ജയ്പൂര്‍: ഐപിഎല്ലിലെ സൂപ്പര്‍ താര പരിവേഷമുള്ളവരിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. വെടിക്കെട്ട് ബാറ്റിങ് നടത്തിയ നിരവധി തവണ കൈയടി നേടിയ സഞ്ജു ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയിലും ശോഭിക്കുകയാണ്. ഒട്ടുമിക്ക ടീമിനെതിരേയും മികച്ച റെക്കോഡുള്ള സഞ്ജുവിന് പക്ഷം സിഎസ്‌കെയ്‌ക്കെതിരേയെത്തുമ്പോള്‍ മുട്ടിടിക്കും.
സഞ്ജുവിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് ധോണിക്ക് കൃത്യമായ ധാരണയുള്ളതുകൊണ്ടാണ് ഇതുവരെ സിഎസ്‌കെയ്ക്ക് വലിയൊരു ഭീഷണി ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കാതെ പോയത്. സിഎസ്‌കെയ്‌ക്കെതിരേ 14 ഇന്നിങ്‌സ് കളിച്ച സഞ്ജുവിന്റെ ശരാശരി 15.3 മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമാണ് സഞ്ജുവിനെ ധോണിപ്പടയ്‌ക്കെതിരേ നേടാനായത്. അതും 2020ല്‍ ഷാര്‍ജയില്‍.

ഇന്ത്യന്‍ പിച്ചില്‍ ഒരു തവണ പോലും ധോണിയുടെ തന്ത്രങ്ങള്‍ക്ക് മുകളില്‍ കസറാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സ്പിന്നിനെതിരേ സഞ്ജുവിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് ധോണി സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ കൃത്യമായ കുരുക്കില്‍ സഞ്ജു വീണു. ആദ്യ പന്തുകളില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ പേസര്‍ക്കെതിരേ വലിയ ഷോട്ടിന് നിര്‍ബന്ധിതനായ സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
സഞ്ജു വലിയ ആരാധനയോടെ കാണുന്ന താരമാണ് ധോണി. ടോസിനിടെയില്‍ ജയ്പൂരിലെ തടിച്ചുകൂടിയ സിഎസ്‌കെ ആരാധകരുടെ കാരണം ധോണിയാണെന്ന് സഞ്ജു പറയുകയും ചെയ്തിരുന്നു. ഈ സീസണില്‍ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി സഞ്ജു ക്യാപ്റ്റനായി കൈയടി നേടിയെങ്കിലും സ്വന്തം ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ സഞ്ജുവിന് സിഎസ്‌കെയ്‌ക്കെതിരേ തലകുനിക്കേണ്ടി വരും.
സഞ്ജുവിന്റെ സ്ഥിരതയില്ലായ്മക്കെതിരേ ട്രോളുകള്‍ ഉയരുന്നുണ്ട്. നാല് മത്സരങ്ങള്‍ മാത്രമല്ല ഐപിഎല്ലിലുള്ളതെന്ന് സഞ്ജു മനസിലാക്കണമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. എല്ലാ സീസണിലും നന്നായി തുടങ്ങാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തും. ഇടക്കൊരു ഫിഫ്റ്റി നേടി വീണ്ടും തിരിച്ചുവരവ് പ്രതീക്ഷ നല്‍കും. ശേഷം വീണ്ടും ഫ്‌ളോപ്പ് ബാറ്റിങ് തുടരും.

സഞ്ജുവിന്റെ ഈ പ്രകടനമാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്താനുള്ള കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണില്‍ രണ്ട് തവണ സഞ്ജു ഡെക്കായി. യുവതാരങ്ങള്‍പോലും ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടുന്ന കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഓറഞ്ച് ക്യാപ്പ് വേട്ടക്കാരില്‍ ടോപ് അഞ്ചിലെങ്കിലും പേരുചേര്‍ത്ത് അവസാനിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇത് തന്നെയാണ് സഞ്ജുവിന്റെ പ്രശ്‌നവും.
കിരീടം നേടിയാലും സഞ്ജുവിന് ദേശീയ ടീമിലേക്കെത്താന്‍ ബാറ്റിങ്ങില്‍ സ്ഥിരത വേണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ജയ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് സഞ്ജുവാണ്. 17 പന്ത് നേരിട്ട് 17 റണ്‍സാണ് സഞ്ജു നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. മികച്ച രീതിയില്‍ പോയിരുന്ന രാജസ്ഥാനെ 10 ഓവറിന് ശേഷം സഞ്ജു സമ്മര്‍ദ്ദത്തിലാക്കി.
ദ്രുവ് ജുറേലും (15 പന്തില്‍ 34) ദേവ്ദത്ത് പടിക്കലും (13 പന്തില്‍ 27*) മിന്നിച്ചതുകൊണ്ടാണ് 202 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ രാജസ്ഥാനായത്. സഞ്ജു മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നെങ്കില്‍ 220ന് മുകളിലേക്കെങ്കിലും ടീം സ്‌കോറെത്തേണ്ടതായിരുന്നു. എന്നാല്‍ മൂന്നാമനായി ഇറങ്ങി സഞ്ജു മുട്ടിക്കളിച്ചത് രാജസ്ഥാനെ പിന്നോട്ടടിച്ചു. ടീമിനാവശ്യമുള്ള സമയത്ത് അവസരത്തിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
റണ്‍സ് പിന്തുടരുന്ന സമയങ്ങളില്‍ നായകന്റെ ഉത്തരവാദിത്തം കാട്ടാനും സഞ്ജുവിനാകുന്നില്ല. ആര്‍സിബിക്കെതിരേ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ സഞ്ജുവിന്റെ ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് എല്ലാവരും കണ്ടതാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വളരാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. എന്നാല്‍ ഇതിനായി ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.