ബെംഗളൂരു: റണ്‍ചേസില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സഞ്ജു സാംസണിനും സംഘത്തിനും കാലിടറി. ഐപിഎല്ലിലെ എവേ മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുന്നിലാണ് രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങിയത്. ഉജ്ജ്വല ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും റോയല്‍സിനെ ഏഴു റണ്‍സിനു ആര്‍സിബി മുട്ടുകുത്തിക്കുകയായിരുന്നു. 190 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു റോയല്‍സിനു മുന്നില്‍ ആര്‍സിബി വച്ചത്.
മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തിലും റണ്‍ചേസില്‍ റോയല്‍സിനെ മുന്നില്‍ കടക്കാന്‍ റോയല്‍സിനെ ആതിഥേയര്‍ അനുവദിച്ചില്ല. ഒടുവില്‍ ആറു വിക്കറ്റിനു 182 റണ്‍സെടുത്ത് റോയല്‍സ് പരാജയം സമ്മതിക്കുകയും ചെയ്തു. 10 പോയിന്റോടെ ലീഗില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരം കൂടിയാണ് റോയല്‍സ് പാഴാക്കിയത്. സ്‌കോര്‍- ആര്‍സിബി ഒമ്പതിനു 189, റോയല്‍സ് ആറിന് 182.

20 റണ്‍സായിരുന്നു ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളും മൂന്നാമത്തെ ബോളും ആര്‍ അശ്വന്‍ ബൗണ്ടറി കടത്തി. രണ്ടാമത്തെ ബോളില്‍ ഡബിളും നേടി. ഇതോടെ റോയല്‍സ് വിജയം സ്വപ്‌നം കണ്ടു. പക്ഷെ നാലമത്തെ ബോളില്‍ അശ്വിന്‍ പുറത്തായത് കളിയിലെ ടേണിങ് പോയിന്റായി. രണ്ടു ബോളില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. പക്ഷെ സിംഗിള്‍ മാത്രമേ അഞ്ചാമത്തെ ബോളില്‍ മലയാളി താരം അബ്ദുള്‍ ബാസിത്തിനു നേടാനായുള്ളൂ. ഇതോടെ ആര്‍സിബി വിജയമുറപ്പിക്കുകയും ചെയ്തു. അവസാനത്തെ ബോളിലും സിംഗിള്‍ മാത്രം. ആര്‍സിബിക്കു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റുകളെടുത്തു.
52 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് റോയല്‍സിന്റെ ടോപ്‌സ്‌കോററായത്. 34 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. യശസ്വി ജയ്‌സ്വാള്‍ 47ഉം ധ്രുവ് ജുറേല്‍ പുറത്താവാതെ 34 റണ്‍സും നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നന്നായി തുടങ്ങിയെങ്കിലും മല്‍സരം ഫിനിഷ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. 15 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണ് അദ്ദേഹം 22 റണ്‍സെടുത്തത്. ജോസ് ബട്‌ലര്‍ ഡെക്കായി ക്രീസ് വിട്ടപ്പോള്‍ ഫിനിഷര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.

ഒമ്പതു വിക്കറ്റിനു 189 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കു നേടാനായത്. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയുെ (77) ഫഫ് ഡുപ്ലെസിയുടെയും (62) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ ആര്‍സിബി ഇ്ന്നിങ്‌സിനു കരുത്തേകുകയായിരുന്നു. മറ്റാരും 20 റണ്‍സ് പോലുമെടുത്തില്ല. 16 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍.
44 ബോളിലാണ് മാക്‌സി ആറു ഫോറും നാലു സിക്‌സറുമടക്കം 77 റണ്‍സ് അടിച്ചെടുത്തത്. ഡുപ്ലെസി 39 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും പറത്തി. ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി പുറത്ത്!
ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ അദ്ദേഹത്തെ ഗോള്‍ഡന്‍ ഡെക്കായി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയം നിശബ്ദമായ നിമിഷമായിരുന്നു ഇത്. വണ്‍ഡൗണായി ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ പരീക്ഷിക്കാനുള്ള ആര്‍സിബിയുടെ നീക്കവും ഫ്‌ളോപ്പായി മാറി. തന്റെ രണ്ടാമത്തെ ഓവറിലെ ആദ്യ ബോളില്‍ ഷഹബാസിനെ (2) ബോട്ടിന്റെ ബൗളിങില്‍ യശസ്വി ജയ്‌സ്വാള്‍ പിടികൂടി. ഇതോടെ ആര്‍സിബി രണ്ടിന് 12 റണ്‍സെന്ന നിലയില്‍ പതറി.
മല്‍സരത്തില്‍ റോയല്‍സ് പിടിമുറുക്കുമെന്നു ഈ ഘട്ടത്തില്‍ തോന്നിയെങ്കിലും ഫഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ റോയല്‍സിനെ കടന്നാക്രമിച്ചു. ഇതോടെ റണ്ണൊഴുകി. നായകന്‍ സഞ്ജു ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ സഖ്യത്തെ പിരിക്കാനായില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലേതു പോലെ ഈ മാച്ചിലും ഡുപ്ലെസി- മാക്‌സി ജോടി സംഹാരതാണ്ഡവമാടി. 10 ഓവറില്‍ തന്നെ ആര്‍സിബി 100 കടന്നിരുന്നു. മൂന്നാം വിക്കറ്റില്‍ 127 റണ്‍സാണ് ഈ സഖ്യം വാരിക്കൂട്ടിയത്. ഇതിനിടെ മാക്‌സിയും ഡുപ്ലെസിയും തങ്ങളുടെ ഫിഫ്റ്റികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ഡുപ്ലെസി- മാക്‌സി സഖ്യം മല്‍സരം റോയല്‍സില്‍ നിന്നും തട്ടിയെടുക്കുമെന്നിരിക്കെയായിരുന്നു റണ്ണൗട്ടിന്റെ രൂപത്തില്‍ നിര്‍ണായക ബ്രേക്ക് ലഭിച്ചത്. ടീം സകോര്‍ 139ല്‍ നില്‍ക്കെ ഡുപ്ലെസി റണ്ണൗട്ട്. തകര്‍പ്പന്‍ ഫീല്‍ഡിങിനൊടുവില്‍ ജയ്‌സ്വാളിന്റെ നേരിട്ടുള്ള ത്രോയില്‍ ഡുപ്ലെസി മടങ്ങുകയായിരുന്നു. പിന്നീട് ആര്‍സിബിക്കു തുരുതുരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

33 റണ്‍സിനിടെ നാലു വിക്കറ്റുകളാണ് ആര്‍സിബി കളഞ്ഞുകുളിച്ചത്. ടീം സ്‌കോര്‍ 156ല്‍ മാക്‌സി പുറത്തായ ശേഷം തുടര്‍ന്നുള്ളവര്‍ ഒന്നിനു പിറകെ ഒന്നായി ക്രീസ് വിട്ടു. ദിനേശ് കാര്‍ത്തിക് (16) മഹിപാല്‍ ലൊംറോര്‍ (8), സുയാഷ് പ്രഭുദേശായ് (0), വനിന്ദു ഹസരംഗ (6), വൈശാഖ് വിജയ്കുമാര്‍ (0) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി. രണ്ടു പേര്‍ റണ്ണൗട്ടാവുകയായിരുന്നു. റോയല്‍സിനായി ബോള്‍ട്ടും സന്ദീപ് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലിനും ഒാരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസിനു ശേഷം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി ഇംപാക്ട് പ്ലെയറായി ബാറ്റിങിന് മാത്രമേ ഇറങ്ങുകയുള്ളൂ. ഫിറ്റ്‌നസ് പ്രശ്‌നം കാരണമാണിത്.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി, വിരാട് കോലി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലൊംറോര്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, സുയാഷ് പ്രഭുദേശായ്, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്, വൈശാഖ് വിജയ്കുമാര്‍.
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.