ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശ. നാലു ബോളുകള്‍ നേരിട്ട സഞ്ജു അക്കൗണ്ട് പോലും തുറക്കാനാവാതെ ക്രീസ് വിടുകയായിരുന്നു. ടീം വളരെ മികച്ച സ്‌കോറില്‍ നില്‍ക്കവെയായിരുന്നു മൂന്നാമനായി സഞ്ജു ക്രീസിലെത്തിയത്.
ഒമ്പതാം ഓവറിലെ മൂന്നാമത്തെ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ (60) മടങ്ങുമ്പോള്‍ റോയല്‍സിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 98 റണ്‍സുണ്ടായിരുന്നു. മുകേഷ് കുമാറായിരുന്നു മികച്ചൊരു ബൗണ്‍സറിലൂടെ ജയ്‌സ്വാളിനെ വീഴ്ത്തിയത്. 31 ബോളില്‍ 11 ഫോറുകളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ജയ്‌സ്വാള്‍ മടങ്ങിയ ശേഷം സമാനമായൊരു പ്രകടനം സഞ്ജുവില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഒമ്പതാം ഓവറില്‍ മുകേഷിനെതിരേ ശേഷിച്ച മൂന്നു ബോളിലും റണ്ണൊന്നുമെടുക്കാന്‍ സഞ്ജുവിനായില്ല. സാധാരണയായി ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിംഗിളുമായി തുടങ്ങാറുള്ള താരമാണ് അദ്ദേഹം. മൂന്നു ബോളുകളില്‍ നിന്നും റണ്ണൊന്നും നേടാന്‍ സാധിക്കാതെ പോയത് സ്പിന്നര്‍ കുല്‍ദീപ് യാദവെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ റിസ്‌കെടുക്കാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുകയായിരുന്നു.
ലോങ് ഓവറിനു മുകളിലൂടെ സക്‌സര്‍ പറത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ താരത്തിനായില്ല. ബാറ്റിന്റെ അടിഭാഗത്തായിരുന്നു ബോള്‍ പതിച്ചത്. ലോങ് ഓണിലേക്കു ഉയര്‍ന്ന ബോള്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയ അനായാസം പിടികൂടുകയും ചെയ്തു.
അതേസമയം, ഈ കളിയിലെ ഡെക്കോടെ രാജസ്ഥാന്‍ റോയല്‍സില്‍ വലിയൊരു നാണക്കേടിനൊപ്പവും സഞ്ജു സാംസണ്‍ എത്തിയിരിക്കുകയാണ്. ഏറ്റവുമധികം തവണ ടൂര്‍ണമെന്റില്‍ ഡെക്കായ റോയല്‍സ് താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഇതു ഏഴാം തവണയാണ് റോയല്‍സില്‍ സഞ്ജു അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത്.
നേരത്തേ മുന്‍ ഇതിഹാസ സ്പിന്നറും നായകനുമായ ഷെയ്ന്‍ വോണ്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ചേര്‍ന്ന് ഈ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ക്കൊപ്പം സഞ്ജുവും എത്തിയിരിക്കുകയാണ്. മറ്റു രണ്ടു പേരും ഇപ്പോള്‍ മല്‍സരരംഗത്തില്ലാത്തിനാല്‍ സഞ്ജു വൈകെ ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലാക്കുമോയെന്നാണ് അറിയാനുള്ളത്.

പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ വലിയൊരു നാഴികക്കല്ല് തന്റെ പേരിലാക്കിയിരുന്നു. റോയല്‍സിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡായിരുന്നു ഇത്. മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ മധ്യനിര ബാറ്ററുമായ അജിങ്ക്യ രഹാനെയുടെ റെക്കോര്‍ഡായിരുന്നു സഞ്ജു തകര്‍ത്തത്. കൂടാതെ റോയല്‍സ് നായകനെന്ന നിലയില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തൊടുത്ത കളിയില്‍ തന്നെ അദ്ദേഹം മറ്റൊരു താരും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ഡെക്കുകളിലും റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.
200 റണ്‍സ് വിജയലക്ഷ്യം
സഞ്ജു സാംസണ്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 200 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട റോയല്‍സ് നാലു വിക്കറ്റിനു 199 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും (79) യശസ്വി ജയ്‌സ്വാളുമാണ് (60) പ്രധാന സ്‌കോറര്‍മാര്‍.
51 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍ 31 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടക്കമാണ് 60 റണ്‍സ് വാരിക്കൂട്ടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട് പ്രകടനവും ടീമിനെ 200ന് തൊട്ടരികെയെത്തിച്ചു. 21 ബോളില്‍ നാലു സിക്‌സറും ഒരു ഫോറുമടക്കം 39 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നിന്നു. സഞ്ജുവിനെക്കൂടാതെ റിയാന്‍ പരാഗാണ് (7) റോയല്‍സ് ബാറ്റിങ് നിരയില്‍ ഫ്‌ളോപ്പായ മറ്റൊരു താരം.