ഐപിഎല്ലില്‍ ഗംഭീരമായി തുടങ്ങിയ ശേഷം രാജസ്ഥാന്‍ റോയല്‍സിനു ഇപ്പോള്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലാണ് റോയല്‍സ് തോല്‍വി രുചിച്ചിരിക്കുന്നത്. വിജയിക്കാന്‍ സാധിക്കാമായിരുന്ന മല്‍സരങ്ങള്‍ കൂടിയായിരുന്നു ഇത്. സാധാരണയായി കളിക്കളത്തിനകത്തും ഡ്രസിങ് റൂമിലുമെല്ലാം വളരെ കൂളായിട്ടാണ് നായകന്‍ സഞ്ജു സാംസണ്‍ കാണപ്പെടാറുള്ളത്.
എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ മാച്ചിലെ പരാജയത്തിനു ശേഷം സഞ്ജു അല്‍പ്പം ഗൗരവത്തിലാണ്. മല്‍സരശേഷം ഡ്രസിങ് റൂമില്‍ വച്ച് അദ്ദേഹം ടീമംഗങ്ങളോടു സംസാരിക്കുന്ന വീഡിയോയിലാണ് അദ്ദേഹം വളരെ ഗൗരവത്തോടു കൂടി ടീമിനോടു കാര്യങ്ങള്‍ വിശദീകരിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ലെങ്കിലും ആരെയാണ് സഞ്ജു ലക്ഷ്യമിട്ടതെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.

ഈ ടൂര്‍ണമെന്റില്‍ ചില പരാജയങ്ങള്‍ നേരിടുകയെന്നത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്. ഈ തരത്തില്‍ ടീം കുറച്ചു മല്‍സരങ്ങളില്‍ ജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും നിങ്ങള്‍ മുകളിലേക്കും താഴേക്കും പോവും. പക്ഷെ നമ്മുടെ ടീമിന്‍െ ശൈലിയെന്നത് എളിമയോടെ തുടരുകയെന്നതാണ്. നമ്മള്‍ മുകളിലേക്കു പോവുമ്പോഴും അതു പോലെ താഴേക്കു വീഴുമ്പോഴും നമ്മള്‍ സ്വയം വിശ്വസിക്കുന്നു. കാര്യങ്ങള്‍ അത്രയും സിംപിളാണെന്നു സഞ്ജു സാംസണ്‍ ടീമംഗങ്ങളോടു പറഞ്ഞു.
നമ്മള്‍ ടീമിലെ ഓരോരുത്തെയും വിശ്വസിക്കുന്നു, കൂടാതെ സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. ആര്‍ക്കു നെരെയും വിരല്‍ ചൂണ്ടാറുമില്ല, അതാണ് നമ്മള്‍ പിന്തുടരേണ്ട നിയമം. നിങ്ങള്‍ക്കു വിജയത്തോടു എത്ര മാത്രം ആര്‍ത്തിയുണ്ടോ അതാണ് നിങ്ങള്‍ വിജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്ന ടീമിന്റെ ഭാഗമാവാനുള്ള ഏക കാരണമെന്ന് അനുഭവസമ്പത്തില്‍ നിന്നും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എത്ര മാത്രം വിജയം ആഗ്രഹിക്കുന്നുവെന്നത് പ്രധാനമാണ്.
ഞാന്‍ ഈ ടീമിനോടൊപ്പം എട്ട്-10 വര്‍ഷമായുണ്ട്. ഈ ടീമില്‍ ആരും തന്നെ ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കാറില്ല. ഓരോ തവണയും നമ്മള്‍ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ ഈയൊരു സന്ദര്‍ഭത്തില്‍ ഒരു കാര്യം ഞാന്‍ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്, നമ്മള്‍ നമുക്കു വേണ്ടി കളിക്കാറില്ല, നമ്മുടെ ടീമിനു വേണ്ടിയാണ് കളിക്കാറുള്ളതെന്നായിരുന്നു സഞ്ജു അല്‍പ്പം വൈകാരികമായി വിശദമാക്കിയത്. ഒരു താരത്തിന്റെയും പേരെടുത്ത് അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ചിലര്‍ക്കൊക്കെ അതു ശരിക്കും കൊണ്ടിട്ടുണ്ടാവുമെന്ന കാര്യമുറപ്പാണ്.

ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിങിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫിഫ്റ്റി ലക്ഷ്യമിട്ട്് താരം മധ്യ ഓവറുകളില്‍ സ്‌കോറിങിന്റെ വേഗത കുറച്ചുവെന്നും ഇതു പിന്നീട് റണ്‍ചേസില്‍ റോയല്‍സിനു വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് പലരും ചൂണ്ടിക്കാട്ടിയത്. എട്ടോവര്‍ കഴിയുമ്പോള്‍ 26 ബോളില്‍ 40 റണ്‍സെന്ന നിലയിലായിരുന്നു ജയ്‌സ്വാള്‍. പിന്നീട് താരം ഫിഫ്റ്റി തികയ്ക്കുന്നതിനായി സ്‌കോറിങിനു വേഗത കുറച്ചതായി കാണാം.
ഒടുവില്‍ 37 ബോളില്‍ 47 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. അഞ്ചു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 26 ബോളില്‍ 40ലെത്തിയ ജയ്‌സ്വാള്‍ അടുത്ത 11 ബോളില്‍ വെറും ഏഴു റണ്‍സ് മാത്രമാണ് നേടിയത്. ബൗണ്ടറിയോ, സിക്‌സറോയൊന്നും ഇതിലുണ്ടായിരുന്നില്ല. ജയ്‌സ്വാൡന്റ ഈ ഇന്നിങ്‌സിനെക്കുറിച്ച് തന്നെയാണ് ടീം മീറ്റിങ്ങില്‍ സഞ്ജു പരാമര്‍ശിച്ചതെന്നാണ് സൂചനകള്‍.
സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫിഫ്റ്റിക്കും വ്യക്തിഗത നേട്ടങ്ങള്‍ക്കുമായി ആരും തന്നെ കളിക്കരുത്. മധ്യ ഓവറുകളില്‍ യശസ്വി ജയ്‌സ്വാളും ഡിഡിപിയും (ദേവ്ദത്ത് പടിക്കല്‍) സ്‌കോറിങ് സ്ലോയാക്കിയിരുന്നു. സഞ്ജു സാംസണ്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് യശസ്വി ജയ്‌സ്വാളിനെപ്പറ്റിയാണ്. ഫിഫ്റ്റിക്കു വേണ്ടി അദ്ദേഹം ഇന്നിങ്‌സ് സ്ലോയാക്കുകയായിരുന്നു. അതു റോയല്‍സ് ഇന്നിങ്‌സിന്റെ താളം നഷ്ടപ്പെടുത്തുകയും ചെയ്തു. കുറച്ചു ഓവറുകളും ഈ കാരണത്താല്‍ റോയല്‍സിനു നഷ്ടമായി. അവസാനത്തെ രണ്ടു വരികള്‍ ജയസ്വി ജയ്‌സ്വാളിനെപ്പറ്റിയാണ്. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.