കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ വമ്പന്‍ റെക്കോഡ് തിരുത്തി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. ഐപിഎല്ലിലെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡാണ് ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കിയത്. കെകെആറിന്റെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി വെറും 13 പന്തിലാണ് ജയ്‌സ്വാള്‍ ഫിഫ്റ്റി നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറി പ്രകടനമാണിത്.
കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ട പിച്ചിലാണ് ജയ്‌സ്വാളിന്റെ ഗംഭീര ബാറ്റിങ് പ്രകടനം. ആദ്യ ഓവര്‍ മുതല്‍ ജയ്‌സ്വാള്‍ കടന്നാക്രമിച്ചു. അമിതാത്മവിശ്വാസം കാട്ടി ആദ്യ ഓവറില്‍ പന്തെടുത്ത കെകെആര്‍ നായകന്‍ നിധീഷ് റാണക്ക് പിഴച്ചു. ആദ്യത്തെ രണ്ട് പന്തുകളും സിക്‌സര്‍ പറത്തി നിധീഷിന് മുന്നറിയിപ്പ് നല്‍കിയ ജയ്‌സ്വാള്‍ ഈ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ കൂടി പറത്തി. 26 റണ്‍സാണ് ആദ്യ ഓവറില്‍ത്തന്നെ നേടിയത്.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷിത് റാണയുടെ ഓവറിലെ അവസാന പന്ത് തകര്‍പ്പന്‍ പുള്‍ഷോട്ടിലൂടെ ജയ്‌സ്വാള്‍ സിക്‌സര്‍ പായിച്ചു. മൂന്നാം ഓവര്‍ എറിയാനെത്തിയ ശര്‍ദുല്‍ ഠാക്കൂറിന്റെ ഓവറില്‍ മൂന്ന് തുടര്‍ ബൗണ്ടറികള്‍ നേടിയ ജയ്‌സ്വാള്‍ ഇതേ ഓവറില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയായിരുന്നു. ഈ സീസണില്‍ ഗംഭീര ഫോമില്‍ ബാറ്റ് ചെയ്യുന്ന ജയ്‌സ്വാളിന്റെ മറ്റൊരു മാസ്റ്റര്‍ക്ലാസ് പ്രകടനം തന്നെയാണ് ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറിയത്.
6,6,4,4,2,4,1,4,6,4,4,4,1 എന്നിങ്ങനെയാണ് ആദ്യത്തെ 10 പന്തുകളിലെ ജയ്‌സ്വാളിന്റെ സ്‌കോര്‍. കെ എല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ 14 പന്തില്‍ കുറിച്ച വേഗ ഫിഫ്റ്റിയുടെ റെക്കോഡാണ് ജയ്‌സ്വാള്‍ തിരുത്തിയത്. ഈ സീസണില്‍ സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് വീണ്ടും കൈയടി നേടിയെടുക്കുകയാണ്.

ഐപിഎല്ലിന്റെ ആദ്യ ഓവറില്‍ ഏറ്റവും റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനും ജയ്‌സ്വാളിനായി. കെകെആറിനെതിരേ പൃഥ്വി ഷാ നേടിയ 24 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്. ഇപ്പോള്‍ 26 റണ്‍സുമായി ജയ്‌സ്വാള്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഈ റെക്കോഡില്‍ ആദ്യത്തെ മൂന്ന് സ്ഥാനക്കാരും കെകെആറിനെതിരേയാണ് ആദ്യ ഓവറില്‍ കൂടുതല്‍ റണ്‍സടിച്ചതെന്നതാണ് കൗതുകരമായ കാര്യം.
21 വയസിനുള്ളില്‍ തന്റെ ബാറ്റിങ് പ്രകടനംകൊണ്ട് എല്ലാവരെയും ഞെട്ടിക്കാന്‍ ജയ്‌സ്വാളിനായിരിക്കുന്നു. സീസണിലെ റണ്‍വേട്ടക്കാരില്‍ 500 റണ്‍സ് പിന്നിടാനും ജയ്‌സ്വാളിനായി. ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ജയ്‌സ്വാള്‍. 21 വയസിനുള്ളില്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വൈകില്ലെന്നുറപ്പ്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി, ലിസ്റ്റ് എയില്‍ ഡബിള്‍ സെഞ്ച്വറി, അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറി, രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി, ഇറാനി കപ്പില്‍ സെഞ്ച്വറി, ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി, വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി, ഇന്ത്യ എ, ഐപിഎല്‍ എന്നിവയിലും സെഞ്ച്വറി. കളിച്ച മത്സരങ്ങളിലെല്ലാം തന്റെ അടയാളപ്പെടുത്തല്‍ നടത്താന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്.
ദൗര്‍ഭാഗ്യവശാല്‍ കെകെആറിനെതിരേ സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിനായില്ല. 47 പന്തില്‍ 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 98 റണ്‍സുമായി ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു. 208. 51 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള ജയ്‌സ്വാള്‍ 575 റണ്‍സാണ് 12 മത്സരത്തില്‍ നിന്ന് നേടിയത്.