മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പോരാട്ടങ്ങള്‍ പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരമാണ് റിങ്കു സിങ്. ഇടം കൈയന്‍ താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവിശ്വസനീയ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേടിക്കൊടുത്തതോടെയാണ് താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അവസാന ഓവറില്‍ 29 റണ്‍സ് കെകെആറിനെ ജയിക്കാന്‍ വേണമായിരുന്നു.
അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്‌സര്‍ പായിച്ചാണ് റിങ്കു തകര്‍പ്പന്‍ ജയം കെകെആറിന് നേടിക്കൊടുത്തത്. ഐപിഎല്ലിലെ മാത്രമല്ല ടി20 ചരിത്രത്തില്‍ത്തന്നെ അവസാന ഓവറില്‍ മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. വളരെ ദാരിദ്ര്യ പൂര്‍ണ്ണമായ സാഹചര്യത്തില്‍ നിന്ന് പൊരുതി കയറി വന്നാണ് റിങ്കു ഇന്ന് ഹീറോയായി മാറിയിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ മാച്ച് വിന്നിങ് പ്രകടനത്തെക്കുറിച്ചും കരിയറില്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് റിങ്കു സിങ്. അഞ്ച് സിക്‌സര്‍ പറത്തിയ പ്രകടനത്തിന് വേണ്ടി പ്രത്യേകിച്ച് ഒരു മുന്നൊരുക്കവും ചെയ്തിട്ടില്ലെന്നാണ് റിങ്കു സിങ് പറയുന്നത്. 'സാധാരണ പരിശീലം നടത്തിയാണ് ഗുജറാത്തിനെതിരായ മത്സരത്തിനിറങ്ങിയത്. മികച്ച പ്രകടനത്തിന്റെ രഹസ്യം എനിക്ക് ഇപ്പോഴും അറിയില്ല.
എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത മത്സരമായി ഇത് മാറി. അവസാന ഓവറില്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ എത്ര റണ്‍സ് വേണമെന്ന് പോലും നോക്കിയിരുന്നില്ല. അടിച്ചു പറത്താന്‍ മാത്രമാണ് ആഗ്രഹിച്ചത്. ടീമിനായി മത്സരം ജയിപ്പിക്കാനായതില്‍ സന്തോഷമുണ്ട്'-25കാരനായ താരം ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രിക്കറ്റില്‍ യാതൊരു പാരമ്പര്യവും അവകാശപ്പെടാനാവാതെ വന്ന റിങ്കുവിന് ക്രിക്കറ്റ് താരമാവാനുള്ള യാതൊരു പിന്തുണയും അനുകൂല സാഹചര്യവുമില്ലായിരുന്നു. ഒമ്പതംഗ കുടുംബ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പാചകവാതക വിതരണക്കാരനായ പിതാവിന്റെ 7000 രൂപ പ്രതിഫലത്തില്‍ നിന്നാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. നല്ലൊരു ബാറ്റോ ഷൂവോവൊന്നും ഇല്ലാതെയാണ് റിങ്കു ജീവിതത്തോട് പൊരുതി ക്രിക്കറ്റ് താരമായത്.
'കുടുംബത്തിലെ സാഹചര്യംകൊണ്ട് തൂപ്പുജോലിക്കാരനായി ഞാന്‍ തുടങ്ങിയതാണ്. എന്നാല്‍ എന്റെ വിധി മറ്റൊന്നായിരുന്നു. കുടുംബത്തില്‍ നിന്ന് യാതൊരു പിന്തുണയുമില്ലായിരുന്നു. ക്രിക്കറ്റ് നിനക്ക് ഭക്ഷം നല്‍കില്ലെന്നും പണിക്ക് പൊക്കോളാനുമായിരുന്നു പിതാവ് പറഞ്ഞത്. അവിടെ നിന്നാണ് ഇവിടെയെത്തിയത്. ഗുജറാത്തിനെതിരായ പ്രകടനം കണ്ട് പല പ്രമുഖരും സന്ദേശം അയച്ചത് അഭിമാനം തോന്നിപ്പിക്കുന്ന കാര്യമാണ്.
ആരാധകര്‍ തുടര്‍ന്നും എന്നെയും ടീമിനെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക' - റിങ്കു പറഞ്ഞു. അത്രയും സമ്മര്‍ദ്ദമുണ്ടായിരുന്ന മത്സരത്തിലും വളരെ അനായാസമായാണ് റിങ്കു ബാറ്റ് ചെയ്തത്. ഒരു തവണ പോലും സമ്മര്‍ദ്ദത്തിന് താരം കീഴ്‌പ്പെടുത്തിയില്ല. അന്താരാഷ്ട്ര മത്സരം കളിക്കാത്ത താരം എംഎസ് ധോണിയെക്കാള്‍ ശാന്തനായാണ് അവസാന ഓവറിലെ ഓരോ പന്തും നേരിട്ടത്.

പ്രായം 25 മാത്രമാണെങ്കിലും അതിലും ഉയര്‍ന്ന പക്വത റിങ്കുകാട്ടുന്നു. കെകെആറിലേക്കെത്തിയതാണ് റിങ്കുവിന്റെ വീതം മാറ്റിയത്. 2017ല്‍ പഞ്ചാബ് കിങ്‌സിനായി 10 ലക്ഷം രൂപക്കാണ് റിങ്കു കളിച്ചത്. 2018ല്‍ കെകെആര്‍ 80 ലക്ഷം രൂപക്ക് റിങ്കുവിനെ സ്വന്തമാക്കി. ഇതോടെ താരത്തിന്റെ കുടുംബത്തിന്റെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചു.
സഹോദരിയെ വിവാഹം കഴിപ്പിച്ചതും വീട് പുതുക്കിപ്പണിതതും സഹോദരന് ഓട്ടോറിക്ഷ വാങ്ങി നല്‍കിയതുമെല്ലാം ഈ പണം ഉപയോഗിച്ചാണ്. ഈ സീസണില്‍ 55 ലക്ഷമാണ് റിങ്കുവിന്റെ പ്രതിഫലം. വരും സീസണില്‍ റിങ്കുവിന്റെ പ്രതിഫലം വീണ്ടും ഉയാരാനാണ് സാധ്യത കൂടുതല്‍. അടുത്ത തവണ ലേലത്തിലേക്കെത്തിപ്പെട്ടാല്‍ കോടികള്‍ പ്രതിഫലമാണ് നേടാന്‍ പ്രതിഭയുള്ള താരമാണ് റിങ്കു സിങ്.