ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ത്രില്ലറിലെ നാടകീയ വിജയത്തിനു ശേഷം അമിതാവേശം കാണിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ കുരുക്കില്‍. റണ്‍ചേസില്‍ അവസാന ബോളിലായിരുന്നു ഒരു വിക്കറ്റിനു ലഖ്‌നൗ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.
ഒരു റണ്‍സായിരുന്നു അവസാനത്തെ ബോളില്‍ ലഖ്‌നൗവിനു ജയിക്കാന്‍ ആവശ്യമായിരുന്നത്. ഹര്‍ഷല്‍ പട്ടേലിനെതിരേ സ്‌ട്രൈക്ക് നേരിട്ടത് പുതുതായി ക്രീസിലെത്തിയ ആവേശായിരുന്നു. ഷോട്ടിനു ശ്രമിച്ചെങ്കിലും ബോള്‍ കണക്ട് ചെയ്യാന്‍ ആവേശിനായില്ല.

ഇതോടെ ആവേശും രവി ബിഷ്‌നോയിയും ചേര്‍ന്ന് ഒരു വിധം സിംഗിള്‍ ഓടിയെടുത്ത് ലഖ്‌നൗവിന് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. സിംഗിള്‍ പൂര്‍ത്തിയാക്കിയതു പിന്നാല ഹെല്‍മറ്റ് ഊരി ഗ്രൗണ്ടിലെറിഞ്ഞ് ആവേശ് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതാണ് താരത്തെ ഇപ്പോള്‍ കുടുക്കിയത്. ഐപിഎല്ലിന്റെ പെരുമാറ്റച്ചടം ആവേശ് ലംഘിച്ചിരിക്കുകയാണെന്നാണ് വ്യക്തമായിരിക്കുന്നത്. ലെവല്‍ വണ്ണില്‍ പരാമര്‍ശിച്ചിക്കുന്ന കുറ്റമാണ് താന്‍ ചെയ്തതെന്നു താരം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്റെ അച്ചടക്കസമിതി വൈകാതെ ആവേശിനെതിരേ ശിക്ഷ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതിനിടെ ആവേശ് ഖാന്റെ അതിരുവിട്ട ആഹ്ലാദ പ്രകടനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആദ്യ ബൗളിങിലും പിന്നീട് ബാറ്റിങിലും ഫ്‌ളോപ്പായിട്ടും എന്താണ് താരത്തിന് ഇത്രയും അഹങ്കാരമെന്നാണ് ആരാധകരുടെ ചോദ്യം. ബൗളിങില്‍ ആവേശ് ദയനീയ പരാജയമായിരുന്നു. നാലോവറുകള്‍ ബൗള്‍ ചെയ്ത പേസര്‍ വിക്കറ്റൊന്നുമില്ലാതെ വിട്ടുകൊടുത്തത് 53 റണ്‍സായിരുന്നു. 13.20 എന്ന മോശം ഇക്കോണമി റേറ്റോടെയായിരുന്നു ഇത്.
ബാറ്റിങിലാവട്ടെ നേരിട്ട ഏക ബോളില്‍ റണ്ണൊന്നും ആവേശ് നേടിയിട്ടില്ല. ഷോട്ട് മിസ്സായതിനാല്‍ ബൈ ആയിട്ടാണ് അവസാനത്തെ വിജയറണ്‍സ് കുറിക്കപ്പെട്ടത്. ഇങ്ങനെയൊരാള്‍ക്കു ചേര്‍ന്നതല്ല ആവേശിന്റെ ഭാഗത്തു നിന്നുണ്ടായ ആഹ്ലാ പ്രകടനമെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
19 ബോളില്‍ 62 റണ്‍സ് സ്‌കോര്‍ ചെയ്ത നിക്കോളാസ് പൂരനാണ് താനെന്ന തരത്തിലായിരുന്നു ആവേശ് ഖാന്‍ ഹെല്‍മറ്റൂരി വലിച്ചെറിഞ്ഞത്. ബോളില്‍ ബാറ്റ്‌കൊണ്ടതു പോലുമില്ല. മാത്രമല്ല ബൗള്‍ഡാവേണ്ടിയിരുന്നതില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെടുകയും ചെയ്തത്. മുംബൈ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ വിജയം പൂര്‍ത്തിയാക്കിയ ശേഷം ആദിത്യ താരെ ഓടിയതു പോലെയാണ് രവി ബിഷ്‌നോയ് ആര്‍പ്പുവിളിച്ച് ഓടിയത്. പക്ഷെ ആവേശിന്റെ ആഹ്ലാദ പ്രകടനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യൂസര്‍ കുറിച്ചു.

ആവേശ് ഖാന്റെ ഹെല്‍മറ്റ് അദ്ദേഹത്തിന്റെ ബോളുകളേക്കാള്‍ ബൗണ്‍സ് ചെയ്യുന്നുണ്ടെന്നായിരുന്നു ഒരു പരിഹാസം. മല്‍സരത്തില്‍ 50 പ്ലസ് റണ്‍സ് വഴങ്ങിയിട്ടും ബാറ്റിങിനിടെ ഷോട്ട് പോലും കളിക്കാതിരുന്നിട്ടും ആവേശ് ഖാന്‍ ഈ തരത്തില്‍ ഹെല്‍മറ്റ് വലിച്ചൂരിയെറിഞ്ഞ് ആവേശം കാണിച്ചത് ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നായിരുന്നു ഒരു വിമര്‍ശനം. ആര്‍സിബിക്കെതിരേ സിക്‌സറടിച്ച് താന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വിജയം നേടിക്കൊടുത്തുനെന്ന മനോഭാവമായിരുന്നു ആവേശ് ഖാനെന്നായിരുന്നു ഒരു ട്രോള്‍.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം റിങ്കു സിങിനെപ്പോലെ അവസാനത്തെ ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ താന്‍ വിജയിപ്പിച്ചതു പോലെയായിരുന്നു ആവേശ് ഖാന്റെ ആഹ്ലാദപ്രകടനമെന്നായിരുന്നു ഒരു പരിഹാസം. മാന്യന്‍മാരുടെ ഗെയിമായ ക്രിക്കറ്റില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്.
ഈ മല്‍സരത്തില്‍ ആവേശ് ഖാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ബൗളിങില്‍ 50ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തു. ബാറ്റിങിലാവട്ടെ ബോള്‍ തൊടാന്‍ പോലും കഴിഞ്ഞില്ല. മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം കെഎസ് ഭരത് നേടിയ സിക്‌സര്‍ ആവേശ് ഖാനെ ഇപ്പോഴും വേട്ടയാടുന്നതായി തോന്നുന്നുവെന്നായിരുന്നു ഒരു പ്രതികരണം.