തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു വീണിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മല്‍സരത്തില്‍ ഏഴു റണ്‍സിനായിരുന്നു റോയല്‍സ് പൊരുതി വീണത്. വിജയത്തിനു അരികില്‍ വരെയത്തിയ ശേഷമായിരുന്നു അവരുടെ കീഴടങ്ങല്‍. ഹോംഗ്രൗണ്ടില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. മറുപടിയില്‍ അവസാന ഓവര്‍ വരെ പൊരുതി നോക്കിയെങ്കിലും ആറു വിക്കറ്റിനു 182 റണ്‍സെടുക്കാനേ റോയല്‍സിനായുള്ളൂ.
ഈ സീസണിലാദ്യമായിട്ടാണ് റോയല്‍സ് തുടര്‍ച്ചയായ രണ്ടു പരാജയങ്ങളേറ്റു വാങ്ങിയിരിക്കുന്നത്. പക്ഷെ ഈ തിരിച്ചടിയിലും ചില കാര്യങ്ങളില്‍ റോയല്‍സിനു സന്തോഷിക്കാം. ആര്‍സിബിയുമായുള്ള മാച്ചില്‍ മൂന്നു കാര്യങ്ങള്‍ റോയല്‍സിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

യുവ താരം ദേവ്ദത്ത് പടിക്കലിന്റെ മിന്നുന്ന പ്രകടനമാണ് റോയല്‍സിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ആദ്യത്തെ കാര്യം. നേരത്തേ മധ്യനിരയില്‍ റോയല്‍ിനായി ബാറ്റിങിനു ഇറങ്ങിയപ്പോള്‍ താരത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനായിരുന്നില്ല. എന്നാല്‍ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ശേഷം ദേവ്ദത്ത് തന്റെ യഥാര്‍ഥ താളത്തിലേക്കു തിരികെയെത്തിയിരിക്കുകയാണ്.
മുന്‍ ഫ്രാഞ്ചൈസി കൂടിയായ ആര്‍സിബിക്കെതിരേ 52 റണ്‍സണ് അദ്ദേഹം നേടിയത്. 34 ബോളുകള്‍ നേരിട്ട ദേവ്ദത്ത് ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. ഈ സീസണില്‍ 22 കാരനായ താരത്തിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്. മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങിയതു മുതല്‍ കഴിഞ്ഞ നാല് ഇ്ന്നിങ്‌സുകളില്‍ 38, 26, 26, 52 എന്നിങ്ങനെയാണ് ദേവ്ദത്തിന്റെ സ്‌കോറുകകള്‍. റോയല്‍സിനെ സംബന്ധിച്ച് ഇതു തീര്‍ച്ചയായും വലിയ പോസിറ്റീവ് തന്നെയാണ്.
യുവതാരം ധ്രുവ് ജുറേലിന്റെ പ്രകടനമാണ് ആര്‍സിബിക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാമത്തെ പോസിറ്റീവ്. ഈ സീസണില്‍ റോയല്‍സിന്റെ കണ്ടെത്തലായി മാറിയിരിക്കുകയാണ് യുവതാരം. റണ്‍ചേസില്‍ ആറാം നമ്പറില്‍ ഇറങ്ങിയ ജുറേല്‍ 16 ബോളില്‍ പുറത്താവാതെ 34 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. 20ാം ഓവറില്‍ സ്‌ട്രൈക്ക് നേരിടാന്‍ ജുറേലിന് കൂടുതല്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.

ഒരേയൊരു ബോള്‍ മാത്രമേ അവസാന ഓവറില്‍ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. ഡെത്ത് ഓവറുകളില്‍ ജുറേലിന്റെ പ്രകടനം റോയല്‍സിനു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പരാജയപ്പെട്ടാലും മല്‍സരം ഫിനിഷ് ചെയ്യാന്‍ മറ്റൊരു താരത്തെ അവര്‍ക്കു ലഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ജുറേലില്‍ നിന്നും റോയല്‍സിനു പ്രതീക്ഷിക്കാം.
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ പ്രകടനവും ആര്‍സിബിയുമായുള്ള മാച്ചില്‍ റോയല്‍സിന്റെ മറ്റൊരു പോസിറ്റീവാണ്. മറ്റു ബൗളര്‍മാരെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ അച്ചടക്കത്തോടെയുള്ള ബൗളിങായിരുന്നു ചഹല്‍ കാഴ്ചവച്ചത്. നാലോവറുകളില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് അദ്ദേഹം നേടിയിരുന്നു. ഏഴായിരുന്നു ഇക്കോണമി റേറ്റ്.
എട്ടു റണ്‍സെടുത്ത മഹിപാല്‍ ലൊംറോറിന്റെ വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ചഹല്‍ ഇത്തവണയും മിന്നുന്ന ഫോമിലാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 8.07 ഇക്കോണമി റേറ്റോടെ 12 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ചഹല്‍ നാലാംസ്ഥാനത്തുമുണ്ട്.