ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ സൂപ്പര്‍ താര പരിവേഷം നല്‍കി പരിഗണിക്കുന്ന താരമാണെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെ രാജസ്ഥാന്റെ പ്ലേയിങ് 11ല്‍ നിന്ന് പരാഗിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന താരത്തിന് ശേഷിക്കുന്ന മത്സരങ്ങളിലും രാജസ്ഥാന്റെ പ്ലേയിങ് 11ലെത്താന്‍ സാധിച്ചേക്കില്ല. ഇതിനോടകം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ റിയാന്‍ പരാഗ് ഇപ്പോള്‍ പുതിയൊരു ട്വീറ്റിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ്. ലസിത് മലിംഗയെ നെറ്റ്‌സില്‍ സിക്‌സര്‍ പറത്തുന്ന വീഡിയോ പങ്കുവെച്ച് പരാഗ് പങ്കുവെച്ച ട്വീറ്റാണ് ട്രോളിന് കാരണമായത്.

'കഠിനമായ വഴികളിലൂടെ പോകുമ്പോള്‍ കഠിനമായത് പോകും' എന്നാണ് പരാഗ് മലിംഗയെ സിക്‌സര്‍ പറത്തുന്ന വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഇതോടെ വലിയ വിമര്‍ശനം പരാഗിനെതിരേ ഉയരുന്നു. അല്‍പ്പം നാണം ഉണ്ടാകുന്നത് നല്ലതാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. വാചകമടിക്കാന്‍ കാട്ടുന്നതിന്റെ പകുതി മികവെങ്കിലും കളത്തിലെത്തിയാല്‍ കാണിക്കാന്‍ നോക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
നിങ്ങളെപ്പോലെ യാതൊരു ഉപയോഗമില്ലാത്തവും സ്വയം പൊക്കിപ്പറയുന്നതുമായ താരത്തെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. മലിംഗയെ നെറ്റ്‌സില്‍ വലിയ ഷോട്ട് കളിച്ചുവെന്ന് കാണിക്കാനുള്ള നാണംകെട്ട പരിപാടിയാണിതെന്നും ടീമിന് യാതൊരു ഉപകാരവുമില്ലാത്ത പരാഗിനെ ഇനിയൊരിക്കലും രാജസ്ഥാന്‍ പ്ലേയിങ് 11 പരിഗണിക്കരുതെന്നുമാണ് ആരാധര്‍ അഭിപ്രായപ്പെടുന്നത്.
പരാഗ് ഇനി കരക്കിരുന്ന് ട്വീറ്റ് ചെയ്ത് കളിച്ചാല്‍ മതിയെന്നും ദ്രുവ് ജുറേലിന്റെ വരവോടെ രാജസ്ഥാനിലെ പരാഗിന്റെ കാലം കഴിഞ്ഞുവെന്നും ആരാധകര്‍ പറഞ്ഞു. നിലവില്‍ രാജസ്ഥാന്റെ പ്ലേയിങ് 11ന് പുറത്താണ് പരാഗുള്ളത്. ഇനിയൊരു മടങ്ങിവരവ് സാധ്യതയും കുറവാണ്. ഈ സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 54 റണ്‍സാണ് പരാഗ് ആകെ നേടിയത്.
112.50 സ്‌ട്രൈക്കറേറ്റിലാണ് പരാഗിന്റെ ബാറ്റിങ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 29 പന്തില്‍ 51 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് 12 പന്തില്‍ 15 റണ്‍സുമായി പരാഗ് പുറത്താവാതെ നിന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ മത്സരത്തില്‍ 10 റണ്‍സിന് രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ പരാഗിനെ രാജസ്ഥാന്‍ പ്ലേയിങ് 11നിന്ന് ഒഴിവാക്കി. എന്നാല്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് എപ്പോഴും പരാഗിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്.

ഈ സീസണില്‍ നിരവധി തവണ നിരാശപ്പെടുത്തിയപ്പോഴും പരാഗിനെ തള്ളിപ്പറയാന്‍ രാജസ്ഥാന്‍ പരിശീലകനോ ക്യാപ്റ്റനോ തയ്യാറായിട്ടില്ല. പരാഗിനെ പ്രശംസിക്കുന്നതോടൊപ്പം ന്യായീകരിച്ചാണ് എല്ലാവരും സംസാരിച്ചത്. പരാഗിന്റെ ബന്ധുക്കളിലൊരാള്‍ രാജസ്ഥാന്റെ ഉടമസ്ഥരായി ഉണ്ടെന്ന് ആരാധകര്‍ നിരവധി തവണ പരിഹസിച്ചിരുന്നു. ഇത് പലപ്പോഴും സത്യമാണെന്ന് തോന്നിപ്പിക്കുന്നതാണ് പരാഗിന് രാജസ്ഥാന്‍ നല്‍കുന്ന പിന്തുണ.
നെറ്റ്‌സില്‍ പരാഗ് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അതാണ് പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ കാരണമെന്നും പരിശീലകന്‍ കുമാര്‍ സംഗക്കാര പറഞ്ഞിരുന്നു. എന്നാല്‍ നെറ്റ്‌സില്‍ മാത്രമാണ് പരാഗിന്റെ ഈ വെടിക്കെട്ട് കാണാനാവുന്നത്. കളത്തിലിറങ്ങിയാല്‍ മുട്ടിടിക്കുന്ന താരമാണവന്‍. സ്വയം സംഭവമാണെന്ന് കരുതുകയും പറയുകയും ചെയ്യുന്ന താരമാണ് പരാഗെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
52 ഐപിഎല്ലില്‍ നിന്ന് 576 റണ്‍സാണ് പരാഗിന്റെ കരിയറിലുള്ളത്. അതും 126 സ്‌ട്രൈക്കറേറ്റില്‍. യാതൊരു തരത്തിലും പ്രതീക്ഷ നല്‍കാത്ത താരമാണ് പരാഗ്. ഓള്‍റൗണ്ടറാണെന്ന് പറയുമ്പോഴും ബൗളിങ്ങിനെത്തിയാല്‍ തല്ലുകൊള്ളിയാണ്. 3.8 കോടി പ്രതിഫലം നല്‍കി രാജസ്ഥാന്‍ പരാഗിനെ നിലനിര്‍ത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നത് ഇപ്പോഴും അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ജുറേലിന്റെ വളര്‍ച്ചയോടെ പരാഗിന്റെ വഴി പൂര്‍ണ്ണമായും അടഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ രാജസ്ഥാന്‍ പരാഗിനെ ഒഴിവാക്കാനും സാധ്യതയുണ്ട്. ബെഞ്ചിലിരുന്ന് വായില്‍ തോന്നിയത് വിളിച്ചുപറയാതെ മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള വഴിനോക്കാനും ആരാധകര്‍ പരാഗിനെ ഉപദേശിക്കുന്നു. തനിക്ക് ഒരോവറില്‍ നാല് സിക്‌സുകളെങ്കിലും നേടാനാവുമെന്ന് ട്വീറ്റ് ചെയ്തും പരാഗ് വിമര്‍ശനം നേരിട്ടിരുന്നു.