ടു റണ്ണെടുത്ത അദ്ദേഹം ബട്‌ലറുമായുള്ള ആശയക്കുഴപ്പം കാരണം വിക്കറ്റ് കൈവിടുകയായിരുന്നു.
പരാജയത്തില്‍ നിരാശയുണ്ടെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. തീര്‍ച്ചയായും നല്ലൊരു ഫീല്‍ അല്ല ഇപ്പോഴുള്ളത്. എങ്കിലും ഓക്കെയാണ്. ജയ്പൂരിലെ ആദ്യത്തെ മല്‍സരത്തില്‍ ജയിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ തീര്‍ച്ചയായും ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോവും. ഞങ്ങളുടെ ബാറ്റിങ് ലൈനപ്പ് നോക്കുമ്പോള്‍ ചേസ് ചെയ്യാവുന്ന സ്‌കോറായിരുന്നു ഇത്. പക്ഷെ അവര്‍ വളരെ നന്നായി ബൗള്‍ ചെയ്തു. സാഹചര്യങ്ങള്‍ വളരെ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.
വ്യക്തിപരമായി ഞാന്‍ ഇതുപോലെ ചിലതു പ്രതീക്ഷിച്ചരുന്നു. സ്ലോയായ വിക്കറ്റായിരുന്നു ഞാന്‍ ഇവിടെ പ്രതീക്ഷിച്ചത്, അതു തന്നെ ലഭിക്കുകയും ചെയ്തു. ഇത്തരം പിച്ചുകളില്‍ നിങ്ങള്‍ സ്മാര്‍ട്ട് ക്രിക്കറ്റ് കളിച്ചേ തീരൂ. റണ്‍ചേസില്‍ ഒമ്പതാമത്തെ ഓവര്‍ വരെ ഞങ്ങള്‍ അങ്ങനെ തന്നെയായിരുന്നു കളിച്ചത്. യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനു ശേഷം ഞങ്ങള്‍ക്കു വലിയൊരു കൂട്ടുകെട്ട് ആവശ്യമായിരുന്നു. ലഖ്‌നൗ വളരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്തു.
ഞങ്ങള്‍ കളിയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം വിക്കറ്റുകള്‍ നഷ്ടമായെന്നു ഞാന്‍ കരുതുന്നു. അവരുടെ ബൗളിങ് കണക്കിലെടുക്കുമ്പോള്‍ ഇവിടെ അഞ്ചോവറില്‍ 50 റണ്‍സെടുക്കുകയെന്നത് കടുപ്പമാണ്. നിങ്ങള്‍ ജയിച്ചാലും, തോറ്റാലും പലതും പഠിക്കാന്‍ സാധിക്കും. അതാണ് ഈ ഗെയിമിന്റെ സൗന്ദര്യം.
ഈ മല്‍സരത്തില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 150 റണ്‍സില്‍ ഒതുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചത് നല്ല കാര്യമാണ്. ബൗളിങിന്റെയും ബാറ്റിങിന്റെയും ഭാഗത്തു നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എത്ര ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റാണ് ഞങ്ങള്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നു എല്ലാവര്‍ക്കുമറിയാം. ഈ തോല്‍വിയില്‍ നിന്നും മുന്നോട്ടുപോയി കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്റ് ഞങ്ങള്‍ കളിക്കേണ്ടതുണ്ടെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.