അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് കരുത്തുകാട്ടിയിരിക്കുകയാണ്. വമ്പന്മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 178 എന്ന ഭേദപ്പെട്ട വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍വെച്ചത്.
രാജസ്ഥാന്റെ വമ്പനടിക്കാരായ ജോസ് ബട്‌ലറും (0) യശ്വസി ജയ്‌സ്വാളും (1) പെട്ടെന്ന് മടങ്ങിയെങ്കിലും സഞ്ജു സാംസണിന്റെയും (60) ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (56) പ്രകടനം രാജസ്ഥാന് ആവേശ ജയമൊരുക്കുകയായിരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് സഞ്ജുവിന്റെ ബാറ്റിങ്ങാണ്. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം രാജസ്ഥാനെ പിടിച്ചുയര്‍ത്തിയത് സഞ്ജുവിന്റെ ബാറ്റിങ്ങാണ്.

മൂന്ന് ബൗണ്ടറിയും ആറ് സിക്‌സും ഉള്‍പ്പെടെ സഞ്ജു കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിങ് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായി. റാഷിദ് ഖാനെ മൂന്ന് വട്ടം തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയത് സഞ്ജുവിന്റെ പ്രതിഭയെ ഉയര്‍ത്തിക്കാട്ടുന്നതാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തെയും ക്യാപ്റ്റന്‍സിയേയും പ്രശംസിച്ച രാജസ്ഥാന്‍ കോച്ച് കുമാര്‍ സംഗക്കാര മത്സരത്തിലെ വഴിത്തിരിവിനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്.
റാഷിദ് ഖാനെ സഞ്ജു പറത്തിയ മൂന്ന് സിക്‌സുകളാണ് മത്സരത്തിലേക്ക് രാജസ്ഥാനെ തിരികെ എത്തിച്ചതെന്നാണ് സംഗക്കാര പറഞ്ഞത്. 'നായകാ, സുഹൃത്തേ ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 സ്പിന്നറെ താങ്കള്‍ പറത്തിയ സിക്‌സുകളാണ് മത്സരത്തെ മാറ്റിയത്. ആ ഓവറിന് ശേഷമാണ് ടീമിന് വിജയ പ്രതീക്ഷ ലഭിച്ചത്. റാഷിദ് ഖാനോ ഷെയ്ന്‍ വോണോ മുത്തയ്യ മുരളീധരനോ ആര് പന്തെറിഞ്ഞുവെന്നതിലല്ല കാര്യം.

ബൗളറെയല്ല പന്തിനെയാണ് നമ്മള്‍ നേരിടുന്നത്. നന്നായി ചെയ്തു'-സംഗക്കാര പറഞ്ഞു. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ സഞ്ജു സാംസണിനെ പ്രകോപിപ്പിച്ചതിന്റെ ഫലം റാഷിദ് ഖാന്‍ നേരിട്ടുവെന്നതാണ് വസ്തുത. ഒന്നാം നമ്പര്‍ ബൗളറെന്ന ആധിപത്യം എപ്പോഴും കാട്ടുന്ന റാഷിദിന്റെ എല്ലാ കണക്കുകൂട്ടലുകളും സഞ്ജു തെറ്റിച്ചു. റാഷിദിനെ മൂന്ന് തുടര്‍ സിക്‌സുകള്‍ക്ക് ശ്രമിക്കാന്‍ പോലും പലരും ഭയക്കുന്നു.
എന്നാല്‍ സഞ്ജു യാതൊരു ദയയും കാട്ടാതെയാണ് റാഷിദിനെ തല്ലിപ്പറത്തിയതെന്ന് പറയാം. അതുകൊണ്ട് തന്നെ മത്സരത്തിന്റെ ഗതി മാറ്റിയതും ഈ ബാറ്റിങ്ങാണ്. റാഷിദിനെ സഞ്ജു കടന്നാക്രമിച്ചതോടെ രാജസ്ഥാന്റെ മറ്റ് താരങ്ങള്‍ക്കും ഇത് ആത്മവിശ്വാസം നല്‍കി. ഇതാണ് ആര്‍ അശ്വിന്‍ മുഹമ്മദ് ഷമിയെ സിക്‌സും ഫോറും പറത്താനും ഹെറ്റ്‌മെയറിനെ സൂപ്പര്‍ ഫിനിഷിങ്ങിലേക്കെത്തിക്കാനും സഹായിച്ചത്.
രാജസ്ഥാന്റെ വിജയത്തെക്കുറിച്ച് മത്സരശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്. 'മികച്ച വിക്കറ്റില്‍ മികച്ച എതിരാളികള്‍ക്കെതിരേ കളിച്ചാല്‍ ഇത്തരം മികച്ച മത്സരങ്ങള്‍ കാണാനാവും. ഇത്തരം മത്സരങ്ങള്‍ കളിച്ച് മുകളിലേക്കെത്തുകയെന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് 180നുള്ളിലേക്ക് അവരെ ഒതുക്കാന്‍ സഹായിച്ചത്.

ആദം സാംബയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ക്യാച്ച് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റും സാംബക്ക് ലഭിക്കുമായിരുന്നു'-സഞ്ജു പറഞ്ഞു. ഷിംറോന്‍ ഹെറ്റ്‌മെയറുടെ ഫിനിഷിങ്ങാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 26 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. അര്‍ഹിച്ച പ്രശംസ ലഭിക്കാത്ത ഫിനിഷറാണ് ഹെറ്റ്‌മെയറെന്ന് പറയാം.
അഞ്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാന സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ ഇത്തവണയും കിരീട പ്രതീക്ഷ സജീവമാക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു മികവ് കാട്ടുന്നു. ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ശോഭിക്കേണ്ടതായുണ്ട്.