സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ പടയോട്ടം തുടരുകയാണ്. ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും മിന്നുന്ന വിജയം കൊയ്യാന്‍ റോയല്‍സിനു സാധിച്ചു. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 57 റണ്‍സിനാണ് റോയല്‍സ് തുരത്തിയത്. ബാറ്ററെന്ന നിലയില്‍ സഞ്ജു മറക്കാന്‍ ആഗ്രഹിക്കുന്ന മല്‍സരമാണിതെങ്കിലും ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങിലും മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു.
ഡിസിയുടെ അപകടകാരിയായ ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ സഞ്ജുവെടുത്ത കിടിലന്‍ ക്യാച്ചിനെ ആരാധകര്‍ മുഴുവന്‍ വാഴ്ത്തുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഓരോ മല്‍സരം കഴിയുന്തോറും കൂടൂതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡിസിക്കെതിരേ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ എല്ലാവരും പ്രശംസ കൊണ്ടു മൂടുതയാണ്. എങ്കിലും ചില പിഴവുകള്‍ അദ്ദേഹത്തിനു സംഭവിച്ചുവെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ക്യാപ്്റ്റനെന്ന നിലയില്‍ 10ല്‍ 10 സഞ്ജുവിനു നല്‍കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രണ്ടു പിഴവുകളാണ് സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യത്തേത് തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനു വീണ്ടുമൊരു അവസരം നല്‍കിയെന്നതാണ്. റോയല്‍സിലെ തന്റെ 50ാമത്തെ മാച്ചായിരുന്നു ഡിസിക്കെതിരേ അദ്ദേഹം പൂര്‍ത്തിയാക്കിയത്. പക്ഷെ ഈ മല്‍സരത്തിലും പരാഗിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല.
11 ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. ഫോറോ, സിക്‌സറോ പരാഗിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. റോമന്‍ പവെലിനെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന താരത്തിനു ടൈമിങ് പാളുകയും ക്ലീന്‍ ബൗള്‍ഡാവുകയുമായിരുന്നു. ഫ്‌ളോപ്പ് ഷോ തുടര്‍ന്നു കൊണ്ടിരുന്നിട്ടും എന്തുകൊണ്ടാണ് പരാഗിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ സഞ്ജുവിനു സാധിക്കാത്തതെന്നും ആരാധകര്‍ ചോദിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഇതു അദ്ദേഹത്തിന്റെ വീഴ്ചയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സഞ്ജു സാംസണിന്റെ രണ്ടാമത്തെ പിഴവായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹതത്തിന്റെ ബാറ്റിങാണ്. ടീം വളരെ ശക്തമായ നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയിട്ടും ഈ ആനുകൂല്യം മുതലെടുക്കാന്‍ ശ്രമിക്കാതെ അദ്ദേഹം റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കുറേക്കൂടി ഉത്തരാവാദിത്വം സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നാലു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ. ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 98ല്‍ നില്‍ക്കെയായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്. മുകേഷ് കുമാറിനെതിരേ മൂന്നു ബോളുകള്‍ നേരിട്ട സഞ്ജുവിന് റണ്ണൊന്നുമെടുക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവനെതിരേ അദ്ദേഹം സിക്‌സറിനു തുനിയുകയായിരുന്നു. പക്ഷെ ലോങ്ഓണില്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയക്കു ക്യാച്ച് നല്‍കുകയും ചെയ്തു.

അതേസമയം, ഡല്‍ഹിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നാലു വിക്കറ്റിനു 199 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ (79), യശസ്വി ജയ്‌സ്വാള്‍ (60) എന്നിവരുടെ ഫിഫ്റ്റികളാണ് റോയല്‍സിനെ ഇതിനു സഹായിച്ചത്. ബട്‌ലര്‍ 51 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ ജയ്‌സ്വാള്‍ 31 ബോളില്‍ 11 ഫോറും ഒരു സിക്‌സറും നേടി. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (31 ബോളില്‍ 39*) വെടിക്കെട്ടും ടീമിനെ 200നു തൊട്ടരികിലെത്തിച്ചു.

മറുപടിയില്‍ ഡല്‍ഹി ഒരു ഘട്ടത്തിലും റണ്‍ചേസില്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ മാച്ചിലും ഡിസി ബാറ്റിങ് നിര ക്ലിക്കായില്ല. ഒമ്പതു വിക്കറ്റിനു 142 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (55 ബോളില്‍ 65) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ലളിത് യാദവാണ് (38) ഡിസിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും യുസ്വേന്ദ്ര ചഹലും ചേര്‍ന്നാണ് ഡിസിയെ തരിപ്പണമാക്കിയത്. ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റുകളുമെടുത്തു.