ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിലും രാജസ്ഥാന്‍ റോയല്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്നോട്ടുവെച്ച 203 എന്ന വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റിന് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. തട്ടകത്തില്‍ തോല്‍പ്പിച്ച രാജസ്ഥാനോട് അവരുടെ തട്ടകത്തില്‍ മറുപടി പറയാനുള്ള അവസരമാണ് സിഎസ്‌കെ നഷ്ടപ്പെടുത്തിയത്.
രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിലും സഞ്ജുവിന്റെ തന്ത്രങ്ങള്‍ ധോണിയുടെ തന്ത്രങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആരാധകര്‍. രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ പവര്‍പ്ലേയ്ക്കുള്ളില്‍ പൂട്ടാന്‍ ധോണിക്ക് സാധിക്കാതെ പോയതാണ് തോല്‍വിയുടെ പ്രധാന കാരണമായത്.

യശ്വസി ജയ്‌സ്വാള്‍ പേസിനെ നന്നായി കളിക്കുന്ന താരമാണ്. എന്നാല്‍ സ്പിന്നിനെതിരേ താരത്തിന് ദൗര്‍ബല്യങ്ങളേറെ. എന്നാല്‍ ജയ്‌സ്വാളിനെതിരേ കൂടുതല്‍ സ്പിന്‍ ആക്രമണത്തിന് ധോണി മുതിരാതിരുന്നത് വലിയ പിഴവാണെന്നാണ് ആരാധകര്‍ പറയുന്നത്. മോയിന്‍ അലിയെ പവര്‍പ്ലേയില്‍ ഉപയോഗിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള സ്പിന്നറാണ് മോയിന്‍.
എന്നാല്‍ ധോണി അതിന് തയ്യാറാവാത്തത് രാജസ്ഥാന്റെ ഓപ്പണിങ് നിര 86 റണ്‍സ് കൂട്ടുകെട്ടിലേക്കെത്താന്‍ സഹായിച്ചു. പവര്‍പ്ലേയില്‍ ധോണി സ്പിന്നേഴ്‌സിനെ കൂടുതല്‍ ഉപയോഗിക്കാതിരുന്നത് തിരിച്ചടിയായി. രാജസ്ഥാനെ മധ്യ ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ ധോണിക്ക് സാധിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ കളി മറന്നു. റണ്ണൗട്ട് അവസരം പാഴാക്കിയ മതീഷ പതിരണയോട് ധോണി ദേഷ്യപ്പെടുന്നതും മത്സരത്തില്‍ കണ്ടു.
ഇംപാക്ട് പ്ലയറായി അമ്പാട്ടി റായിഡുവിനെ ഉപയോഗിച്ചതാണ് ആരാധകര്‍ വലിയ മണ്ടത്തരമായി പറയുന്നത്. റായിഡുവിന് ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാനായിട്ടില്ല. മിക്ക ടീമുകളും യുവതാരങ്ങളെ കൊണ്ടുവന്ന് ഞെട്ടിക്കുമ്പോള്‍ സിഎസ്‌കെ ബാറ്റിങ് നിരയിലേക്ക് യുവതാരത്തെ പരിഗണിക്കുന്നില്ലെന്നത് നിരാശപ്പെടുത്തുന്നു. പ്രധാപകാലം കഴിഞ്ഞ റായിഡുവിനെ ഇപ്പോഴും വിശ്വസിക്കുന്നത് ധോണിയുടെ മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം.
അടുത്ത മത്സരത്തില്‍ റായിഡുവിന് പകരം മികച്ച ഇംപാക്ട് താരത്തെ കണ്ടെത്തണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഫീല്‍ഡിങ്ങിന് പോലും ഇറങ്ങാതെ ബാറ്റിങ്ങിനായി മാത്രം പരിഗണിച്ചിട്ടും തിളങ്ങാനാവാത്ത റായിഡുവിന് അടുത്ത മത്സരത്തില്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. എംഎസ് ധോണി ബാറ്റിങ്ങിനിറങ്ങാത്തതും ആരാധകരെ നിരാശപ്പെടുത്തുന്നു. രവീന്ദ്ര ജഡേജക്ക് മുമ്പ് ധോണി എത്തണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ധോണി ആദ്യ മത്സരങ്ങളില്‍ ഫിനിഷിങ് മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാറ്റിങ്ങിനിറങ്ങാന്‍ വിമുഖത കാട്ടുന്നു. ധോണിയുടെ ബാറ്റിങ് കാണാന്‍ തടിച്ചുകൂടിയവരെ അദ്ദേഹം നിരാശപ്പെടുത്തിയെന്ന പരിഭവവും ആരാധകര്‍ പറയുന്നു. ഫീല്‍ഡിങ്ങില്‍ സിഎസ്‌കെ മികവ് കാട്ടിയെങ്കിലും പവര്‍പ്ലേയിലും ഡെത്ത് ഓവറിലും റണ്ണൊഴുക്ക് തടയാനാവാതെ പോയതാണ് സിഎസ്‌കെയുടെ തോല്‍വിയുടെ പ്രധാന കാരണം.

ധോണിക്കും സംഘത്തിനും വലിയ നാണക്കേടായി ഈ തോല്‍വി മാറിയിരിക്കുകയാണ്. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും രാജസ്ഥാനോട് സിഎസ്‌കെ നാണംകെട്ടു. ആദ്യ തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ഞെട്ടിക്കാന്‍ രാജസ്ഥാനായിരുന്നു. ഇപ്പോള്‍ സ്വന്തം മണ്ണിലും രാജസ്ഥാന്‍ സിഎസ്‌കെയെ തകര്‍ത്ത് കൈയടി നേടുകയാണ്.
ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ മികവ് കാട്ടിയ മത്സരംകൂടിയാണിത്. സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിനായി. ടീമിന്റെ തുറുപ്പുചീട്ടായ ട്രന്റ് ബോള്‍ട്ട് പരിക്കിനെത്തുടര്‍ന്ന് കളിക്കാതിരുന്നിട്ടും സിഎസ്‌കെയെ പിടിച്ചുകെട്ടാന്‍ രാജസ്ഥാനായി എന്നതാണ് എടുത്തു പറയേണ്ടത്. 17 പന്തില്‍ 17 റണ്‍സുമായി ബാറ്റിങ്ങില്‍ സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിച്ച് അദ്ദേഹം കൈയടി നേടി.