ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. നാല് മത്സരം കളിച്ചിട്ടും ഒരു മത്സരം പോലും ജയിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല. ഐപിഎല്ലിന്റെ 16ാം സീസണില്‍ ഒരു ജയം പോലുമില്ലാത്ത ഏക ടീം ഡല്‍ഹിയാണ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നീ വമ്പന്മാരുടെ ഉപദേശങ്ങളൊന്നും ടീമിനെ തുണക്കുന്നില്ല.
സീസണ്‍ ആരംഭിക്കാനിരിക്കെ റിഷഭ് പന്തിന് പരിക്കേറ്റതോടെ പകരം നായകസ്ഥാനത്തേക്ക് ഡേവിഡ് വാര്‍ണര്‍ എത്തുകയായിരുന്നു. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍. എന്നാല്‍ പിന്നീട് പ്രകടനം മോശമായതോടെ ഹൈദരാബാദ് ഒഴിവാക്കുകയായിരുന്നു. ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയ വാര്‍ണര്‍ക്ക് ഇത്തവണ നായകസ്ഥാനം ലഭിച്ചെങ്കിലും ടീമിനെ പ്രതീക്ഷക്കൊത്ത് മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല.

അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. വലിയ നാണക്കേടിലൂടെ കടന്ന് പോകുന്ന ഡല്‍ഹി പാതിവഴിയില്‍ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഡല്‍ഹിക്ക് മുന്നോട്ടുള്ള മത്സരങ്ങളിലും ജയം പ്രയാസം. ഡല്‍ഹി പാതിവഴിയില്‍ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പറയാനുള്ള മൂന്ന് കാരങ്ങള്‍ പരിശോധിക്കാം. ഒന്നാമതായി മോശം ക്യാപ്റ്റന്‍സി തന്നെയാണ്.
ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും മികച്ച പ്ലേയിങ് 11 സൃഷ്ടിക്കുന്നതിലും വാര്‍ണര്‍ പരാജയമാണ്. ഇംപാക്ട് പ്ലയറെ ഉപയോഗിക്കുന്നതിലും അബദ്ധം കാട്ടുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ ലാസ്റ്റ് ബോള്‍ ത്രില്ലറിലേക്കെത്തിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചത് പോസിറ്റീവായ കാര്യമാണ്. എന്നാല്‍ അതിന് മുമ്പുള്ള മൂന്ന് മത്സരത്തിലും വാര്‍ണര്‍ നായകനെന്ന നിലയില്‍ മോശമായിരുന്നു.
ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റിഷഭിന് സാധിക്കുന്നില്ല. രണ്ടാമത്തെ കാര്യം ഡേവിഡ് വാര്‍ണറുടെ ബാറ്റിങ്ങാണ്. ഓപ്പണറായി ഇറങ്ങുന്ന വാര്‍ണര്‍ രണ്ട് ഫിഫ്റ്റിയടക്കം നേടി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ടീമിന് യാതൊരു ഉപകാരവുമില്ലാത്ത പ്രകടനങ്ങളായി ഇത് മാറുന്നു. 120ല്‍ താഴെയാണ് വാര്‍ണറുടെ സ്‌ട്രൈക്കറേറ്റ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

പൃഥ്വി ഷായും വാര്‍ണറും ചേര്‍ന്ന് പവര്‍പ്ലേ മുതലാക്കുന്നതിലും പരാജയപ്പെടുന്നു. വാര്‍ണര്‍ മാറ്റത്തിന് ധൈര്യം കാണുന്നില്ല. റിസ്‌കെടുക്കാന്‍ അദ്ദേഹം മടിക്കുന്നുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വാര്‍ണറുടെ ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും വിശ്വസിക്കുന്നതില്‍ കാര്യമില്ല. വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ സമ്മര്‍ദ്ദമില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചേക്കും.
ഇത് ടീമിന് ഗുണകരമായി മാറാനാണ് സാധ്യത. അതുകൊണ്ട് തന്നെ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്ന കടുത്ത തീരുമാനത്തിലേക്ക് ഡല്‍ഹിയെത്തിയേക്കും. വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പ്ലേയിങ് 11 നിന്ന് പുറത്തിരുത്താനും പകരം വെടിക്കെട്ട് നടത്തുന്ന റില്ലി റൂസോയെപ്പോലെയുള്ള വിദേശ താരങ്ങളെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കാനാവും.

നിലവിലെ ഡല്‍ഹി ടീമിന്റെ സാഹചര്യത്തില്‍ വാര്‍ണര്‍ ടീമിന് ബാധ്യതയാണെന്നതാണ് വസ്തുത. വാര്‍ണറെ മാറ്റിയാല്‍ പകരം ആരെ നായകനാക്കുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. അക്ഷര്‍ പട്ടേലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡല്‍ഹിക്ക് പരിഗണിക്കാവുന്നതാണ്. സമീപകാലത്തായി ബാറ്റിങ്ങില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന അക്ഷര്‍ നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്.
അക്ഷര്‍ നായകസ്ഥാനത്തേക്കെത്തിയാല്‍ ടീമിനത് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും. നായകനായതിനാല്‍ വാര്‍ണറുടെ മെല്ലപ്പോക്ക് ബാറ്റിങ് സഹിക്കേണ്ടിവരുന്ന അവസ്ഥ ഡല്‍ഹിക്ക് ഉണ്ടാവുകയുമില്ല. ഫില്‍ സാള്‍ട്ടിനെ ഇതുവരെ പരിഗണിക്കാന്‍ ഡല്‍ഹി തയ്യാറായിട്ടില്ല. വാര്‍ണറെ പുറത്തിരുത്തി ഫില്‍ സാള്‍ട്ടിനെ ടീമിലേക്ക് പരിഗണിച്ചാല്‍ ബാറ്റിങ്ങില്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.