ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ഫിഫ്റ്റിയോട കസറിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റണ്‍മെഷീന്‍ വിരാട് കോലി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട് താരം ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റിയും കുറിച്ചിരിക്കുകയാണ്.
61 റണ്‍സ് നേടിയാണ് കോലി ക്രീസ് വിട്ടത്. 44 ബോളുള്‍ നേരിട്ട അദ്ദേഹം മൂന്നു വീതം ഫോറുകളും സിക്‌സറുകളുമടിച്ചു. നേരത്തേ ഇതേ മൈതാനത്തു വച്ചു തന്നെയായിരുന്നു കോലി ആദ്യ ഫിഫ്റ്റി കണ്ടെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ അദ്ദേഹം പുറത്താവാതെ 82 റണ്‍സെടുക്കുകയായിരുന്നു.

ലഖ്‌നൗവിനെതിരേ 35 ബോളുകളില്‍ നിന്നായിരുന്നു വിരാട് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഇതോടെ വലിയൊരു നാഴ്കക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ടീമുകള്‍ക്കുമെതിരേ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറി. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡായിരുന്നു ഇത്. ഇപ്പോള്‍ വിരാട് കോലിയും ഈ നേടത്തിനൊപ്പം എത്തിയിരിക്കുകയാണ്.
നിലവിലെ ഫ്രാഞ്ചൈസികളില്‍ രണ്ടു ടീമുകള്‍ക്കെതിരേ സെഞ്ച്വറി നേടാന്‍ വിരാട് കോലിക്കായിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനെതിരേ നേടിയ 113 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 100 റണ്‍സും കോലി കുറിച്ചു. മറ്റു ടീമുകള്‍ക്കെതിരേ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (90* റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (99), ഗുജറാത്ത് ടൈറ്റന്‍സ് (73), മുംബൈ ഇന്ത്യന്‍സ് (92*), രാജസ്ഥാന്‍ റോയല്‍സ് (72*), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (93*), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (61) എന്നിങ്ങനെയാണ്.