മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറെന്ന നിലയില്‍ തല്ലിത്തര്‍ക്കുകയാണ് താരം. 12 മത്സരത്തില്‍ നിന്ന് 575 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ജയ്‌സ്വാളിനായി. ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലൂടെ വളര്‍ന്ന ജയ്‌സ്വാള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയുടെ തൊട്ടടുത്താണെന്ന് പറയാം.
മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള ജയ്‌സ്വാളിന് ഭാവി വാഗ്ദാനമെന്ന് ഇതിനോടകം തന്നെ വിശേഷിപ്പിക്കപ്പെട്ട് കഴിഞ്ഞു. കെകെആറിനെതിരായ മത്സരത്തില്‍ പുറത്താവാതെ 98 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 47 പന്തില്‍ 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാളിന്റെ വെടിക്കെട്ട്. ഇപ്പോഴിതാ തന്റെ പ്രകടനത്തില്‍ വിരാട് കോലി, എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെല്ലാം എങ്ങനെയാണ് സ്വാധീനിച്ചതെന്നും സഞ്ജു സാംസണിന്റെ പിന്തുണയെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ജയ്‌സ്വാള്‍.

ഇതിഹാസങ്ങളോട് സംസാരിക്കുമ്പോള്‍ കിട്ടുന്ന അറിവുകള്‍ വളരെ വലുതാണെന്ന് പറഞ്ഞ ജയ്‌സ്വാള്‍ സഞ്ജു സാംസണെയും ഇതിഹാസങ്ങളോടൊപ്പമാണ് ചേര്‍ത്തിരിക്കുന്നത്. 'എനിക്ക് ചുറ്റുമുള്ള സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ചുറ്റും അനുഭവസമ്പന്നരായ നിരവധി ഇതിഹാസ താരങ്ങളുണ്ട്. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരോടെല്ലാം സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്.
എങ്ങനെ മാനസികമായി ശാന്തനായിരിക്കാം അതിനായി എന്തൊക്കെ ചിന്തിക്കണം എന്നതിന് നല്ല മാതൃകയാണ് സഞ്ജു ഭായ്. എല്ലാവരില്‍ നിന്നും എല്ലായ്‌പ്പോഴും പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എവിടെ മെച്ചപ്പെടുത്താനാവുമെന്നും എങ്ങനെ മത്സരത്തെ നിയന്ത്രിക്കാമെന്നും മനസിലാക്കേണ്ടതായുണ്ട്. ശാരീരികമായതിനെക്കാള്‍ കൂടുതല്‍ മാനസികമായതാണ് ഈ മത്സരം. നിങ്ങള്‍ക്ക് ആ സോണില്‍ എപ്പോഴും നില്‍ക്കാന്‍ സാധിക്കണം'- ജയ്‌സ്വാള്‍ പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് ജോസ് ബട്‌ലര്‍ റണ്ണൗട്ടായത്.
ഇത് ജയ്‌സ്വാളിനെ സമ്മര്‍ദ്ദത്തിലും നിരാശയിലുമാക്കിയിരുന്നു. അവിടെ നിന്ന് താരത്തെ തിരിച്ചുകൊണ്ടുവന്ന് ആത്മവിശ്വാസം നല്‍കിയത് സഞ്ജുവാണ്. ഇന്ത്യന്‍ ടീമില്‍ വലിയ സ്ഥാനമില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. എംഎസ് ധോണിയെപ്പോലെ ശാന്തനായ ക്രിക്കറ്റ് താരമാണ് സഞ്ജു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറാത്ത താരം എപ്പോഴും ശാന്തതയോടെയാണ് കളത്തില്‍ കാണപ്പെടുന്നത്.

കെകെആറിനെതിരായ ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തി വിരാട് കോലിയടക്കം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരായ മത്സരശേഷം വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജയ്‌സ്വാള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ഇപ്പോള്‍ ജയ്‌സ്വാളിന്റെ പ്രകടനത്തെ വാഴ്ത്തി കോലിയും പോസ്റ്റിട്ടിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കണ്ട് അടുത്ത സൂപ്പര്‍ സ്റ്റാറെന്നാണ് രോഹിത് പ്രതികരിച്ചത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്ന് വളര്‍ന്നുവന്ന ജയ്‌സ്വാള്‍ വളരെ കഠിനമായ സാഹചര്യങ്ങളെ മറികടന്നാണ് ക്രിക്കറ്റ് താരമായത്. ഇതിന്റെ മനക്കരുത്ത് താരത്തിനുണ്ട്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരം കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം മികവ് കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. അടിച്ചുകളിക്കാനും വിക്കറ്റ് കാത്ത് കളിക്കാനും കഴിവുള്ള ജയ്‌സ്വാള്‍ വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും.
ഇന്ത്യക്ക് മികച്ചൊരു ഇടം കൈയന്‍ ഓപ്പണറില്ലാതായിട്ട് നാളുകളേറെയായി. സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കെല്ലാം ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറാന്‍ സാധ്യതയുള്ള ഇടം കൈയന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. ഈ സീസണ്‍ അവസാനിക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പ് നേടാനും സാധ്യതയുണ്ട്. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്ന ജയ്‌സ്വാളിന്റെ മികവില്‍ രാജസ്ഥാന്‍ കപ്പടിക്കുമോയെന്ന് കണ്ടറിയാം.