കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രാജസ്ഥാന്റെ കരുത്ത് വ്യക്തമാക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തകര്‍പ്പന്‍ ജയം നേടിയെടുത്തത്. കെകെആര്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. യശ്വസി ജയ്‌സ്വാളിന്റെയും (98*) സഞ്ജു സാംസണിന്റെയും (48*) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന് ജയമൊരുക്കിയത്. ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.
യശ്വസി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ബട്‌ലര്‍ റണ്ണൗട്ടാവുകയായിരുന്നു. ആന്‍ഡ്രേ റസലിന്റെ ഡയറക്ട് ത്രോയിലാണ് ബട്‌ലര്‍ റണ്ണൗട്ടായത്. സീസണില്‍ സ്ഥിരത കണ്ടെത്താനാവാത്ത ബട്‌ലര്‍ക്ക് റണ്ണൗട്ട് കടുത്ത നിരാശയുണ്ടാക്കുന്നതായിരുന്നു. ജയ്‌സ്വാളിന്റെ കുറ്റംകൊണ്ടാണ് പുറത്തായതെന്ന തരത്തില്‍ പുറത്തായതിന് പിന്നാലെ വികാര പ്രകടനം നടത്തിയ ബട്‌ലര്‍ക്ക് ഇപ്പോള്‍ പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്.

മാച്ച് ഫീയുടെ 10 ശതമാനമാണ് ബിസിസി ഐ പിഴ വിധിച്ചിരിക്കുന്നത്. യശ്വസി ജയ്‌സ്വാളിനോട് മോശമായി പെരുമാറിയെന്നതിന്റെ പേരിലാണ് ബട്‌ലര്‍ക്ക് പിഴ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ബിസിസി ഐ തയ്യാറായിട്ടില്ല. ആര്‍ട്ടിക്കിള്‍ ലെവല്‍ 1 പ്രകാരമുള്ള കുറ്റമാണ് ബട്‌ലര്‍ ചെയ്തതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. തെറ്റ് ബട്‌ലര്‍ സമ്മതിച്ചുവെന്നും വാര്‍ത്താകുറിപ്പിലുണ്ട്.
മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ മത്സരത്തില്‍ റണ്ണൗട്ടായപ്പോള്‍ അധികം വികാരപ്രകടനങ്ങള്‍ നടത്താതെ ബട്‌ലര്‍ മടങ്ങുന്നതായാണ് കണ്ടത്. എന്നാല്‍ എന്തുകൊണ്ടാണ് പിഴ ശിക്ഷ നല്‍കിയതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരേണ്ടതായുണ്ട്. രണ്ടാം ഓവറിലെ നാലാം പന്തിലാണ് ബട്‌ലര്‍ റണ്ണൗട്ടായത്. ബട്‌ലര്‍ സ്‌ട്രൈക്ക് ചെയ്ത പന്തില്‍ നോണ്‍സ്‌ട്രൈക്കര്‍ ജയ്‌സ്വാള്‍ റണ്ണിനാടി ഓടി.
ബട്‌ലര്‍ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ഇടക്കൊന്ന് ഓട്ടം നിര്‍ത്തി. ഇതാണ് റണ്ണൗട്ടിന് കാരണമായത്. എന്നാല്‍ ബട്‌ലര്‍ക്ക് നിരാശയുണ്ടായിരുന്നെങ്കിലും ജയ്‌സ്വാളിനോട് പരസ്യ പ്രതികരണം നടത്താതെയാണ് മടങ്ങിയത്. എന്നിട്ടും എന്തുകൊണ്ടാണ് പിഴ ശിക്ഷ നല്‍കിയതെന്ന കാര്യത്തില്‍ ബിസിസി ഐ വിശദീകരണം നല്‍കിയിട്ടില്ല. മോശം പദപ്രയോഗത്തിന്റെ പേരിലാവാം ബട്‌ലര്‍ക്ക് പിഴ ശിക്ഷ ലഭിച്ചത്.
ബട്‌ലറുടെ വിക്കറ്റ് നഷ്ടമായതിന്റെ ക്ഷീണം മാറ്റാന്‍ ടീമിനെ ഒറ്റക്ക് ചുമലിലേറ്റാന്‍ ജയ്‌സ്വാളിനായി. ബട്‌ലര്‍ കളിക്കേണ്ട വലിയ ഷോട്ടുകളും കൂട്ടി ജയ്‌സ്വാള്‍ അടിച്ചു കസറി. 13 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ജയ്‌സ്വാള്‍ 47 പന്തില്‍ 98 റണ്‍സുമായി പുറത്താവാതെ നിന്ന് രാജസ്ഥാനെ വമ്പന്‍ ജയത്തിലേക്കെത്തിക്കുകയായിരുന്നു. 13.1 ഓവറില്‍ ജയിച്ചതോടെ നെറ്റ് റണ്‍റേറ്റിലും കുതിപ്പ് തുടര്‍ന്ന രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

ജയ്‌സ്വാള്‍ 12 മത്സരത്തില്‍ നിന്ന് 575 റണ്‍സാണ് ഈ സീസണില്‍ നേടിയത്. 52.27 ശരാശരിയും 167.15 സ്‌ട്രൈക്കറേറ്റുമാണ് ജയ്‌സ്വാളിനുള്ളത്. നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ജയ്‌സ്വാളിന്റെ പേരിലുണ്ട്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പ് നേടിയ ബട്‌ലര്‍ ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. 12 മത്സരത്തില്‍ നിന്ന് 392 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 32.67 ശരാശരിയും 142 സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. എന്നാല്‍ താരത്തിന്റെ മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ബട്‌ലര്‍ക്ക് സാധിക്കുന്നില്ല.
കെകെആറിനെതിരേ സഞ്ജു സാംസണും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 29 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സാണ് സഞ്ജു നേടിയത്. 165.51 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്. അവസാന മൂന്ന് മത്സരവും തോറ്റശേഷമാണ് രാജസ്ഥാന്‍ കെകെആറിനെ തോല്‍പ്പിച്ചത്.