ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മാച്ചില്‍ ബാറ്റങില്‍ ഫ്‌ളോപ്പായെങ്കിലും ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തില്ലെന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. ആദ്യ മാച്ചില്‍ ഫിഫ്്റ്റി പ്ലസും രണ്ടാമത്തെ മല്‍സരത്തില്‍ 40 പ്ലസും സഞ്ജു നേടിയിരുന്നു. ഡിസിക്കെതിരേ മറ്റൊരു മികച്ച ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവരെ നിരാശപ്പെടുത്തിയാണ് സഞ്ജു അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ ആന്‍ഡ്രിച്ച് നോര്‍ക്കിയ പിടികൂടുകയായിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായെന്നു കരുതി ശൈലി മാറ്റില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിക്കെതിരേ ഏറെക്കുറെ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തതു പോലെ തന്നെ സംഭവിച്ചിരുന്നു. ഞങ്ങളുടെ ബാറ്റിങ് മാത്രമാണ് പ്ലാന്‍ ചെയ്തതു പോലെ നടക്കാതിരുന്നതെന്നും സഞ്ജു സാംസണ്‍ ചിരിയോടെ പറഞ്ഞു. എന്റെ ബാറ്റിങ് ശൈലി ഈ ഫോര്‍മാറ്റില്‍ ഇങ്ങനെ തന്നെയാണ്. ക്രീസിലെത്തിയാല്‍ കുറച്ചു ബോളുകള്‍ മാത്രമെടുത്ത് നിലയുറപ്പിക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ബാറ്റിങില്‍ എന്റെ സ്വതസിദ്ധമായ ശൈലിയില്‍ സ്വയം പ്രകടിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്.

ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ 40-50 റണ്‍സ് നേടുകയാണ് ടീമില്‍ എന്റെ റോള്‍. ജോസ് ബട്‌ലറും ഇതേ രീതിയില്‍ റണ്‍സെടുക്കുകയും ചെയ്യുമെന്നും സഞ്ജു വിശദമാക്കി. ടീമിന്റെ എന്റെ റോള്‍ വളരെ ക്ലിയറാണ്. ഈ റോള്‍ വഹിക്കുന്നതിനാല്‍ തന്നെ ഈ തരത്തില്‍ ചില ഇന്നിങ്‌സുകളില്‍ പുറത്താവുകയും ചെയ്യും. പക്ഷെ ഞാന്‍ ഇതേ രീതിയില്‍ തന്നെയായിരിക്കും തുടര്‍ന്നും ബാറ്റ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കിയ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിനെക്കുറിച്ചും സഞ്ജു സാംസണ്‍ പ്രതികരിച്ചു. അതു വളരെ രസകരമായ മുഹൂര്‍ത്തമായിരുന്നു. ഈ ക്യാച്ചിനു മുമ്പു തന്നെ ഇങ്ങനെ യൊരു ക്യാച്ച് ഞാന്‍ എടുത്തേക്കുമെന്നു മനസ്സില്‍ തോന്നിയിരുന്നു. അടുത്ത സെക്കന്റില്‍ തന്നെയായിരുന്നു ഈ ക്യാച്ച് സംഭവിച്ചത്. അതുകൊണ്ടു തന്നെ മഹത്തായ അനുഭവമായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു. അവസാനമായി ഈ ഗ്രൗണ്ടില്‍ ഞങ്ങള്‍ കളിച്ചപ്പോള്‍ സ്വിമ്മിങ് പൂള്‍ പോലെയാണ് തോന്നിയത്. ബോള്‍ ഡ്രൈയാക്കി നിര്‍ത്താന്‍ ഞങ്ങള്‍ക്കു സാധിച്ചതുമില്ല. മഞ്ഞു വീഴ്ചയുള്ളതിനാല്‍ രാത്രിയില്‍ ഇത്തരം നനവുളള ബോളുകള്‍ കൊണ്ട് നമ്മള്‍ കളിക്കാന്‍ ശീലിക്കണം.

ഇത്തരം ബോളുകള്‍ കൊണ്ട് എങ്ങനെ കൡക്കാമെന്നു യുസിക്കും (യുസ്വേന്ദ്ര ചഹല്‍) അശ്വിന്‍ ഭായിക്കുമറിയാം (ആര്‍ അശ്വിന്‍). അശ്വിന്‍ എല്ലായ്‌പ്പോഴും ബാറ്റര്‍ക്കു നേരെയാണ് നോക്കുന്നതെന്നു ഞാന്‍ കരുതുന്നു. ഒരു മല്‍സരത്തിനു മുമ്പ് ഞങ്ങള്‍ ഒരുപാട് പ്ലാനിങ് നടത്താറുണ്ട്. ഡല്‍ഹി ബാറ്റിങ് നിരയില്‍ നിരവധി ഇടംകൈയന്‍ താരങ്ങളുണ്ടെന്നു ഞങ്ങള്‍ക്കു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ബോള്‍ പുതിയതായിരിക്കുമ്പോള്‍ നന്നായി ബൗള്‍ ചെയ്യേണ്ടത് പ്രധാനമായിരുന്നു. നിര്‍ണായകമായ രണ്ടു ഓവറുകള്‍ ആഷ് ഭായി എറിഞ്ഞതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.