അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന സീസണിലെ ഫൈനലിസ്റ്റുകള്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആവേശം വാനോളമായിരുന്നു. അടിയും തിരിച്ചടിയും സ്ലെഡ്ജിങ്ങും പ്രതിരോധവും എല്ലാം ഉള്‍പ്പെട്ട ചാമ്പ്യന്‍ പോരാട്ടമായി മത്സരം മാറി.
വെറും നാല് റണ്‍സിനിടെ രാജസ്ഥാന്റെ നട്ടെല്ലായ യശ്വസി ജയ്‌സ്വാളും (1) ജോസ് ബട്‌ലറും കൂടാരം കയറിയിട്ടും (0) രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെയും (60) ഷിംറോന്‍ ഹെറ്റ്‌മെയറുടെയും (56*) ബാറ്റിങ് കരുത്തില്‍ നാല് പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി രാജസ്ഥാന്‍ വിജയം നേടിയെടുക്കുകയായിരുന്നു. ഇതില്‍ സഞ്ജു സാംസണിന്റെ പ്രകടനമാണ് ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയത്.

നാലാമനായി ക്രീസിലെത്തിയ സഞ്ജു ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി അടിത്തറ പാവുകയായിരുന്നു. 32 പന്തുകള്‍ നേരിട്ട് 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു തകര്‍ത്തടിച്ചത്. 187.50 സ്‌ട്രൈക്കറേറ്റിലായിരുന്നു മലയാളി താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. റാഷിദ് ഖാനെ തൂക്കിയടിച്ച മൂന്ന് തുടര്‍ സിക്‌സുകള്‍ തന്നെ സഞ്ജുവിന്റെ പ്രതിഭയെ തഴയുന്നവരുടെ മുഖത്തേറ്റ അടിയായിരുന്നു.
ശാന്തനായ സഞ്ജുവിനെ യാതൊരു കാരണവുമില്ലാതെ വെറുതെ പ്രകോപിക്കാന്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ശ്രമിക്കുന്നത് മത്സരത്തില്‍ പല തവണ കണ്ടു. ഹര്‍ദിക്കിന്റെ അഹങ്കാരത്തിന് ബാറ്റുകൊണ്ടും ടീമിന്റെ വിജയംകൊണ്ടുമാണ് സഞ്ജു കണക്കുതീര്‍ത്തത്. അവസാന സീസണിലെ ഫൈനലിലെ തോല്‍വിക്ക് മധുരമായി പ്രതികാരം ചെയ്യാനും സഞ്ജുവിനായി.
സഞ്ജുവൊന്നും തനിക്ക് എതിരാളിയല്ലെന്ന ഭാവത്തിലിരുന്ന ഹര്‍ദിക്കിന് മറക്കാനാവാത്ത രാത്രിയാണ് സഞ്ജുവും സംഘവും നല്‍കിയത്. ഹര്‍ദിക്കിനെ ഒന്നുമല്ലാതാക്കി എല്ലാ കൈകളും കൈയടി നേടിയത് ഹര്‍ദിക് അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഹര്‍ദിക്കിന് ഇത്തരമൊരു വിദ്വേഷം സഞ്ജുവിനോടുണ്ടെങ്കില്‍ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്നുറപ്പ്.

ക്രിക്കറ്റില്‍ ഇത്തരം പാരവെപ്പുകള്‍ ആദ്യത്തെ സംഭവമല്ല. ഹര്‍ദിക് പാണ്ഡ്യയെയാണ് രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രോഹിത് ശര്‍മ സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്ന നായകനല്ല. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ തകര്‍ത്തടിച്ചാലും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.
2024ലെ ടി20 ലോകകപ്പ് ടീമിലേക്ക് ലക്ഷ്യം വെക്കുന്ന സഞ്ജുവിന്റെ ദേശീയ ടീമിലെ ഇടത്തിന് ഹര്‍ദിക് പാരവെക്കുമോയെന്ന ആശങ്കയാണ് പല ആരാധകരും പങ്കുവെക്കുന്നത്. ക്രിക്കറ്റില്‍ വ്യക്തി വിരോധങ്ങള്‍ പലരുടേയും കരിയര്‍ നശിപ്പിച്ചിട്ടുണ്ട്. ബിസിസി ഐയെ സംബന്ധിച്ച് സഞ്ജുവിനെക്കാള്‍ വളരെ ഉയര്‍ന്ന സ്ഥാനത്താണ് ഹര്‍ദിക് പാണ്ഡ്യയുള്ളത്. ഭാവി നായകനെന്ന നിലയില്‍ സഞ്ജുവിന്റെ തിരിച്ചുവരവിനെ തടയാന്‍ ഹര്‍ദിക്കിന് സാധിച്ചേക്കും.
ഹര്‍ദിക്കിന് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായി ഇത് മാറിയത് സ്വാഭാവികമായും ഹര്‍ദിക്കിനെ പ്രകോപിപ്പിച്ചേക്കും. നേരത്തെ അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു ഹര്‍ദിക്കിന് കീഴില്‍ കളിക്കുകയും ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സഞ്ജുവിന്റെ ആരാധക പിന്തുണ കണ്ട് ഹര്‍ദിക് അത്ഭുതപ്പെട്ടതാണ്.

ഇപ്പോള്‍ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഹര്‍ദിക് സഞ്ജുവിന്റെ ആരാധകരുടെ കരുത്ത് നേരിട്ടറിയുകയാണ്. ഹര്‍ദിക്കിനെതിരേ രൂക്ഷ വിമര്‍ശനമാണ് സഞ്ജു ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. ഹര്‍ദിക്കിനെ വില്ലനാക്കുന്ന പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഇതും ഭാവി ഇന്ത്യന്‍ നായകന് ഒട്ടും ദഹിക്കില്ലെന്നുറപ്പ്.
ഈഗോയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത താരമാണ് ഹര്‍ദിക്. രാജസ്ഥാനോട് വലിയ വിജയ പ്രതീക്ഷ നല്‍കുന്ന തുടക്കം ലഭിച്ചിട്ടും സഞ്ജുവും ഹെറ്റ്‌മെയറും ചേര്‍ന്ന് വിജയം തട്ടിയെടുത്തത് ഹര്‍ദിക്കിന്റെ നായകനെന്ന സല്‍പ്പേരിനും ക്ഷീണമായിരിക്കുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ ദേശീയ ടീമിന്റെ മടങ്ങിവരവിന് ഹര്‍ദിക് തുരങ്കംവെക്കുമോയെന്നത് കണ്ടറിയാം.