ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിനോട് സിഎസ്‌കെ തോറ്റത് ആരാധകരെ നിരാശപ്പെടുത്തുകയാണ്. ആദ്യ തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ തോറ്റ സിഎസ്‌കെ രണ്ടാം തവണ രാജസ്ഥാന്റെ മൈതാനത്തും മുട്ടുകുത്തിയിരിക്കുകയാണ്. 32 റണ്‍സിനാണ് സിഎസ്‌കെ രണ്ടാം തവണ രാജസ്ഥാനോട് തലകുനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന് 202 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ ആറ് വിക്കറ്റിന് 170 റണ്‍സിലൊതുങ്ങി. സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായി പലതും പറയാനാവും. എന്നാല്‍ ടോസ് ഭാഗ്യം കൈവിട്ടത് മുതല്‍ സിഎസ്‌കെയ്ക്ക് പിഴച്ചുവെന്നതാണ് വസ്തുത. ഇപ്പോഴിതാ സിഎസ്‌കെയുടെ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത് അമ്പാട്ടി റായിഡുവിനെതിരേയാണ്.

എന്തിനാണ് ഇംപാക്ട് താരമായി റായിഡുവിനെ കളിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കാലം കഴിഞ്ഞ താരമാണ് റായിഡു. മികച്ച ഫിറ്റ്‌നസില്ലാത്ത താരത്തിന് പഴയതുപോലെ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ റായിഡുവിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധക പക്ഷം. മറ്റ് ടീമുകളെല്ലാം ബാറ്റിങ്ങില്‍ യുവതാരങ്ങളെ ഉപയോഗിച്ച് അത്ഭുതപ്പെടുത്തുമ്പോള്‍ സിഎസ്‌കെ ഇക്കാര്യത്തില്‍ പിന്നോട്ട് പോവുന്നു.
എട്ട് മത്സരത്തില്‍ ഏഴ് ഇന്നിങ്‌സിലും റായിഡു ബാറ്റിങ്ങിനിറങ്ങി. നേടിയത് വെറും 83 റണ്‍സാണ്. 16.60 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 136. 27* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവിലെ സിഎസ്‌കെ പ്ലേയിങ് 11ലെ അധികപ്പറ്റാണ് റായിഡുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറെ ബാറ്റിങ്ങിലേക്ക് പരീക്ഷിക്കാവുന്നതാണ്. വമ്പനടിക്കാരനായ ഓള്‍റൗണ്ടറാണ് താരം.
യുവതാരം അണ്ടര്‍ 19 ക്രിക്കറ്റിലൂടെ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. സിഎസ്‌കെ കൂടുതല്‍ പിന്തുണച്ചാല്‍ മികച്ച ഓള്‍റൗണ്ടറായി ഹംഗര്‍ഗേക്കറെ മാറ്റാനാവും. എന്നാല്‍ സിഎസ്‌കെ അതിന് ശ്രമിക്കുന്നില്ല. റായിഡു പ്രതിഭാശാലിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ പ്രായം തളര്‍ത്തുന്നു. ഫീല്‍ഡിങ്ങിന് ഇറങ്ങാന്‍ ഫിറ്റ്‌നസില്ലാത്ത റായിഡു ബാറ്റിങ്ങിനിറങ്ങി തീര്‍ത്തും നിരാശപ്പെടുത്തുന്നു.

രാജസ്ഥാനെതിരേ രണ്ട് പന്ത് നേരിട്ട് പൂജ്യത്തിനാണ് റായിഡു പുറത്തായത്. ആര്‍ അശ്വിന്റെ ഓവറില്‍ അജിന്‍ക്യ രഹാനെ പുറത്തായതിന് പിന്നാലെ ഉത്തരവാദിത്തമില്ലാതെ മോശം ഷോട്ട് കളിച്ച് റായിഡു പുറത്തായത് മത്സരത്തില്‍ സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായി. ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് വീണത് രാജസ്ഥാന് ആത്മവിശ്വാസവും സിഎസ്‌കെയ്ക്ക് സമ്മര്‍ദ്ദവും നല്‍കി.
റായിഡു മികച്ചൊരു പ്രകടനം നടത്തിയിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ സാധിച്ചേക്കുമായിരുന്നു. എന്നാല്‍ ഇംപാക്ട് താരമായെത്തി യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെയാണ് റായിഡു പുറത്തായത്. ഇത് നിരാശപ്പെടുത്തുന്നു. മികച്ച നിലയില്‍ പോകുന്ന സിഎസ്‌കെയില്‍ ഏറ്റവും മോശം ഫോമില്‍ കളിക്കുന്നത് റായിഡുവാണ്. ഈ സാഹചര്യത്തില്‍ താരത്തെ മാറ്റിനിര്‍ത്തുന്നതാണ് സിഎസ്‌കെയുടെ മുന്നോട്ടുള്ള യാത്രയില്‍ നല്ലതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
അജിന്‍ക്യ രഹാനെയെ ഫോമിലേക്കെത്തിച്ചതുപോലെ റായിഡു ഫോമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. സീസണില്‍ ഒരു മികച്ച പ്രകടനംപോലും റായിഡു കാഴ്ചവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ റായിഡുവിനെ ഇനിയും പിന്തുണക്കുന്നതും അവസരം നല്‍കുന്നതും ടീമിനെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആരാധകര്‍ പറയുന്നു. അടുത്ത മത്സരത്തിലെങ്കിലും സിഎസ്‌കെ റായിഡുവിനെ പുറത്തിരുത്താന്‍ തയ്യാറാവണം.
അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് റായിഡു. എന്നാല്‍ സിഎസ്‌കെ ടീം മാനേജ്‌മെന്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഈ സീസണില്‍ കളിക്കാന്‍ തയ്യാറായ താരമാണ് റായിഡു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ റായിഡു വിരമിക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.