മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായുമെല്ലാം തിളങ്ങുന്ന സഞ്ജു അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്കെത്തിച്ചിരുന്നു. ഐപിഎല്ലില്‍ ആരാധകരുടെ ഹീറോയായി മാറുമ്പോഴും ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരം സ്ഥാനം ലഭിക്കുന്നില്ല.
വിക്കറ്റിന് പിന്നിലും മികവ് കാട്ടുന്ന സഞ്ജുവിന് എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതെന്നതാണ് പ്രധാന ചോദ്യം. അതിന് കാരണം സഞ്ജു തന്നെയാണെന്നതാണ് സത്യം. പല മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയതുപോലെ സഞ്ജുവിന്റെ ബാറ്റിങ്ങിലെ അലസതയാണ് താരത്തെ പിന്നോട്ടടിക്കുന്ന കാര്യം. ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങാണ് സഞ്ജുവിന്റേത്. സാങ്കേതികയില്‍ വിശ്വസിക്കാതെ ഭാഗ്യത്തില്‍ വിശ്വസിക്കുന്ന താരമാണ് സഞ്ജു.

സഞ്ജുവിന്റെ ആക്രമണോത്സകത എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു പക്ഷെ ടീമിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നവനല്ല. തന്റെ ഇഷ്ടത്തിനനുസരിച്ച് ഏത് സാഹചര്യത്തിലും വലിയ ഷോട്ട് കളിക്കുന്നതുകൊണ്ടാണ് സഞ്ജുവിന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തത്. ടീമിന്റെ അവസരത്തിനൊത്ത് സഞ്ജു ബാറ്റ് ചെയ്യില്ല. തന്റെ കരുത്തില്‍ അമിത ആത്മവിശ്വാസം കാട്ടുന്നു.
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു ഈ അലസ സ്വഭാവം കാട്ടിയിട്ടുണ്ട്. സ്ഥിരതയോടെ കളിച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാകാന്‍ സഞ്ജു ശ്രമിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിന് ടീമിനെ വിജയിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ശ്രീലങ്കയ്‌ക്കെതിരേയാണ് സഞ്ജുഅവസാന ടി20 മത്സരം കളിച്ചത്.

ഈ മത്സരത്തിലും സഞ്ജു നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കാതെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് നിരാശപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന് സഞ്ജുവിനെക്കാള്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണം ഇഷാന്റെ വലിയ സ്‌കോര്‍ നേടാനുള്ള കഴിവാണ്. ഏകദിനത്തില്‍ ഇഷാന്‍ ഇരട്ട സെഞ്ച്വറിയടക്കം ഇന്ത്യക്കായി നേടി. സഞ്ജുവിന് ഇതുവരെ സെഞ്ച്വറി നേടാന്‍ പോലും സാധിച്ചിട്ടില്ല.
സഞ്ജുവിന് 10 തുടര്‍ മത്സരങ്ങളെങ്കിലും നല്‍കണമെന്നാണ് കൂടുതല്‍ ആരാധകരും വാദിക്കുന്നത്. എന്നാല്‍ ഒരു പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ മുതലാക്കാതെ സഞ്ജുവിന് എങ്ങനെ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാവും?. മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട് സഞ്ജുവിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് ഒരു തവണ കൃത്യമായി പറഞ്ഞിരുന്നു. 'സഞ്ജു തന്റെ കരുത്തില്‍ അമിത ആത്മവിശ്വാസമുള്ള താരമാണ്.
ഏത് ബൗളറേയും കടന്നാക്രമിക്കാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം സഞ്ജുവിനുണ്ട്. വനിന്‍ഡു ഹസരങ്കയോട് സഞ്ജു എപ്പോഴും പതറാന്‍ കാരണം അവന്റെ ഈഗോയാണ്. ക്ഷമ, ക്രിക്കറ്റ് ബുദ്ധി എന്നിവ സഞ്ജുവിന് കുറവാണ്. ഐപിഎല്ലില്‍ ആക്രമിച്ച് ബാറ്റ് ചെയ്യുന്നതുപോലെ ദേശീയ ക്രിക്കറ്റില്‍ കളിക്കാനാവില്ല. അതിന് സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള ക്ഷമ വേണം' എന്നാണ് ബട്ട് പറഞ്ഞത്.
സഞ്ജു 2015 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. സ്ഥിരം അവസരമില്ലെങ്കിലും ഇടക്കിടെയെങ്കിലും ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ഒരു ഇന്നിങ്‌സ് പോലും സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ആരാധകരുടെ അമിത പ്രശംസ മാറ്റിനിര്‍ത്തിയാല്‍ സഞ്ജു ഒരു ശരാശരി താരം മാത്രമാണ്. സൂര്യകുമാര്‍ യാദവിനെപ്പോലെയോ ഇഷാനെപ്പോലെയോ സവിശേഷമായ കഴിവ് സഞ്ജുവിനില്ല.

ഒറ്റക്ക് സഞ്ജു കളി ജയിപ്പിച്ച മത്സരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലുമില്ല. എല്ലാ താരങ്ങളെപ്പോലെ തന്റേതായ ദിവസം വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരതയോടെ കാട്ടാന്‍ ഐപിഎല്ലില്‍ പോലും സഞ്ജുവിന് സാധിച്ചിട്ടില്ല. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചില്‍ പോലുമെത്താത്ത താരമാണ് സഞ്ജു.
നിലവില്‍ ഊതി വീര്‍പ്പിച്ച കുമിള മാത്രമാണ് സഞ്ജു. ആരാധകരുടെ ഹീറോയാണെങ്കിലും പ്രകടന മികവില്‍ സഞ്ജു ശരാശരി മാത്രം. ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് ബാറ്റ് ചെയ്യുന്നത് സഞ്ജുവിന്റെ ടെക്‌നിക്കുകളും ഏറെ മെച്ചപ്പെടാനുണ്ട്. അലസനായ ബാറ്റ്‌സ്മാനെന്ന വിശേഷണം സഞ്ജു നിലവില്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.