ഐപിഎല്ലില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍ ഒരിക്കല്‍ക്കൂടി രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ടീമിനു മികച്ചൊരു ഇന്നിങ്‌സ് ഏറ്റവുമധികം ആവശ്യമായ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹം ഫ്‌ളോപ്പായി. എട്ടു റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. ആറു ബോളുകള്‍ നേരിട്ട ബട്‌ലറുടെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുണ്ടായിരുന്നു. തുടരെ രണ്ടു ഫോറുകളടിച്ച ശേഷമാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ ബട്‌ലര്‍ പുറത്താവുന്നത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സിന്റെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറില്‍ വെറും രണ്ടു റണ്‍സാണ് ബട്‌ലര്‍ക്കും ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാളിനും നേടാനായത്. ആദ്യത്തെ മൂന്നു ബോള്‍ ജയ്‌സ്വാളും അടുത്ത മൂന്നു ബോള്‍ ബട്‌ലറുമായിരുന്നു നേരിട്ടത്. ജയ്‌സ്വാള്‍ ഒരു സിംഗിളെടുത്തപ്പോള്‍ ഓവറിലെ മറ്റൊരു റണ്‍സ് വൈഡില്‍ നിന്നായിരുന്നു. ഒരു തവണ ബട്‌ലര്‍ ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഹാര്‍ദിക്കെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ ബട്‌ലര്‍ തന്റെ സ്വതസിദ്ധമായ അറ്റാക്കിങ് ശൈലിയിലേക്കു തിരിച്ചെത്തുന്നതാണ് കണ്ടത്. ആദ്യ ബോളില്‍ ജയ്‌സ്വാള്‍ സിംഗിളെടുത്തു. അടുത്ത ബോള്‍ ഔട്ട് സ്വിങറായിരുന്നു. മനോഹരമായ ഷോട്ടിലൂടെ ബട്‌ലര്‍ അതു ബൗണ്ടറിയിലേക്കു പായിച്ചു. തൊട്ടടുത്ത ബോളില്‍ വീണ്ടുമൊരു കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട്. ഇത്തവണ ബട്‌ലറുടെ ഫ്‌ളിക്ക് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടന്നു. ഇതോടെ റോയല്‍സ് ആരാധകര്‍ ആവേശത്തിലായി. പക്ഷെ സെക്കന്റുകളുടെ ആയുസ് മാത്രമേ ഈ ആഹ്ലാദത്തിനുണ്ടായുള്ളൂ.
തൊട്ടടുത്ത ബോളില്‍ ബട്‌ലര്‍ പുറത്ത്. ഓഫ് സ്റ്റംപിന് പുറത്ത് ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു അത്. ബാക്ക്ഫൂട്ടില്‍ ഡ്രൈവ് ചെയ്യാനായിരുന്നു ബട്‌ലറുടെ ശ്രമം. പക്ഷെ ബോളിനു പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരം കൂടുതലായിരുന്നു. എഡ്ജ് ചെയ്ത ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നേരെ മോഹിത് ശര്‍മയുട കൈകളിലേക്കാണ് വന്നത്. കൃത്യമായി ഈ പൊസിഷനില്‍ ഫീല്‍ഡറെ നിര്‍ത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ ബ്രില്ല്യന്‍സ് കൂടിയായിരുന്നു ഇത്.
അവസാനമായി കളിച്ച നാലു ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍പ്പോലും 30 പ്ലസ് റണ്‍സ് ജോസ് ബട്‌ലര്‍ക്കു നേടാനായിട്ടില്ല. 25പ്ലസ് റണ്‍സ് നേടിയത് ഒരു തവണ മാത്രമാണ്. 8 (ആറു ബോള്‍), 18 (19 ബോള്‍), 27 (21 ബോള്‍), 0 (2 ബോള്‍) എന്നിങ്ങനെയാണ് സ്‌കോറുകള്‍. റോയല്‍സിനെയും സഞ്ജുവിനെയും സംബന്ധിച്ച് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണിത്. കഴിഞ്ഞ തവണ റോയല്‍സ് ഫൈനലിലെത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബട്‌ലറുടെ റണ്‍വേട്ടയായിരുന്നു.

ജോസ് ബട്‌ലറുടെ മോശം പ്രകടനത്തില്‍ ആരാധകരും നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. ജോസ് ബട്‌ലര്‍ ഫിനിഷ്ഡ് പ്ലെയറാണ്. വണ്‍ സീസണ്‍ വണ്ടറാണ് താനെന്നു ജോസ് ബട്‌ലര്‍ തെളിയിച്ചിരിക്കുകയാണ്. വിരാട് കോലിയുടെ റെക്കോര്‍ഡ് അദ്ദേഹം തകര്‍ക്കുമെന്നായിരുന്നു ആളുകള്‍ പറഞ്ഞത്. ജോസ് ബട്‌ലര്‍ ഈ മല്‍സരത്തില്‍ കളിക്കാന്‍ പാടില്ലായിരുന്നു. ഈ സീസണില്‍ അദ്ദേഹം ബാറ്റിങില്‍ ശരിക്കും പതറുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.