ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി അഞ്ച് തവണ സിഎസ്‌കെയേയും ജേതാക്കളാക്കി. ആരും ചിന്തിക്കാത്ത വഴിയിലൂടെ പോവുകയും അത്ഭുത ജയങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യാന്‍ സവിശേഷമായ മികവ് ധോണിക്കുണ്ട്.
ഓരോ താരത്തിന്റെയും പ്രതിഭ തിരിച്ചറിയാനും വളര്‍ത്തിക്കൊണ്ടുവരാനും ധോണിക്ക് അസാധ്യ മികവാണുള്ളത്. കരിയറില്‍ പ്രയാസപ്പെട്ട സാഹചര്യങ്ങളില്‍ ധോണിയുടെ പിന്തുണകൊണ്ട് സൂപ്പര്‍ താരങ്ങളായി വളര്‍ന്ന ചില താരങ്ങളുണ്ട്. കരിയര്‍ തീര്‍ന്നെന്ന് കരുതിയിടത്തുനിന്ന് സൂപ്പര്‍ താരമായി ഇവരില്‍ പലരും വളരുകയും ചെയ്തു. ഇത്തരത്തില്‍ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമായി ധോണിയുടെ പിന്തുണയില്‍ വളര്‍ന്ന നാല് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അജിന്‍ക്യ രഹാനെയാണ് ഇതിലൊരാള്‍. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ താരമാണ് രഹാനെ. ഐപിഎല്ലിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ രഹാനെയുടെ കരിയര്‍ അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. 2022 സീസണില്‍ കെകെആറിനായി കളിച്ച രഹാനെക്ക് മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സിഎസ്‌കെ രഹാനെയെ സ്വന്തമാക്കി. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നപ്പോള്‍ പോലും കാട്ടാത്ത പ്രകടനമികവാണ് രഹാനെ ഇത്തവണ കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 326 റണ്‍സ് നേടിയ രഹാനെയുടെ സ്‌ട്രൈക്കറേറ്റ് 172ന് മുകളിലാണ്. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും രഹാനെക്ക് തിരിച്ചുവരാനായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലും രഹാനെ ഉള്‍പ്പെട്ടിട്ടുണ്ട്. ധോണിയുടെ നിര്‍ണ്ണായക ഇടപെടലാണ് രഹാനെയുടെ തിരിച്ചുവരവിന് കരുത്തായത്.
വിരാട് കോലിയുടെ വളര്‍ച്ചക്ക് പിന്നിലും ധോണിക്ക് പങ്കുണ്ട്. കരിയറിലുടെനീളം കോലിയെ പിന്തുണച്ച ധോണി കൃത്യ സമയത്ത് നായകസ്ഥാനം കോലിക്ക് കൈമാറുകയും ചെയ്തു. കോലിക്ക് കീഴില്‍ കളിക്കാന്‍ ധോണി മടികാട്ടിയതേയില്ല. ടെസ്റ്റില്‍ നേരത്തെ കളി നിര്‍ത്തിയ ധോണി കോലിക്ക് നായകസ്ഥാനം കൈമാറി. ഇതോടെ ടെസ്റ്റിലെ സൂപ്പര്‍ നായകന്മാരുടെ പട്ടികയിലേക്കുയരാനും കോലിക്ക് സാധിച്ചു.
ഇന്ത്യ രണ്ടുതവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതും കോലി വളര്‍ത്തിയ ടീമുമായാണ്. നായകനെന്ന നിലയില്‍ അഭിമാന നേട്ടങ്ങള്‍ ഇതിനോടകം കോലി സ്വന്തം പേരിലാക്കി. കോലിയുടെ കരിയറിലെ നിര്‍ണ്ണായക സമയത്ത് നായകസ്ഥാനം കൈമാറാന്‍ ധോണി തയ്യാറായതാണ് എടുത്തു പറയേണ്ടത്. അല്ലായിരുന്നെങ്കില്‍ ധോണിയുടെ നിഴലായി കോലി ഒതുങ്ങിപ്പോകുമായിരുന്നു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കെത്തിയ കളിക്കാരനാണ് ശിവം ദുബെ. എന്നാല്‍ ഫോം നഷ്ടമായതോടെ ദുബെ തഴയപ്പെട്ടു. ഐപിഎല്ലിലും സ്ഥിരത കണ്ടെത്താനാവാതെ ദുബെ പതറി. എന്നാല്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഗംഭീര പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. ധോണിക്ക് കീഴില്‍ കൃത്യമായി ഉപയോഗിക്കപ്പെട്ടതോടെ ദുബെക്ക് കസറാന്‍ സാധിച്ചു.
16 മത്സരത്തില്‍ നിന്ന് 458 റണ്‍സുമായി സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ ദുബെ നിര്‍ണ്ണായക പങ്കുവഹിച്ചു. 35 സിക്‌സുകളാണ് ദുബെ പറത്തിയത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള ദുബെയുടെ തിരിച്ചുവരവ് പ്രതീക്ഷകളും സജീവമായിരിക്കുകയാണ്. നാലാമത്തെ താരം രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സ് നായകനായും ഇന്ത്യന്‍ നായകനായും രോഹിത് വളരാനുള്ള കാരണം ധോണിയാണ്.
മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ സാധിക്കാതെ പ്രയാസപ്പെടുകയായിരുന്നു. ഈ സമയത്താണ് ധോണി രോഹിത്തിനോട് ഓപ്പണിങ്ങില്‍ കളിക്കാന്‍ ആവിശ്യപ്പെട്ടത്. ഇതോടെ അദ്ദേഹത്തിന്റെ കരിയറും മാറി. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി പ്രകടനവും രോഹിത് നേടിയിട്ടുണ്ട്.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും നായകനായുള്ള രോഹിത്തിന്റെ വളര്‍ച്ചയില്‍ ധോണിയുടെ ഇടപെടലാണ് നിര്‍ണ്ണായകം. അന്ന് ധോണി പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ രോഹിത്തിന്റെ കരിയര്‍ നേരത്തെ തന്നെ അവസാനിക്കാനുള്ള സാധ്യത കൂടുതലായിരുന്നുവെന്ന് തന്നെ വിലയിരുത്താം.