മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്‍പട്ടം ചൂടിയ ഏക ടീമാണ് മുംബൈ. രോഹിത് ശര്‍മയാണ് അഞ്ച് തവണയും മുംബൈയെ കിരീടത്തിലേക്ക് നയിച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലിലെ കിരീടങ്ങളുടെ കണക്ക് നോക്കുമ്പോള്‍ ഏറ്റവും മികച്ച നായകനെന്ന് രോഹിത് ശര്‍മയെ വിശേഷിപ്പിക്കാം.
ടി20യില്‍ അവിശ്വസനീയ ജയങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള ക്യാപ്റ്റനാണ് രോഹിത്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയടക്കം പലവട്ടം ഫൈനലില്‍ തോല്‍പ്പിക്കാന്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിന് മുന്നില്‍ കീഴടങ്ങാത്ത ക്യാപ്റ്റന്മാരുണ്ടോ?. അങ്ങനെയും ചിലരുണ്ട്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ രോഹിത് ശര്‍മക്ക് തോല്‍പ്പിക്കാനാവാത്ത ക്യാപ്റ്റന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ആദം ഗില്‍ക്രിസ്റ്റാണ് ഇതിലൊരാള്‍. 2013ല്‍ രോഹിത് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ഗില്‍ക്രിസ്റ്റ് പഞ്ചാബിന്റെ നായകനായിരുന്നു. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഗില്‍ക്രിസ്റ്റിനായിരുന്നു ജയം. ഗില്‍ക്രിസ്റ്റിനോട് കണക്കുതീര്‍ക്കാനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു.
ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസാണ് മറ്റൊരാള്‍. അവസാന സീസണിലാണ് നായകന്മാരെന്ന നിലയില്‍ രോഹിത്തും ഡുപ്ലെസിസും നേര്‍ക്കുനേര്‍ എത്തിയത്. മത്സരത്തില്‍ ആര്‍സിബിക്കായിരുന്നു ജയം. അനുജ് റാവത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. അവസാന സീസണില്‍ ഒരു തവണ മാത്രമാണ് നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടായത്. ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തി ഡുപ്ലെസിസിനോട് കണക്കുവീട്ടാന്‍ രോഹിത്തിനാവുമോയെന്ന് കണ്ടറിയാം.

രവീന്ദ്ര ജഡേജ അവസാന സീസണിലാണ് സിഎസ്‌കെയെ നയിച്ചത്. മുംബൈയുമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. ഇതോടെ രോഹിത്തിന് തോല്‍പ്പിക്കാനാവാത്ത ക്യാപ്റ്റനായി ജഡേജയും മാറി. ഇത്തവണ എംഎസ് ധോണിയാണ് സിഎസ്‌കെയെ നയിക്കുന്നത്. മുരളി വിജയിയേയും രോഹിത്തിന് തോല്‍പ്പിക്കാനായിട്ടില്ല. 2016-17 സീസണില്‍ മുരളി പഞ്ചാബ് കിങ്‌സിനെ നയിച്ചപ്പോള്‍ രോഹിത്തിന്റെ മുംബൈയെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു.
പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന മായങ്ക് അഗര്‍വാളിനും രോഹിത്തിനെതിരേ മികച്ച റെക്കോഡാണുള്ളത്. 2022ല്‍ മായങ്കിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ മായങ്കിന് നായകസ്ഥാനമില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണ് താരമുള്ളത്. കുമാര്‍ സംഗക്കാരയും ഇതുവരെ രോഹിത്തിനോട് തോറ്റിട്ടില്ല. 2013ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സംഗക്കാര നയിച്ചപ്പോള്‍ മുംബൈയെ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാന്‍ രോഹിത്തിന് അവസരം ലഭിച്ചിട്ടില്ല.
അജിന്‍ക്യ രഹാനെയാണ് രോഹിത്തിനെ ഏറ്റവും വെള്ളംകുടിപ്പിച്ച നായകന്‍. രഹാനെ രാജസ്ഥാന്‍ റോയല്‍സ് നായകനായിരിക്കെ മൂന്ന് തവണയാണ് രോഹിത്തിന്റെ മുംബൈയെ തോല്‍പ്പിച്ചത്. നായകനെന്ന നിലയില്‍ രഹാനെയെ ഒരുവട്ടം പോലും തോല്‍പ്പിക്കാന്‍ രോഹിത്തിനായിട്ടില്ല. രോഹിത്തിനെതിരേ 3-0ന്റെ വിജയ ശരാശരിയുള്ള ഏക നായകനും രഹാനെയാണ്. ഇപ്പോള്‍ നായകസ്ഥാനത്ത് നിന്നെല്ലാം മാറ്റപ്പെട്ട രഹാനെ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണുള്ളത്.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനെന്ന് വാഴ്ത്തപ്പെടുമ്പോഴും അവസാന സീസണിലെ രോഹിത്തിന്റെ പ്രകടന കണക്കുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് സീസണ്‍ അവസാനിപ്പിച്ചത്. നായകനെന്ന നിലയിലും താരമെന്ന നിലയിലും രോഹിത് ശര്‍മക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഇത്തവണത്തെ സീസണ്‍ രോഹിത്തിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും.
ഇത്തവണയും കരുത്തുറ്റ താരങ്ങള്‍ മുംബൈക്കൊപ്പമുണ്ട്. ജോഫ്രാ ആര്‍ച്ചര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വരവ് മുംബൈയുടെ കരുത്തുയര്‍ത്തും. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം മുംബൈയെ പിന്നോട്ടടിക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മോശം ഫോമും രോഹിത്തിന്റെയും സംഘത്തിന്റെയും തലവേദന ഉയര്‍ത്തുന്നു.