മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഗംഭീര പ്രകടനമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിക്കാനും രാജസ്ഥാനായി. മത്സരത്തില്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടി കസറിയിരുന്നു.
ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തതും തുടര്‍ന്ന് റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ സഞ്ജു സിക്‌സര്‍ പറത്തിയതുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ നില്‍ക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. അതിന്റെ കാരണവും ഹര്‍ഭജന്‍ പറയുന്നുണ്ട്.

'സഞ്ജു മറ്റുള്ള താരങ്ങളെപ്പോലെയല്ല. ധൈര്യശാലിയായ ബാറ്റ്‌സ്മാനാണവന്‍. സവിശേഷനായ താരമാണ്. ഗുജറാത്തിനെതിരേ ഷിംറോന്‍ ഹെറ്റ്‌മെയറെക്കാള്‍ പ്രധാനപ്പെട്ട ഇന്നിങ്‌സ് സഞ്ജുവിന്റേതായിരുന്നു. ഹെറ്റ്‌മെയറിന് ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലേക്ക് മത്സരമെത്തിച്ചത് സഞ്ജുവാണ്. സ്വന്തം കഴിവില്‍ വിശ്വാസവും ധൈര്യവുമുണ്ടെങ്കില്‍ മത്സരത്തെ ഏത് തലത്തിലേക്കും മാറ്റാന്‍ കഴിയും.
എംഎസ് ധോണിക്ക് പല തവണ മത്സരം ജയിപ്പിക്കാന്‍ സാധിച്ചത് തന്റെ കഴിവിലുള്ള പൂര്‍ണ്ണ വിശ്വാസംകൊണ്ടാണ്. ധോണി ക്രീസില്‍ നിന്നാല്‍ മത്സരം ജയിപ്പിക്കുമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. ഹെറ്റ്‌മെയര്‍ മത്സരം ജയിപ്പിച്ചപ്പോള്‍ അവിടെവരെ മത്സരത്തെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. വലിയ കഴിവുള്ള താരമാണ് സഞ്ജു. അവന്‍ ഇന്ത്യക്കായി കളിക്കണം'- ഹര്‍ഭജന്‍ പറഞ്ഞു.
സഞ്ജു സാഹസം കാട്ടാന്‍ മടിയില്ലാത്ത താരമാണ്. റാഷിദ് ഖാന്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്. പ്രത്യേകിച്ച് ടി20യില്‍. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും റാഷിദ് ഖാനെ കടന്നാക്രമിക്കാന്‍ ഭയപ്പെടും. രാജസ്ഥാന്റെ മുന്‍നിരയിലെ രണ്ട് പ്രമുഖ താരങ്ങള്‍ പുറത്തായിട്ടും സഞ്ജു വമ്പനടിക്ക് മുതിരാന്‍ ഭയം കാട്ടിയില്ല. റാഷിദ് ഖാന്‍ ഷോര്‍ട്ട് ബോളുകളിട്ട് സഞ്ജുവിന് ഷോട്ട് കളിക്കാന്‍ പ്രേരിപ്പിച്ചു.
തന്റെ ഗൂഗ്ലിയില്‍ സഞ്ജുവിന്റെ ക്യാച്ചാണ് റാഷിദ് ലക്ഷ്യം വെച്ചത്. എന്നാല്‍ തന്റെ ബാക് ഫൂട്ട് ഷോട്ടുകളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന സഞ്ജു മൂന്ന് പന്തുകളും അതിര്‍ത്തി കടത്തി. റാഷിദ് ഖാന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. മൂന്ന് ഫോറും ആറ് സിക്‌സുകളും പറത്തിയ സഞ്ജുവിന് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അടിത്തറ പാകിയാണ് അദ്ദേഹം പുറത്തായത്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും സഞ്ജു തന്റെ ധൈര്യം വെളിപ്പെടുത്തുന്ന പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തിനായി കളിക്കവെ സഞ്ജുവിനായി തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ച് സഞ്ജുവിനെ ബൗളര്‍ പരിഹസിക്കാന്‍ ശ്രമിച്ചു. ഇതിന് തൊട്ടടുത്ത പന്തില്‍ സ്റ്റെപ് ഔട്ട് സിക്‌സര്‍ പറത്തിയാണ് സഞ്ജു മറുപടി നല്‍കിയത്.
തന്റെ വിക്കറ്റിനെ ഭയന്ന് കളിക്കുന്ന താരമല്ല സഞ്ജു. ഏത് സാഹചര്യത്തിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം മടികാട്ടാറില്ല. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. സഞ്ജു ഒരു മോശം ഇന്നിങ്‌സ് കളിച്ചാല്‍ പോലും ടീമിന് പുറത്താവുന്ന അവസ്ഥയാണുള്ളത്. ഇത്തവണത്തെ ഐപിഎല്‍ സഞ്ജുവിന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ടതാണ്.
ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ടി20 ലോകകപ്പും വരാനിരിക്കുകയാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതാണ്. അതുകൊണ്ട് തന്നെ ബാറ്റുകൊണ്ട് തുടര്‍ച്ചയായി റണ്‍സ് നേടുകയെന്നതാണ് സഞ്ജുവിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. സീസണില്‍ ഇതിനോടകം രണ്ട് ഫിഫ്റ്റി നേടിയെങ്കിലും രണ്ട് തവണ ഡെക്കായി. വരുന്ന മത്സരങ്ങളില്‍ സ്ഥിരതയോടെ കളിക്കേണ്ടത് സഞ്ജുവിന് വളരെ അത്യാവശ്യമാണ്.