ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഓപ്പണറായി ഇറങ്ങിയ താരം ആദ്യ ഓവറില്‍ത്തന്നെ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കുകയായിരുന്നു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ച് പന്തുകളും ജയ്‌സ്വാള്‍ ബൗണ്ടറി കടത്തി. 20 റണ്‍സാണ് ഈ ഓവറില്‍ താരം അടിച്ചെടുത്തത്.
ഈ സീസണിലെ ഏറ്റവും മോശം ആദ്യ ഓവറെന്ന നാണക്കേട് ഡല്‍ഹി പേസര്‍ ഖലീലിന് നേരിടേണ്ടി വന്നിരിക്കുകയാണ്. ആദ്യ ഓവറില്‍ത്തന്നെ തകര്‍ത്തടിച്ച ജയ്‌സ്വാള്‍ ഖലീലിന്റെ എല്ലാ പന്തുകളേയും അടിച്ചുപറത്തിയിരിക്കുകയാണ്. ഓവറിലെ നാലാം പന്ത് മാത്രമാണ് ഡോട്ട് ബോളായത്. മറ്റെല്ലാം പന്തും ജയ്‌സ്വാള്‍ ബൗണ്ടറി പായിക്കുകയായിരുന്നു.

പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 68 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. പഞ്ചാബ് കിങ്‌സിനെതിരേ 11 റണ്‍സെടുത്ത് മടങ്ങിയ ജയ്‌സ്വാള്‍ വീണ്ടും ബട്‌ലര്‍ക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചിരിക്കുകയാണ്. സീസണിലെ രണ്ടാം ഫിഫ്റ്റിയും ജയ്‌സ്വാള്‍ സ്വന്തമാക്കി. തട്ടകത്തിന്റെ ആധിപത്യം മുതലാക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്.
വമ്പനടിയോടെ തകര്‍പ്പന്‍ റെക്കോഡും ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ഓവര്‍ സ്‌ട്രൈക്കറേറ്റില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. ആദ്യ ഓവറിലെ ജയ്‌സ്വാളിന്റെ സ്‌ട്രൈക്കറേറ്റ് 143.75 ആയിരുന്നു. വീരേന്ദര്‍ സെവാഗിന്റെ 128.63 സ്‌ട്രൈക്കറേറ്റ് റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 119.34 സ്‌ട്രൈക്കറേറ്റുമായി വിരാട് കോലി മൂന്നാം സ്ഥാനത്തും 116.36 സ്‌ട്രൈക്കറേറ്റുമായി ജോസ് ബട്‌ലര്‍ അഞ്ചാം സ്ഥാനത്തുമാണ്.

147.67 സ്‌ട്രൈക്കറേറ്റുമായി സുനില്‍ നരെയ്‌നാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ഇതിനോടകം മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് യുവ ഓപ്പണറെ കാണുന്നത്. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍മാര്‍ നിലവിലില്ല. ശിഖര്‍ ധവാന് ശേഷം ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഇടം കൈയന്‍ ഓപ്പണറാവാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും.
മികച്ച സാങ്കേതികതയോടെ കളിക്കുന്നുവെന്നതാണ് ജയ്‌സ്വാളിന്റെ സവിശേഷത. കടന്നാക്രമിച്ച് ബാറ്റ് ചെയ്യുമ്പോഴും നല്ല നിയന്ത്രണം താരത്തിനുണ്ട്. പവര്‍പ്ലേ മുതലാക്കാന്‍ ജയ്‌സ്വാളിനെക്കാള്‍ മിടുക്കന്‍ ഇപ്പോഴില്ല. സ്ഥിരതയോടെ കളിക്കുന്ന താരം ഇത്തവണ രാജസ്ഥാന്റെ കുതിപ്പിന് വലിയ കരുത്ത് പകരുന്നു. 31 പന്ത് നേരിട്ട് 11 ഫോറും 1 സിക്‌സും നേടിയാണ് ജയ്‌സ്വാള്‍ പുറത്തായത്. മുകേഷ് കുമാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് മടക്കം.

പുറത്താവുമ്പോള്‍ 193.54 സ്‌ട്രൈക്കറേറ്റ് ജയ്‌സ്വാളിനുണ്ടായിരുന്നു. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ ജയ്‌സ്വാൡന് സാധിക്കുന്നുണ്ട്. എന്നാല്‍ താരം നേരിടുന്ന പ്രധാന പ്രശ്‌നം പവര്‍പ്ലേയ്ക്ക് ശേഷം അധികനേരം ബാറ്റ് ചെയ്യുന്നില്ലെന്നതാണ്. പവര്‍പ്ലേയില്‍ ഫീല്‍ഡിങ് നിയന്ത്രണമുള്ളപ്പോള്‍ കസറും. എന്നാല്‍ ഫീല്‍ഡിങ് നിയന്ത്രണം കഴിയുന്നതോടെ ക്യാച്ച് നല്‍കി പുറത്താവും. ഇതാണ് താരത്തെ അലട്ടുന്ന പ്രശ്‌നം.
ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ നീണ്ട ഇന്നിങ്‌സുകള്‍ ജയ്‌സ്വാള്‍ കളിക്കേണ്ടിയിരിക്കുന്നു. 15 ഓവറിലധികം ജയ്‌സ്വാള്‍ പിടിച്ചുനിന്ന മത്സരങ്ങളില്ല. അതുകൊണ്ട് തന്നെ കഴിയുന്നിടത്തോളം വലിയ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ജയ്‌സ്വാളിന് സാധിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ നിലവിലെ ഓപ്പണര്‍മാരെല്ലാം തുടക്കത്തിലേ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. എന്നാല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാളെന്നതാണ് എടുത്തു പറയേണ്ടത്.