ഇന്ത്യന്‍ ക്രിക്കറ്റിനു ഐപിഎല്ലിലൂടെ മറ്റൊരു താരോദയത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ കസറുന്ന റിങ്കു സിങിനെ വൈകാതെ ഇന്ത്യന്‍ കുപ്പായത്തിലും കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ചൊരു ഫിനിഷര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തനിക്കു കഴിയുമെന്നാണ് റിങ്കുവിന്റെ പ്രകടനം തെളിയിക്കുന്നത്.
ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും വളരെ കൂളായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. അസാധരാണമായ പ്രഹരശേഷിയും റിങ്കുവിന്റെ പ്ലസ് പോയിന്റാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ യഷ് ദയാലെറിഞ്ഞ 20ാമത്തെ ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളടിച്ച് റിങ്കു കെകെആറിനു നാടകീയ വിജയം സമ്മാനിച്ചത് ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷിങ്ങുകളില്‍ ഒന്നായിട്ടാണ് ഇതു വാഴ്ത്തപ്പെടുന്നത്.

ഐപിഎല്ലില്‍ നേരത്തേ 20ാമത്തെ ഓവറിലെ സ്‌പെഷ്യലിസ്‌റ്റെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് എംഎസ് ധോണിയാണ്. ഇപ്പോഴിതാ താനും അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണെന്ന സൂചനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. റണ്‍ചേസില്‍ 20ാമത്തെ ഓവറില്‍ റിങ്കുവിന്റെ പ്രകടനം ഗംഭീരമാണെന്നു കണക്കുകള്‍ പറയുന്നു. വെറും 14 ബോളുകളാണ് അവസാനത്തെ ഓവറില്‍ അദ്ദേഹം നേരിട്ടിരിക്കുന്നത്. ഇവയില്‍ നിന്നും വാരിക്കൂട്ടിയത് 55 റണ്‍സാണ്. എട്ടു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. 392.86 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈ്ക്ക് റേറ്റോടെയാണിത്.
ഈ സീസണിലെ ആദ്യത്തെ രണ്ടു മാച്ചുകളിലും റിങ്കു സിങിന് അത്ര നന്നായി പെര്‍ഫോം ചെയ്യാനായിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മഴനിയമപ്രകാരം കെകെആര്‍ ഏഴു റണ്‍സിനു പരാജയപ്പെട്ട മാച്ചില്‍ റിങ്കു നാലു റണ്‍സ് മാത്രമേ നേടിയുള്ളൂ. രാഹുല്‍ ചാഹറിന്റെ ബൗളിങില്‍ സിക്കന്തര്‍ റാസ്സ പിടികൂടുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ അടുത്ത മല്‍സരത്തില്‍ റിങ്കു മിന്നിച്ചു. 33 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 46 റണ്‍സ് അദ്ദേഹം നേടി.
പക്ഷെ യഥാര്‍ഥ ഹീറോയിസം കണ്ടത് ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പായിച്ച് റിങ്കു ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. 21 ബോളില്‍ ആറു സിക്‌സറും ഒരു ഫോറുമടക്കം 48 റണ്‍സെടുത്ത റിങ്കു പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

സ്ണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരേ കഴിഞ്ഞ ദിവസം നടന്ന മാച്ചിലും റിങ്കു സിങ് മോശമാക്കിയില്ല. 229 റണ്‍സ് കെകെആര്‍ പിന്തുടരവെ അദ്ദേഹം 31 ബോളില്‍ 58 റണ്‍സെടുക്കുകയായിരുന്നു. നാലു വീതം ഫോറും സിക്‌സറും റിങ്കുവിന്റെ ഇന്നിങ്‌സിലുണ്ടായികുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.