ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിനോടടുത്തേക്ക് കുതിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന സീസണിലെ റണ്ണറപ്പുകളായ സഞ്ജു സാംസണും സംഘവും ഇത്തവണയും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് റിയാന്‍ പരാഗ്. സൂപ്പര്‍ ഫിനിഷറെന്ന് പറഞ്ഞ് രാജസ്ഥാന്‍ നിരന്തരം പിന്തുണക്കുന്ന പരാഗ് ഇപ്പോള്‍ പ്ലേയിങ് 11 പുറത്താണ്.
രാജസ്ഥാന്റെ പ്ലേയിങ് 11ലേക്ക് പരാഗിന്റെ തിരിച്ചുവരവും പ്രയാസമാണ്. ദ്രുവ് ജുറേലിന്റെ വളര്‍ച്ചയോടെയാണ് റിയാന്‍ പരാഗിന് രാജസ്ഥാന്റെ പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമായത്. മടങ്ങിവരവും കടുപ്പമായതിനാല്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള സാധ്യത കൂടുതലാണ്. അടുത്ത സീസണില്‍ രാജസ്ഥാനും പരാഗിനെ നിലനിര്‍ത്താന്‍ താല്‍പര്യം കാട്ടിയേക്കില്ല.

രാജസ്ഥാന്‍ വിട്ടാല്‍ പരാഗ് എങ്ങോട്ട് പോകുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ പരാഗ് ആര്‍സിബിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പരാഗ് ആര്‍സിബിയിലേക്ക് പോകുമെന്ന് പറയാനുള്ള കാരണമെന്നോളം റിയാന്‍ പരാഗിന്റെ ഒരു ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരാഗ് ആര്‍സിബിയുടെ പതാകയുമേന്തി ആര്‍പ്പുവിളിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. താരത്തിന്റെ ഒരു ആരാധകനാണ് ഇൗ ചിത്രം പങ്കുവെച്ചത്.
ഇതിനോട് പരാഗ് പ്രതികരിക്കുകയും ചെയ്തു. പരാഗിനോട് രാജസ്ഥാന്‍ വിട്ട് ആര്‍സിബിയിലേക്കെത്താനാണ് ആരാധകര്‍ പരാഗിന്റെ ആര്‍സിബി പതാകയുമായുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇതിന് പിന്നാലെയാണ് പരാഗ് ആര്‍സിബിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്. ആര്‍ലിബിയുടെ മധ്യനിരയെ പരാഗ് നയിക്കുമെന്ന തരത്തില്‍ പല ട്രോളുകളും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് പരാഗിനെ ഒഴിവാക്കിയാലും ആര്‍സിബി താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം. ഇതുവരെ കപ്പ് നേടാത്ത ആര്‍സിബി പരാഗിനെപ്പോലൊരു ശരാശരി താരത്തെ പരിഗണിക്കുമോയെന്നതാണ് പ്രധാന ചോദ്യം. തന്നെക്കാള്‍ മികച്ച താരമില്ലെന്നും ഒരോവറില്‍ ആറ് സിക്‌സടിക്കാന്‍ തനിക്ക് സാധിക്കുമെന്നുമെല്ലാം അഭിമുഖത്തിലൂടെ പറഞ്ഞിട്ടുള്ള താരമാണ് പരാഗ്.
എന്നാല്‍ ഇതൊന്നും കളത്തില്‍ നടപ്പിലാക്കാന്‍ പരാഗിന് സാധിച്ചിട്ടില്ല. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഈ സീസണില്‍ മികച്ച പ്രകടനങ്ങളൊന്നും കാഴ്ചവെച്ചിട്ടില്ല. വാകൊണ്ട് കളിക്കാതെ കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പരാഗിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ താരത്തെ ഒഴിവാക്കി തടിയൂരാന്‍ സാധ്യത കൂടുതലാണ്. ആര്‍സിബി ഇത്തരം മോശം താരങ്ങളെ ടീമിലെടുക്കുന്നതില്‍ മിടുക്കന്മാരാണ്.
ചരിത്രത്തില്‍ ആര്‍സിബി ഇത്തരത്തില്‍ നിരവധി മണ്ടത്തര്‍ കാട്ടിയുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ പരാഗിനെ ആര്‍സിബി സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ പരാഗ് കളിക്കാനുള്ള കാരണം രാജസ്ഥാന്‍ ടീമിലെടുക്കുന്നതിനാലാണ്. രാജസ്ഥാന്‍ ഒഴിവാക്കിയാല്‍ മറ്റാരും പരാഗിനെ വാങ്ങി സാഹസം കാട്ടില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

രാജസ്ഥാന്റെ ഉടമസ്ഥരിലൊരാള്‍ പരാഗിന്റെ ബന്ധുവാണെന്നും അതുകൊണ്ടാണ് രാജസ്ഥാനില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതെന്ന ആക്ഷേപവും ഏറെ നാളുകളായുണ്ട്. ഈ സീസണില്‍ 6 മത്സരത്തില്‍ നിന്ന് വെറും 58 റണ്‍സ് നേടിയതോടെയാണ് പരാഗ് പുറത്തായത്. പകരം കളത്തിലിറക്കിയ ദ്രുവ് ജുറേല്‍ ഒറ്റ ഇന്നിങ്‌സുകൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ജുറേല്‍ അടുത്ത സീസണിലും രാജസ്ഥാനില്‍ സീറ്റുറപ്പുള്ള താരമാണ്.
2019ല്‍ അരങ്ങേറ്റം നടത്തിയ പരാഗിന് 3.8 കോടിയാണ് രാജസ്ഥാനിലെ പ്രതിഫലം. ഇത്രയും പ്രതിഫലം നല്‍കി പരാഗിനെപ്പോലൊരു താരത്തെ ഇനിയും രാജസ്ഥാന്‍ പിന്തുണച്ചേക്കില്ല. പരാഗിനെ കൈയൊഴിയാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ ആര്‍സിബിയിലേക്ക് പരാഗെത്തുമോയെന്നത് കണ്ടറിയണം. പരാഗ് ആര്‍സിബിയുടെയും വിരാട് കോലിയുടെ ആരാധകനാണ്. ഇത് തുണക്കുമോയെന്നത് കാത്തിരുന്ന് കാണാം.