ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ക്ക് മുകളില്‍ സഞ്ജു സാംസണ്‍ കണക്കുകൂട്ടിയപ്പോള്‍ അത് രാജസ്ഥാന് 32 റണ്‍സിന്റെ വമ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സഞ്ജുവും സംഘവും കാട്ടിയ അച്ചടക്കം മത്സരത്തില്‍ നിര്‍ണ്ണായകമായി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റിന് 170 റണ്‍സാണ് നേടാനായത്. ജയ്പൂരിലെ റെക്കോഡ് ടോട്ടലിനെ മറികടക്കാന്‍ കെല്‍പ്പുള്ളവരാണ് സിഎസ്‌കെയെങ്കിലും അതിന് സമ്മതിക്കാതെ സഞ്ജു പിടിച്ചുകെട്ടി.

സിഎസ്‌കെയ്ക്ക് പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാതെ പോയെങ്കിലും മധ്യ ഓവറില്‍ ശിവം ദുബെയിലൂടെയും മോയിന്‍ അലിയിലൂടെയും സിഎസ്‌കെ തിരിച്ചുവരവ് നടത്തുമെന്ന് തോന്നിച്ചു. എന്നാല്‍ സഞ്ജുവിന്റെ നായക മികവില്‍ പിറന്ന തന്ത്രങ്ങളാണ് സിഎസ്‌കെയുടെ പദ്ധതികളെ തകര്‍ത്തത്. പവര്‍പ്ലേയില്‍ 42 റണ്‍സ് മാത്രം നേടിയ സിഎസ്‌കെ 12 ഓവറിന് ശേഷം ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. ശിവം ദുബെയാണ് അതിന് മുന്നിട്ടിറങ്ങിയത്.
മോയിന്‍ അലിയും പതിയെ താളം കണ്ടെത്തിയപ്പോഴാണ് സഞ്ജുവിന്റെ മാസ്റ്റര്‍പ്ലാന്‍. 15ാം ഓവറില്‍ ആദം സാംബയെ പന്തേല്‍പ്പിക്കാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് വഴിത്തിരിവായത്. ആര്‍ അശ്വിന്റെ ഓവര്‍ നേരത്തെ പൂര്‍ത്തിയാക്കിയ സഞ്ജു സാംബയില്‍ വിശ്വാസം അര്‍പ്പിച്ചു. 15ാം ഓവറിന്റെ അഞ്ചാം പന്തില്‍ മോയിന്‍ അലിയെ സാംബ പുറത്താക്കി. അതും സഞ്ജുവിന്റെ ഗംഭീര ക്യാച്ചില്‍.
ഈ വിക്കറ്റ് വീണതാണ് സിഎസ്‌കെയുടെ കൈയില്‍ നിന്ന് കളി നഷ്ടപ്പെടുത്തിയത്. 16ാം ഓവറില്‍ ജേസന്‍ ഹോള്‍ഡറെ പ്രതീക്ഷിച്ചപ്പോള്‍ സന്ദീപ് ശര്‍മയെ കൊണ്ടുവന്ന ബുദ്ധിക്കും സഞ്ജുവിന് കൈയടിക്കണം. ഈ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. മികച്ച ഫോമില്‍ നില്‍ക്കുന്ന ശിവം ദുബെയെ ഒന്നും ചെയ്യാന്‍ അനുവദിക്കാതെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് സന്ദീപ് കാഴ്ചവെച്ചത്.
17ാം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ 16 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ അടുത്ത ഓവര്‍ സഞ്ജു വീണ്ടും സന്ദീപിന് പന്ത് നല്‍കി. 20ാം ഓവറിലേക്ക് കളിയെത്തുന്നതിന് മുമ്പ് വിജയം ഉറപ്പിക്കണമെന്ന സഞ്ജുവിന്റെ വാശിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പറയാം. 18ാം ഓവറില്‍ സന്ദീപ് 12 റണ്‍സ് മാത്രം വിട്ടുകൊടുത്തതോടെ സിഎസ്‌കെയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ 20ാം ഓവറില്‍ എംഎസ് ധോണിയെ പിടിച്ചുകെട്ടി രാജസ്ഥാന് വിജയം സമ്മാനിച്ച സന്ദീപിന്റെ അതേ ബൗളിങ് മികവാണ് ഇത്തവണയും രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. ട്രന്റ് ബോള്‍ട്ടെന്ന് വജ്രായുധം ഇല്ലാതിരുന്നിട്ടും സന്ദീപിനെ നന്നായി ഉപയോഗിച്ച് രാജസ്ഥാന് വിജയം നേടിക്കൊടുക്കാന്‍ സഞ്ജുവിന്റെ നായക മികവിന് സാധിച്ചു. സന്ദീപിന്റെ രണ്ടോവറാണ് കളിയുടെ ഗതിമാറ്റിയതെന്ന് പറയാം.

നായകനെന്ന നിലയില്‍ സഞ്ജുവിന്റെ മറ്റ് ചില തീരുമാനങ്ങളും മത്സരത്തില്‍ നിര്‍ണ്ണായകമായി. അതില്‍ എടുത്തു പറയേണ്ടത് ബാറ്റിങ് ഓഡറില്‍ അവസരത്തിനൊത്ത് വരുത്തിയ മാറ്റമാണ്. മൂന്നാമനായെത്തിയ സഞ്ജുവിന് 17 പന്തില്‍ 17 റണ്‍സാണ് നേടാനായത്. റണ്‍റേറ്റ് താഴോട്ട് പോയപ്പോള്‍ സഞ്ജു ഷിംറോന്‍ ഹെറ്റ്‌മെയറെ നാലാം നമ്പറിലിറക്കി.
എന്നാല്‍ 10 പന്തില്‍ എട്ട് റണ്‍സാണ് നേടാനായത്. പിന്നീട് ദ്രുവ് ജൂറേലിനെ കളത്തിലെത്തിച്ചത് നിര്‍ണ്ണായക നീക്കമായി. 15 പന്തില്‍ 34 റണ്‍സാണ് ജൂറേല്‍ നേടിയത്. ദേവ്ദത്ത് പടിക്കലിന്റെ അപ്രതീക്ഷിത കാമിയോയും 200 കടക്കാന്‍ രാജസ്ഥാനെ സഹായിച്ചു. 13 പന്തില്‍ 27 റണ്‍സുമായി ദേവ്ദത്ത് പുറത്താവാതെ നിന്നു. ആക്രമിച്ച് കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ നേരത്തെ ഇറക്കിയത് സഞ്ജുവിന്റെ നായക മികവാണ്.
മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ചിന്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ ജേസന്‍ ഹോള്‍ഡര്‍ ഇപ്പോഴും ബാറ്റിങ്ങിലേക്കെത്തുന്നില്ലെന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നു. ഹോള്‍ഡറെക്കാളും നന്നായി അശ്വിന്‍ ബാറ്റ് ചെയ്യുമെന്ന ചിന്തയിലാണ് ഇപ്പോഴും രാജസ്ഥാനുള്ളതെന്നതാണ് ഇന്നലത്തെ മത്സരത്തില്‍ നിന്നും വ്യക്തമാവുന്നത്.