ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നേരിടേണ്ടി വന്നത്. സ്വന്തം തട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 118 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 37 പന്തും ഒമ്പത് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് രാജസ്ഥാനെ നാണംകെടുത്തിയത്.
പ്ലേ ഓഫിലേക്ക് പോരാട്ടങ്ങള്‍ കടക്കവെ വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായി ഇത് മാറിയിരിക്കുകയാണ്. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിക്കാതെ രാജസ്ഥാന് രക്ഷയില്ലെന്ന് പറയാം. സ്വന്തം തട്ടകത്തില്‍ ജയിച്ച് പ്ലേ ഓഫിനോടടുക്കാനുള്ള അവസരമാണ് രാജസ്ഥാന്‍ നഷ്ടപ്പെടുത്തിയത്. എന്തായാലും ഗുജറാത്തിനോട് ദയനീയമായി തോറ്റത് രാജസ്ഥാന് വലിയ ക്ഷീണമായിട്ടുണ്ട്.

ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും അവതാരകനുമായ ഷോണ്‍ പൊള്ളോക്ക്. സഞ്ജുവിന്റെ തന്ത്രങ്ങളിലെ പാളിച്ചയെക്കുറിച്ചാണ് പൊള്ളോക്ക് പറഞ്ഞത്. 'സഞ്ജുവിന്റെ ചില തന്ത്രങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് ഓവറിന് ശേഷമാണ് പിച്ചില്‍ സ്വിങ്ങില്ലെന്ന് സഞ്ജു തിരിച്ചറിഞ്ഞത്.
എന്നാല്‍ സ്പിന്നര്‍മാരെ നേരത്തെ ഉപയോഗിക്കണമായിരുന്നു. സഞ്ജു ഇക്കാര്യത്തില്‍ വൈകിയത് അത്ഭുതമായി തോന്നി'-പൊള്ളോക്ക് ക്രിക് ബസില്‍ സംസാരിക്കവെ വ്യക്തമാക്കി. സഞ്ജുവിന്റെ തീരുമാനങ്ങളെല്ലാം ഗുജറാത്തിനെതിരേ പാളി. സ്വിങ് ഇല്ലാതിരുന്നിട്ടും പവര്‍പ്ലേയില്‍ ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവരെ മാത്രമാണ് സഞ്ജു ഉപയോഗിച്ചത്. പേസര്‍മാരെ നന്നായി കളിക്കുന്ന ശുബ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ഇത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
പവര്‍പ്ലേയ്ക്കുള്ളില്‍ സ്പിന്നറെ ഉപയോഗിച്ച് ഒരു വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ അല്‍പ്പംകൂടി പിടിമുറുക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. 37 പന്തുകള്‍ ബാക്കിനിര്‍ത്തി ഗുജറാത്ത് രാജസ്ഥാനെ ഒന്നും അല്ലാതാക്കി കളയുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താന്‍ കാര്യമായ തന്ത്രം മെനയാന്‍ സഞ്ജുവിനായില്ല. ഇതാണ് രാജസ്ഥാന്റെ ദയനീയ തോല്‍വിക്ക് കാരണമായതെന്ന് പറയാം.
നിലയുറപ്പിച്ച ശേഷം സഞ്ജു സ്പിന്നര്‍മാരെ കൊണ്ടുവന്നപ്പോള്‍ ഗുജറാത്ത് താരങ്ങള്‍ക്ക് അനായാസമായി നേരിടാനും സാധിച്ചു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചയായിത്തന്നെ ഇതിനെ വിലയിരുത്താം. '118 റണ്‍സിന് ഓള്‍ഔട്ടായി എന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇതിലും കൂടുതല്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന പിച്ചായിരുന്നു ഇത്. അനായാസമായി ഗുജറാത്ത് വിജയത്തിലേക്കെത്തിയതില്‍ നിന്ന് തന്നെ ഇത് എത്രത്തോളം ബാറ്റിങ്ങിന് അനുകൂലമാണെന്ന് വ്യക്തമാവും'-പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നിട്ടാണ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞത്. സ്വന്തം നാട്ടിലെ പിച്ചിന്റെ സ്വഭാവംപോലും മനസിലാക്കാന്‍ സാധിക്കാത്ത സഞ്ജു ദുരന്തമാണെന്നും അവസാന സീസണില്‍ ഫൈനല്‍ കടന്നത് ജോസ് ബട്‌ലറുടെ അവിശ്വസനീയ പ്രകടനങ്ങള്‍കൊണ്ടാണെന്നും ആരാധകര്‍ പറയുന്നു.
സഞ്ജു നായകസ്ഥാനമൊഴിഞ്ഞ് ജോസ് ബട്‌ലറെ നായകനാക്കണമെന്നും ഇതിനോടകം അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും രാജസ്ഥാന്‍ കളി മറന്നു. മോശം ദിവസമെന്ന് പറയാമെങ്കിലും ടീമിന്റെ പ്ലേ ഓഫ് സാധ്യതയെ കാര്യമായി സ്വാധീനിക്കുന്ന തോല്‍വിയായി ഇത് മാറി. രണ്ട് താരങ്ങള്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ 15ലധികം റണ്‍സ് നേടിയത്. 30 റണ്‍സ് നേടിയ നായകന്‍ സഞ്ജുവാണ് ടോപ് സ്‌കോറര്‍.
ബൗളര്‍മാര്‍ക്കും ഒന്നും ചെയ്യാനായില്ല. ട്രന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ മിടുക്കനാണെങ്കിലും ഗുജറാത്തിനെതിരേ അത് നടന്നില്ല. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാജസ്ഥാന്‍ ഗുജറാത്തിനെ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാനും ഗുജറാത്തിന് സാധിച്ചിരിക്കുകയാണ്.