ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയറെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിയാണ് അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്. ഈ കിരീടനേട്ടങ്ങള്‍ക്കെല്ലാം മുംബൈ കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടാണ്. കാരണം ഒരു കിരീടം പോലുമില്ലാതെ വലഞ്ഞ മുംബൈയെ ട്രോഫികളുടെ കൂട്ടുകാരനാക്കി മാറ്റിയത് ഹിറ്റ്മാനാണ്.
അതുവരെ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് എന്നിവരടക്കം നയിച്ചിട്ടു മുംബൈയ്ക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചില്ല. 2013ലായിരുന്നു രോഹിത്തിനു മുംബൈയുടെ ക്യാപ്റ്റന്‍സി ലഭിക്കുന്നത്. ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്നു സീസണിന്റെ മധ്യത്തില്‍ വച്ച് പോണ്ടിങ് നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. അതിനു ശേഷം മുംബൈയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഞ്ചു ട്രോഫികളാണ് രോഹിത് മുംബൈയുടെ ഷെല്‍ഫിലെത്തിച്ചത്.

മുംബൈ ടീമിന്റെ നായകസ്ഥാനത്തേക്കു താന്‍ ആദ്യമായെത്തിയ ആ നിമിഷത്തെക്കുറിച്ച് വെളിപ്പെടത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റാര്‍സ് ഓണ്‍ സ്റ്റാര്‍ (stars on star) എന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു ഹിറ്റ്മാന്‍ ഇതേക്കുറിച്ച് മനസ്സ് തുറന്നത്. അന്നു മുംബൈ ടീമിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന അനില്‍ കുംബ്ലെയാണ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ആദ്യം ഫോണില്‍ തന്നെ വിളിച്ച് അറിയിച്ചതെന്നു രോഹിത് പറയുന്നു.
ഞങ്ങളുടെ ഏഴാമത്തെ മാച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുകയായിരുന്നു. ഞങ്ങള്‍ ആ സമയത്തു മൂന്നു വീതം കളിയില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിരുന്നു. കെകെആറുമായുള്ള മാച്ചിന്റെ തലേദിവസം രാത്രിയാണ് അനില്‍ കുംബ്ലെ വിളിക്കുന്നത്. നാളത്തെ മല്‍സരത്തില്‍ നിങ്ങളെ ക്യാപ്റ്റനാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം രാവിലെ സാധാരണ മുറിയില്‍ നിന്നും സ്വീറ്റ് റൂമിലേക്കു എന്നെ മാറ്റിയെന്നു അറിഞ്ഞതോടെയാണ് എന്നെ ക്യാപ്റ്റനാക്കിയെന്നും ഇതു ശരിക്കും സംഭവിക്കാന്‍ പോവുകയാണെന്നും ഉറപ്പിച്ചത്. കാരണം ക്യാപ്റ്റന് സ്വീറ്റ് റൂമാണ് ലഭിച്ചിരുന്നതെന്നും രോഹിത് ചിരിയോടെ പറഞ്ഞു.
അതിനു ശേഷ ഞാന്‍ അനില്‍ ഭായ് (അനില്‍ കുംബ്ലെ) റിക്കി പോണ്ടിങ് (റിക്കി പോണ്ടിങ്) എന്നിവരെ കാണാന്‍ പോയി. ടീം റൂമില്‍ ഇരുവര്‍ക്കുമൊപ്പം മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരും ഉണ്ടായിരുന്നു. എന്തൊക്കെയാണ് ക്യാപ്റ്റന്‍സിയെക്കുറിച്ച് നിങ്ങളുടെ പ്ലാനെന്നും എങ്ങനെയുള്ള ടീമാണ് വേണ്ടതെന്നും എന്നോടു ചോദിച്ചു. സാധാരണയായി ഇങ്ങനെ സംഭവിക്കാറില്ല. പുതുതായി ക്യാപ്റ്റനാവുമ്പോള്‍ കോച്ചും ടീം മാനേജ്‌മെന്റും ഒരു ടീമിനെ തീരുമാനിക്കുകയും അതിനെ നയിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യാറുള്ളത്. പക്ഷെ അന്നു നിങ്ങള്‍ക്കു എങ്ങനെയുള്ള ടീമിനെയാണ് ആവശ്യമെന്നു അവര്‍ ചോദിച്ചപ്പോള്‍ തനിക്കു ആശ്ചര്യവും ഞെട്ടലും തോന്നിയെന്നും രോഹിത് വിശദമാക്കി.

അനില്‍ കുംബ്ലെയും റിക്കി പോണ്ടിങും വളരെ സീനിയറായിട്ടുള്ള ക്രിക്കറ്റര്‍മാരാണ്. ഇരുവരും കൂടി 800-900 അന്താരാഷ്ട്ര മല്‍സരങ്ങളിലെങ്കിലും കളിച്ചിട്ടുണ്ടാവും. വെറുമൊരു പേരിനു വേണ്ടിയല്ല എന്നെ അന്നു ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത്. അത്രയേറെ അനുഭവസമ്പത്തുണ്ടായിട്ടും നിങ്ങള്‍ക്കു എങ്ങനെയുള്ള ടീമിനെയാണ് വേണ്ടതെന്നും ടീമില്‍ ആരൊക്കെ വേണമെന്നും കുംബ്ലെയും പോണ്ടിങും ചോദിക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം എന്തു പറയണമെന്ന അവസ്ഥലിലായിരുന്നു. കാരണം ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്.
കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്നു ഞാന്‍ ആദ്യം നോക്കുകയായിരുന്നു. താന്‍ കളിക്കാനില്ലെന്നു പോണ്ടിങ് അറിയിച്ചതോട മുന്‍നിരയിലേക്കു ഒരു താരത്തെ ഞങ്ങള്‍ക്കു കൊണ്ടു വരേണ്ടിവന്നു. ഈഡന്‍ ഗാര്‍ഡന്‍സിലെ ആ സമയത്തെ വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി മൂന്നു സ്പിന്നര്‍മാരെയും ഞാന്‍ ടീമിലുള്‍പ്പെടുത്തി. യുസ്വേന്ദ്ര ചഹലായിരുന്നു മൂന്നാമത്തെ സ്പിന്നര്‍. ഹര്‍ഭജന്‍ സിങും പ്രഗ്യാന്‍ ഓജയുമായിരുന്നു മറ്റു സ്പിന്നര്‍മാര്‍. ഐപിഎല്ലില്‍ ചഹലിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു അത്. മല്‍സരത്തില്‍ മുംബൈ ജയിക്കുകയും ചെയ്തതായി രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.