IPL 2023: അര്‍ജുന്‍ ഇത്തവണ അരങ്ങേറുമോ? വ്യക്തമാക്കി രോഹിത്! പ്രതികരിച്ച് ആരാധകര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ആവേശ കാഴ്ചകള്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള വാശിയേറിയ ടൂര്‍ണമെന്റാണ് നടക്കാന്‍ പോകുന്നത്. ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ തിരിച്ചുവരവ് ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കുമെന്നുറപ്പ്. ഐപിഎല്ലിലെ ചാമ്പ്യന്‍നിരയായ മുംബൈ ഇന്ത്യന്‍സിന്റെ അവസാന സീസണ്‍ മറക്കാനാഗ്രഹിക്കുന്നതാണ്. അവസാന സ്ഥാനക്കാരായാണ് രോഹിത്തും സംഘവും മടങ്ങിയത്.

ഇത്തവണ മിനിലേലത്തിലൂടെ പിഴവുകള്‍ നികത്തി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താനാണ് മുംബൈ പദ്ധതിയിടുന്നത്. ജോഫ്രാ ആര്‍ച്ചറിന്റെ വരവ് മുംബൈയുടെ കരുത്തുയര്‍ത്തുമെന്നതില്‍ സംശയമില്ല. എന്നാല്‍ ജസ്പ്രീത് ബുംറയുടെ അഭാവം മുംബൈക്ക് തിരിച്ചടിയാണ്. ബുംറക്ക് പകരം ഇതുവരെ താരത്തെ മുംബൈ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്.
2021 മുതല്‍ മുംബൈക്കൊപ്പമുള്ള താരമാണ് അര്‍ജുനെങ്കിലും ഇതുവരെ താരത്തില്‍ ടീം വിശ്വാസം അര്‍പ്പിച്ചിട്ടില്ല. മഹേല ജയവര്‍ധന മാറി മാര്‍ക്ക് ബൗച്ചര്‍ മുംബൈയുടെ മുഖ്യ പരിശീലകനാവുന്ന ഈ സീസണില്‍ അര്‍ജുന് അരങ്ങേറ്റം ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ അര്‍ജുന്റെ അരങ്ങേറ്റം സംബന്ധിച്ച് നിര്‍ണ്ണായക സൂചന നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ.

'അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറുമോയെന്നത് നല്ല ചോദ്യമാണ്. അര്‍ജുന്‍ പരിക്കേറ്റ് വിശ്രമത്തിന് ശേഷം ഇപ്പോള്‍ തിരിച്ചെത്തിയിട്ടേയുള്ളൂ. പരിശീലന മത്സരം അവന്‍ കളിക്കാന്‍ പോവുകയാണ്. അവനെക്കൊണ്ട് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നത് നമുക്ക് കാണാം. അവന്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ബൗളിങ്ങിലേക്ക് വരുമ്പോള്‍ പ്രത്യേകിച്ച് കഴിഞ്ഞ ആറ് മാസത്തോളമായി നന്നായി കളിക്കുന്നു. അതുകൊണ്ട് തന്നെ തീര്‍ച്ചയായും അവന്‍ പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ്.
അവന്‍ കളിക്കുന്നത് ഞങ്ങള്‍ക്കും വളരെ ഗുണംചെയ്യുന്ന കാര്യമാണ്'-രോഹിത് ശര്‍മ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പരിഗണിക്കാത്തതിന് കാരണം ബുംറയുടെ അഭാവം നികത്താന്‍ കഴിവുള്ള താരങ്ങള്‍ നിലവില്‍ മുംബൈക്കൊപ്പം ഉള്ളതിനാലാണെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. എന്നാല്‍ പകരക്കാരനെയും അന്വേഷിക്കുന്നുണ്ടെന്നും നായകന്‍ പറഞ്ഞു. 'ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ചില താരങ്ങളെ പരിഗണിക്കുന്നുണ്ട്.
വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ ഇതില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാവും. ബുംറയുടെ അഭാവം ടീമിനെ സംബന്ധിച്ച് വളരെ നഷ്ടമാണ്. ബുംറയുടെ റോള്‍ മുംബൈയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ ബുംറയുടെ അഭാവം യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമാണ്. അതിന് സാധിക്കുന്ന ചില താരങ്ങള്‍ മുംബൈക്കൊപ്പമുണ്ട്. അവരെല്ലാം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുമാണ്. ബുംറയുടെ സ്ഥാനത്തേക്ക് യുവതാരങ്ങളെ പരിഗണിക്കുന്നുണ്ട്'-രോഹിത് കൂട്ടിച്ചേര്‍ത്തു.
അവസാന സീസണില്‍ നാണംകെട്ട് അവസാന സ്ഥാനക്കാരായ മുംബൈക്ക് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ മുംബൈയെ പല കാര്യങ്ങളും തളര്‍ത്തുന്നു. ജൈ റിച്ചാര്‍ഡ്‌സനും പരിക്കേറ്റതോടെ മുംബൈയുടെ കാര്യങ്ങള്‍ ആകെ പ്രതിസന്ധിയിലാണെന്ന് പറയാം. ഡുവാന്‍ യാന്‍സന്‍, കാമറൂണ്‍ ഗ്രീന്‍, കുമാര്‍ കാര്‍ത്തികേയ, ജോഫ്ര ആര്‍ച്ചര്‍, ഹൃതിക് ഷൊക്കീന്‍, അര്‍ഷാദ് ഖാന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആകാശ് മദ്‌വാള്‍ തുടങ്ങിയവരെല്ലാം ബൗളിങ് നിരയിലുണ്ട്.

എന്നാല്‍ ഇവരിലാര്‍ക്ക് ബുംറയുടെ അഭാവം നികത്താനാവുമെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ ഫോമും മുംബൈയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടീമിലെ പ്രധാന താരങ്ങളായ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം മോശം ഫോമിലാണ്. ഇവര്‍ക്കാര്‍ക്കും സമീപകാലത്തൊന്നും മികവ് കാട്ടാനായിട്ടില്ല. ഇതും മുംബൈക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ മുംബൈയുടെ പ്രകടനം കണ്ടറിയാം.
മുംബൈ അര്‍ജുന് അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റിലടക്കം കളിച്ചിട്ടുള്ള അര്‍ജുന് മുംബൈ തുടര്‍ച്ചയായി അവസരം നല്‍കണമെന്നും ഇടം കൈയന്‍ പേസര്‍ യുവപേസര്‍ ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ അര്‍ജുനെ പരിഗണിക്കാന്‍ നായകന്‍ രോഹിത് താല്‍പര്യം കാട്ടുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications