ഐപിഎല്ലിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഴുവന്‍ മല്‍സരങ്ങളിലും നായകന്‍ രോഹിത് ശര്‍മ കളിക്കില്ലെന്നു റിപ്പോര്‍ട്ട്. തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്തരമൊരു നീക്കത്തിനു മുതിരുന്നതെന്നാണ് വിവരം. രോഹിത്തിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഈ മല്‍സരങ്ങളില്‍ മുംബൈയെ നയിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വര്‍ഷമാണിത്. ജൂണില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. കൂടാതെ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ലോകകപ്പും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്് വളരെ നിര്‍ണായക താരമാണ് രോഹിത്. അതുകൊണ്ടു തന്നെ പരിക്കുകളുടെ തോഴനായ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയുടെ മൂന്നു പ്രധാനപ്പെട്ട താരങ്ങളായ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ വീണ്ടുമൊരാള്‍ക്കു കൂടി പരിക്കേറ്റാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ ക്ഷീണമാവും. ഇതു കണക്കിലെടുത്താണ് ഐപിഎല്ലിലെ കുറച്ചു മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം രോഹിത് സ്വീകരിച്ചിരിക്കുന്നത്.
മുംബൈയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ലെങ്കിലും ടീമിനൊപ്പം തന്നെ രോഹിത് വിവിധ വേദികളിലേക്കു യാത്ര ചെയ്യും. കൂടാതെ ക്യാപ്റ്റന്‍സിയില്‍ സൂര്യയെ സഹായിക്കുകയും ചെയ്യും. കളിക്കിടെ തന്നെ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം സൈഡ്‌ലൈനില്‍ തന്നെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഐപിഎല്ലിലെ കുറച്ചു മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ചിലരാവട്ടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.
രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ഈ നീക്കത്തെ പരിഹസിച്ചത്. രോഹിത് ശര്‍മ തന്റെ ജോലിഭാരമല്ല, മറിച്ച് ഫിറ്റ്‌നസാണ് നന്നായി മാനേജ് ചെയ്യേണ്ടതെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്. ഐപിഎല്ലില്‍ ഇത്തവണത്തെ മല്‍സരങ്ങളില്‍ അംപയര്‍മാര്‍ കൂടിയില്ലെങ്കില്‍ അതു മുംബൈ ഇന്ത്യന്‍സ് ആരാധകരെ കൂടുതല്‍ ആശങ്കയിലാക്കുമെന്നായിരുന്നു ഒരു പരിഹാസം. മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കുമെന്നു നേരിട്ടല്ലാതെ പറയുകയാണ് ഈ തീരുമാനമെന്നായിരുന്നു ഒരു പ്രതികരണം.

പതിവുപോലെ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്ന പുതിയ സീസണിലെ മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് വിജയിക്കും. രോഹിത് ശര്‍മ നയിക്കുന്ന മല്‍സരങ്ങളിലാവട്ടെ ടീം പരാജയപ്പെടുകയും ചെയ്യുമെന്നും ഒരു യൂസര്‍ പരിഹസിച്ചു. രോഹിത് ശര്‍മയുടെ ഈ തീരുമാനത്തോടെ റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള മല്‍സരം മുംബൈ ഇന്ത്യന്‍സ് ജയിക്കാനുള്ള സാധ്യത 0.1 ശതമാനത്തില്‍ നിന്നും 0.5 ശതമാനത്തിലേക്കു ഉയര്‍ന്നിട്ടുണ്ടെന്നായിരുന്നു ഒരു പ്രതികരണം. രോഹിത് ശര്‍മ വരാനിരിക്കുന്ന സീസണില്‍ മുഴുവന്‍ പുറത്തിരിക്കണം. അദ്ദേഹം സ്ഥിരതയോടെ സ്‌കോര്‍ ചെയ്ത അവസാനത്തെ ഐപിഎല്ലിലെ അവസാനത്തെ സീസണ്‍ എപ്പോഴായിരുന്നുവെന്നും ഒരു യൂസര്‍ ചോദിക്കുന്നു.