ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് റിങ്കു സിങ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മധ്യനിര താരം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവുകൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ടീമിനെ ഒറ്റക്ക് കരകയറ്റാന്‍ കഴിവുള്ള അസാധ്യ പ്രതിഭയാണ് റിങ്കു സിങ്.
16ാം സീസണില്‍ 14 മത്സരത്തില്‍ നിന്ന് 474 റണ്‍സാണ് റിങ്കു നേടിയത്. 59ന് മുകളില്‍ ശരാശരിയില്‍ കളിച്ച റിങ്കുവിന്റെ സ്ട്രൈക്കറേറ്റ് 149ന് മുകളിലായിരുന്നു. നാല് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. അധികം വൈകാതെ ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് റിങ്കു. ഇടം കൈയന്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ഇന്ത്യ റിങ്കുവിന്റെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇതിനോടകം സൂപ്പര്‍ ഫിനിഷറെന്ന പേരെടുത്ത റിങ്കു സിങ് തന്റെ ഫിനിഷിങ് മികവിന് പിന്നിലെ ധോണിയുടെ നിര്‍ണ്ണായക ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ്. ധോണിയെപ്പോലൊരു ഫിനിഷറാവാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നല്‍കിയ വിലപ്പെട്ട നിര്‍ദേശങ്ങള്‍ എങ്ങനെയാണ് കരിയറില്‍ സഹായിച്ചതെന്നും റിങ്കു ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
'മഹിഭായിയാണ് ഏറ്റവും മികച്ച ഫിനിഷര്‍. അതുകൊണ്ട് തന്നെ നല്ല ഫിനിഷറാവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഞാന്‍ നിന്റെ ബാറ്റിങ് കണ്ടിരുന്നുവെന്നും നന്നായി കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവസാന ഓവറുകളിലേക്കെത്തുമ്പോള്‍ കൂടുതല്‍ സ്ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. നമ്മള്‍ അടിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തേക്ക് പന്തെറിയാന്‍ കഴിയുന്ന തരത്തില്‍ ബൗളറെ സമ്മര്‍ദ്ദത്തിലാക്കണം'-റിങ്കു പറഞ്ഞു.
എംഎസ് ധോണി ലോക ക്രിക്കറ്റിലെ എക്കാലത്തെയും ബെസ്റ്റ് ഫിനിഷര്‍മാരിലൊരാളാണ്. സമ്മര്‍ദ്ദമെന്തെന്ന് അറിയാതെ കളിക്കുന്നുവെന്നതാണ് ധോണിയുടെ പ്രധാന സവിശേഷത. ചെറിയ പന്തുകളില്‍ കൂടുതല്‍ റണ്‍സ് ജയിക്കാന്‍ വേണ്ട സാഹചര്യത്തില്‍ സ്വാഭാവികമായും ബാറ്റ്സ്മാനാവും സമ്മര്‍ദ്ദമുണ്ടാവുക. എന്നാല്‍ ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ബൗളറാണ് ഭയക്കുക. ധോണി ക്രീസില്‍ നിന്നാല്‍ അവസാന പന്തുവരെ വിജയ സാധ്യതയാണെന്ന് പറയാം.
ധോണിയുടെ ഈ മികവ് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് റിങ്കു നടത്തുന്നത്. റിങ്കുവിനെയും സമ്മര്‍ദ്ദം കാര്യമായി ബാധിക്കാറില്ല. ധോണിയെപ്പോലെ ഒറ്റക്ക് ടീമിനെ ചുമലിലേറ്റാനുള്ള കഴിവ് റിങ്കുവിനുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും ഇരുവരും ഒരുപോലെ മികവ് കാട്ടുന്നു. ധോണിയെക്കാളും മികച്ച ഫിനിഷറായി ഭാവിയില്‍ റിങ്കു മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. ധോണി തന്റെ കൈക്കരുത്തിനെ നന്നായി ഉപയോഗപ്പെടുത്തുന്ന ബാറ്റ്സ്മാനാണ്.

അതേപോലെയാണ് റിങ്കുവിന്റെ ബാറ്റിങ്ങും. തന്റെ കൈക്കരുത്തിനെ റിങ്കു നന്നായി ഉപയോഗപ്പെടുത്തുന്നു. റിങ്കുവിന്റെ ഷോട്ടുകള്‍ക്ക് നല്ല പവര്‍ നല്‍കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. അധികം സാഹസിക ഷോട്ടുകള്‍ക്ക് മുതിരാത്ത താരമാണ് റിങ്കു. ധോണിയും അങ്ങനെ തന്നെയാണ്. മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള റിങ്കു പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനാണെന്ന് പറയാം.
നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറങ്ങിയാല്‍ പതിയെ നിലയുറപ്പിച്ച് അവസാന ഓവറുകളില്‍ കടന്നാക്രമിക്കാന്‍ റിങ്കുവിന് കഴിവുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുകയെന്നതിലുപരിയായി നിലയുറപ്പിച്ച ശേഷം ആക്രമിക്കുകയെന്നതാണ് റിങ്കുവിന്റെ രീതി. അതുകൊണ്ട് തന്നെ അദ്ദേഹം പെട്ടെന്ന് പുറത്താവുന്ന സാഹചര്യം വളരെ കുറവാണെന്ന് തന്നെ പറയാം. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ വിടവ് നികത്താന്‍ മികച്ച ഫിനിഷറെ വേണം.
ഹര്‍ദിക് പാണ്ഡ്യ ഫിനിഷറായി ഉണ്ടെങ്കിലും സ്ഥിരത പ്രശ്നമാണ്. അതുകൊണ്ട് തന്നെ റിങ്കുവിനെപ്പോലെ വിശ്വസ്തനായ ബാറ്റ്സ്മാനെയാണ് ഇന്ത്യക്കാവശ്യം. 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കു സിങ് ഇടം പിടിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിലും റിങ്കു തരക്കേടില്ലാതെ കളിക്കുന്നു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഭാവിയില്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.