മൊഹാലി: 15 മാസത്തെ ഇടവേളക്ക് ശേഷം ആര്‍സിബിയുടെ നായകസ്ഥാനം ലഭിച്ചത് ആഘോഷമാക്കി വിരാട് കോലി. കാലഹരണപ്പെട്ട ക്യാപ്റ്റന്‍സി തന്ത്രങ്ങളല്ല തന്റേതെന്ന് വിമര്‍ശകര്‍ക്ക് മുന്നില്‍ കോലി കാട്ടിക്കൊടുത്തപ്പോള്‍ പഞ്ചാബ് കിങ്‌സിനെതിരേ 24 റണ്‍സിന്റെ ത്രില്ലിങ് ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റിന് 174 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിനെ 18.2 ഓവറില്‍ 150റണ്‍സില്‍ ആര്‍സിബി ഒതുക്കി.
അര്‍ധ സെഞ്ച്വറി നേടിയ ഫഫ് ഡുപ്ലെസിസും (84) വിരാട് കോലിയും (59) നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. നായകനെന്ന നിലയില്‍ വിരാട് കോലിയുടെ രാജ തന്ത്രങ്ങളാണ് ആര്‍സിബിക്ക് കരുത്തായത്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ നീക്കങ്ങളോടെ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്കായി.

രണ്ട് വിജയകരമായ റിവ്യൂകള്‍ ചെയ്താണ് കോലി മികവ് കാട്ടിയത്. അധര്‍വ ടെയ്‌ടെ ആദ്യ പന്ത് ബൗണ്ടറി നേടിയപ്പോള്‍ രണ്ടാം പന്തില്‍ത്തന്നെ എല്‍ബിയില്‍ കുടുങ്ങി. മുഹമ്മദ് സിറാജിന്റെ ഓവറില്‍ അംപയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂവിലൂടെയാണ് കോലി നേടിയെടുത്തത്. വീണ്ടും കോലിയുടെ വിജയകരമായ റിവ്യൂ കണ്ടത് ലിയാം ലിവിങ്‌സ്റ്റണിന്റെ വിക്കറ്റിലാണ്.
ഇത്തവണയും സിറാജിന്റെ ഓവറിലാണ് സംഭവം. ലിവിങ്‌സ്റ്റണിന്റെ എല്‍ബിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അനുവദിച്ചില്ല. എന്നാല്‍ റിവ്യൂവിലൂടെ കോലി ഇത് വിക്കറ്റാക്കി മാറ്റുകയായിരുന്നു. വമ്പനടിക്കാരനായ ലിവിങ്സ്റ്റണിന്റെ വിക്കറ്റ് നേടിയത് മത്സരം ആര്‍സിബിക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണ്ണായകമായി.
പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മാത്യു ഷോര്‍ട്ട്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികവ് കാട്ടിയ ഷോര്‍ട്ടിനെ സ്പിന്‍ കെണിയൊരുക്കി വീഴ്ത്തിയതും കോലിയുടെ ക്യാപ്റ്റന്‍സി ബുദ്ധി. വനിന്‍ഡു ഹസരങ്കയെ മൂന്നാം ഓവറിലെത്തിച്ച കോലി ഷോര്‍ട്ടിന്റെ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ക്രീസില്‍ നിന്ന് കയറി കളിച്ച ഷോര്‍ട്ട് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
വമ്പനടിക്കാരനായ ഫിനിഷര്‍ ഷാരൂഖ് ഖാനെ സ്പിന്നറെ ഉപയോഗിച്ച് കുടുക്കിയതിന് പിന്നിലും കോലിയുടെ തന്ത്രം തന്നെ. ഹസരങ്കയെ കൊണ്ടുവന്ന കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ക്രീസില്‍ നിന്ന് കയറിക്കളിച്ച ഷാരൂഖിനെ ദിനേഷ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പ്രഭ്‌സിംറാന്‍ സിങ്ങിനെ പുറത്താക്കിയതിന് പിന്നിലും കോലി കൈയടി അര്‍ഹിക്കുന്നു.
30 പന്തില്‍ 46 റണ്‍സുമായി ആര്‍സിബിക്ക് വലിയ ഭീഷണി ഉയര്‍ത്തിയ പ്രഭ്‌സിംറാന്‍ സിങ്ങിനെ വെയ്ന്‍ പാര്‍ണലിനെകൊണ്ടുവന്നാണ് കോലി മടക്ക ടിക്കറ്റ് നല്‍കിയത്. കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ വിക്കറ്റ് നേടിയെടുക്കാന്‍ കോലിക്ക് സാധിച്ചു. ഇടവേളക്ക് ശേഷം കോലിക്ക് കീഴില്‍ ആക്രമണോത്സകതയോടെ കളിക്കുന്ന ആര്‍സിബിയെ കാണാനായതില്‍ ആരാധകരും ഹാപ്പിയാണ്.പവര്‍പ്ലേയില്‍ത്തന്നെ നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി ആര്‍സിബി പഞ്ചാബിനെ വരിഞ്ഞ് മുറുക്കി.

ബാറ്റിങ്ങില്‍ കോലിയുടെ സെന്‍സിബിള്‍ ഇന്നിങ്‌സിനും കൈയടിക്കണം. ബാറ്റിങ് ദുഷ്‌കരമായ മൈതാനത്ത് 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് കോലി 59 റണ്‍സ് നേടിയത്. ഡുപ്ലെസിസ് 56 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും പറത്തി 84 റണ്‍സും നേടി. മധ്യനിര നിരാശപ്പെടുത്തിയതോടെ 200ലേക്ക് സ്‌കോര്‍ എത്താതെ പോയി. എന്നാല്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലൂടെ ആര്‍സിബി മത്സരം പിടിച്ചു.
മുഹമ്മദ് സിറാജ് ഗംഭീര ബൗളിങ് പ്രകടനവുമായി കൈയടി നേടുമ്പോഴും കോലിക്കത് അഭിമാന നിമിഷം. സിറാജിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് കോലിയാണ്. തല്ലുകൊള്ളിയായ ബൗളറെന്ന് വിശേഷിപ്പിക്കപ്പെട്ടപ്പോഴും കോലിയാണ് സിറാജിനെ ചേര്‍ത്തുനിര്‍ത്തിയത്. അന്ന് കോലി നല്‍കിയ പിന്തുണയുടെ കരുത്തിലാണ് സിറാജ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്.
പഞ്ചാബിനെതിരേ നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഹര്‍ഷല്‍ പട്ടേല്‍ 3.2 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ഹര്‍ഷല്‍ 6.60 ഇക്കോണമിയില്‍ പന്തെറിഞ്ഞതും ആര്‍സിബിയുടെ വിജയത്തിന് തുണയായി.