ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ ഡല്‍ഹി നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയൊരു തിരിച്ചുവരവ് ഡല്‍ഹിയെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് പറയാം. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറിന് കീഴിലിറങ്ങിയ ഡല്‍ഹിക്ക് തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്.
വലിയ പ്രതീക്ഷവെച്ച താരങ്ങളില്‍ പലരും തീര്‍ത്തും നിരാശപ്പെടുത്തിയതാണ് ഡല്‍ഹിയുടെ പിന്നോട്ട് പോക്കിന് കാരണം. അതിലൊരാളാണ് ഓപ്പണര്‍ പൃഥ്വി ഷാ. പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്ന പൃഥ്വിയുടെ ഈ സീസണിലെ പ്രകടനങ്ങള്‍ വളരെ മോശമാണ്. ആറ് മത്സരത്തില്‍ നിന്ന് ആകെ നേടിയത് 47 റണ്‍സ് മാത്രം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ ഡല്‍ഹിയുടെ പ്ലേയിങ് 11 നിന്ന് പൃഥ്വി പുറത്തായിരുന്നു.

വെടിക്കെട്ട് കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ പൃഥ്വിക്ക് സാധിക്കുന്നില്ല. ഇപ്പോഴിതാ പൃഥ്വി ഷായ്‌ക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്. മിടുക്കന്മാരായ വേറെ താരങ്ങളുണ്ടെന്നാണ് പോണ്ടിങ് പറഞ്ഞത്. പരിശീലകന്‍ വലിയ പ്രതീക്ഷവെച്ചെങ്കിലും പൃഥ്വിക്ക് തിളങ്ങാനാവാതെ പോയതിന്റെ നിരാശ പോണ്ടിങ് തുറന്നുപറയുകയാണ്.
'അവസാന സീസണിലെ പ്രകടനം ഉള്‍പ്പെടെ ഡല്‍ഹിക്കായി ബാറ്റ് ചെയ്ത 13 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി മാത്രമാണ് പൃഥ്വിക്ക് നേടാനായത്. മറ്റ് ടീമുകളില്‍ പൃഥ്വിയെക്കാളും വളരെ നന്നായി ബാറ്റ് ചെയ്യുന്ന നിരവധി ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ കാണാനാവും. പൃഥ്വി തന്റെ പൂര്‍ണ്ണമികവിലേക്കെത്തിയാല്‍ മാച്ച് വിന്നറാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവനെ നിലനിര്‍ത്താനുള്ള കാരണങ്ങളിലൊന്ന് അതാണ്.
അവന്‍ അല്‍പ്പം പന്തുകള്‍ നേരിട്ട് 95 ശതമാനം മത്സരങ്ങളിലും ഡല്‍ഹി ജയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ അത്തരമൊരു പ്രകടനം കാഴ്ചവെക്കാന്‍ പൃഥ്വി ഷാക്കായിട്ടില്ല'- പോണ്ടിങ് പറഞ്ഞു. പവര്‍പ്ലേ മുതലാക്കാന്‍ ശേഷിയുള്ളവനാണ് പൃഥ്വി. അനായാസമായി വലിയ ഷോട്ട് കളിക്കാനും കഴിവുണ്ട്. എന്നാല്‍ ഇത്തവണ എന്തുകൊണ്ടോ ഫോമിലേക്കെത്താന്‍ പൃഥ്വിക്ക് സാധിക്കുന്നില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലേക്കെത്തിയപ്പോള്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. പ്രധാനമായും മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ താരത്തിനാവുന്നില്ല. അമിത ശരീരഭാരം താരത്തെ തളര്‍ത്തുന്നു. ഡല്‍ഹി ഇംപാക്ട് പ്ലയറായാണ് പൃഥ്വിയെ ഉപയോഗിക്കുന്നത്. ഫീല്‍ഡിങ്ങിനിറങ്ങി വേഗത്തിലോടാനോ ഡൈവിങ് ക്യാച്ച് നേടാനോ പൃഥ്വിക്ക് സാധിക്കുന്നില്ല.

എന്നാല്‍ ഇംപാക്ട് പ്ലയറാക്കുമ്പോള്‍ ഫീല്‍ഡിങ്ങിനിറങ്ങി വാമപ്പാകാനുള്ള അവസരം പൃഥ്വിക്ക് നഷ്ടമാവുന്നു. നേരിട്ട് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പൃഥ്വിക്ക് നിലയുറപ്പിക്കാനാവാതെ മടങ്ങേണ്ടി വരുന്നു. നിലവില്‍ പ്ലേയിങ് 11 പുറത്തുള്ള പൃഥ്വിക്ക് മടങ്ങിവരവ് കടുപ്പം. ഈ സീസണോടെ ഡല്‍ഹി പൃഥ്വിയെ കൈയൊഴിയാനും സാധ്യത കൂടുതലാണ്. അടുത്ത സീസണില്‍ പൃഥ്വിയെ ആരെങ്കിലും വാങ്ങുമോയെന്നത് കാത്തിരുന്ന് അറിയണം.
ഇത്തവണത്തെ സീസണോടെ റിക്കി പോണ്ടിങ്ങിന്റെ ചീട്ടുകീറാനും സാധ്യത കൂടുതലാണ്. ഇതിനോടകം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവിശ്യം ഉയര്‍ന്നിട്ടുണ്ട്. സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും ഉണ്ടായിട്ടും മികച്ച പ്രകടനം ഡല്‍ഹിക്ക് കാഴ്ചവെക്കാനാവുന്നില്ല. ഈ സീസണില്‍ മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും ഡല്‍ഹിക്ക് സാധിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളില്‍ ഡല്‍ഹിയെ ജയിപ്പിച്ച് ശക്തമായ തിരിച്ചുവരവൊരുക്കേണ്ടത് പോണ്ടിങ്ങിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ മോശം ഫോമും പരിക്കും ടീമിനെ പിന്നോട്ടടിക്കുമ്പോള്‍ പോണ്ടിങ്ങിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.