യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള അടുത്ത കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി തീപ്പൊരി ഇന്നിങ്‌സിലൂടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡാണ് പൂരന്‍ തന്റെ പേരിലാക്കിയത്. വെറും 15 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ താരത്തിനു വേണ്ടി വ്ന്നുള്ളൂ. മല്‍സരത്തില്‍ 62 റണ്‍സെടുത്ത് പൂരന്‍ ക്രീസ് വിടുകയായിരുന്നു. വെറും 19 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഏഴു സിക്‌സറും നാലു ഫോറും പൂരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്‌നൗ തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം 12ാം ഓവറില്‍ അഞ്ചിനു 105 റണ്‍സില്‍ നില്‍ക്കവെയായിരുന്നു നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയത്. പിന്നീട് അദ്ദേഹം ആര്‍സിബി ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ എല്ലാവരെയും പൂരന്‍ പറപ്പിച്ചു. ഇതോടെ താരത്തിനെതിരേ ഏതു ബോള്‍ പരീക്ഷിക്കുമെന്ന ആശങ്കയിലായി ആര്‍സി ബൗളര്‍മാര്‍.
ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പമാണ് നിക്കോളാസ് പൂരന്‍ എത്തിയിരിക്കുന്നത്. നേരത്തേ രണ്ടു താരങ്ങളാണ് ടൂര്‍ണമെന്റില്‍ 15 ബോളുകളില്‍ ഫിഫ്റ്റികള്‍ നേടിയിട്ടുള്ളത്. ഒരാള്‍ ഇന്ത്യയുട മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ്. അതേസമയം, ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയാണ്. കെഎല്‍ രാഹുലും ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നിക്കോളാസ് പൂരനുമാണ് 14 ബോളുകളില്‍ നിന്നും ഫിഫ്റ്റിയടിച്ച് തലപ്പത്തുള്ളത്.
ലഖ്‌നൗവിനു നാടകീയ വിജയം
നിക്കോളാസ് പൂരന്റെ അവിശ്വനീയ ഇന്നിങ്‌സും മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഫിഫ്ഫ്റ്റിയു തുണച്ചപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നാടകീയ വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി രണ്ടു വിക്കറ്റിനു 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. നായകന്‍ ഫഫ് ഡുപ്ലെസി (79*), വിരാട് കോലി (61), ഗ്ലെന്‍ മാക്‌സ്വെല്‍ (59) എന്നിവരുടെ ഫിഫ്റ്റികളാണ് ആര്‍സിബിയെ വന്‍ സ്‌കോറിലെത്തിച്ചത്.

മറുപടിയില്‍ ലഖ്‌നൗ പവര്‍പ്ലേയില്‍ മൂന്നിന് 23 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ (30 ബോളില്‍ 65) കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. സ്‌റ്റോയ്‌നിസ് പുറത്തായ ശേഷം പൂരന്‍ ദൗത്യം ഏറ്റെടുത്തതോടെ ആര്‍സിബി തല്ലുവാങ്ങിക്കൂട്ടി.
ടീം സ്‌കോര്‍ 189ല്‍ വച്ച് താരം പുറത്താവുമ്പോഴേക്കും ലഖ്‌നൗ വിജയത്തിന് അരികിലെത്തിയിരുന്നു. മൂന്നു വിക്കറ്റുകള്‍ അടുത്ത നഷ്ടമായെങ്കിലും അവസാന ബോളില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ലഖ്‌നൗ ത്രില്ലിങ് വിജയം പിടിച്ചെടുക്കുകയായിരുന്നു. നിക്കോളാസ് പൂരനാണ് കളിയിലെ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടത്.