ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇന്നലെ നടന്ന ആര്‍സിബി-ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മത്സരം സാക്ഷ്യം വഹിച്ചത്. ലാസ്റ്റ് ബോള്‍ ത്രില്ലറിനൊടുവിലാണ് ആര്‍സിബിയെ ലഖ്‌നൗ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ അവസാന പന്തില്‍ ഒരു വിക്കറ്റ് മാത്രം ബാക്കിനിര്‍ത്തി വിജയം നേടിയെടുക്കുകയായിരുന്നു.
ആര്‍സിബിയെ അവരുടെ മടയില്‍ കയറി തോല്‍പ്പിച്ചുവരാന്‍ ലഖ്‌നൗവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മത്സരത്തില്‍ ആര്‍സിബിക്കായി വിരാട് കോലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 44 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് വിരാട് കോലി നേടിയത്. സെഞ്ച്വറി പ്രതീക്ഷ നല്‍കിയ കോലിയെ സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയാണ് പുറത്താക്കിയത്.

ഇപ്പോഴിതാ അമിത് മിശ്ര കോലിയുടെ വിക്കറ്റ് നേടിയത് നിയമവിരുദ്ധമായാണ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ തെളിവായി വീഡിയോയും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്. കോലി പുറത്താവുന്നത് 12ാം ഓവറിലാണ്. ഈ ഓവറിലെ ആദ്യ പന്തിന് ശേഷമാണ് അമിത് മിശ്ര നിയമവിരുദ്ധമായ കാര്യം പന്തില്‍ ചെയ്തത്. തുപ്പല്‍ ഉപയോഗിച്ച് താരം പന്ത് മിനുക്കുകയും പിന്നീടെറിഞ്ഞ രണ്ടാം പന്തില്‍ കോലിയുടെ വിക്കറ്റ് നേടുകയുമായിരുന്നു.
നിലവിലെ നിയമപ്രകാരം പന്തില്‍ വിയര്‍പ്പോ ഉമിനീരോ ഉപയോഗിച്ച് മിനുക്കാന്‍ പാടില്ല. കോവിഡ് സമയത്ത് ഐസിസി കൊണ്ടുവന്ന നിയമം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. എന്നാല്‍ പലപ്പോഴും താരങ്ങള്‍ക്ക് ഈ അബദ്ധം ഇപ്പോള്‍ സംഭവിക്കാറുണ്ട്. ഉമിനീരുപയോഗിച്ച് പന്ത് മിനുക്കുന്നത് ക്രിക്കറ്റില്‍ നിയമവിരുദ്ധമായ കാര്യമല്ല. എന്നാല്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുവന്ന നിയമം ഇതുവരെ പിന്‍വലിച്ചിട്ടില്ല.

സ്പിന്നര്‍മാര്‍ പന്തില്‍ ടേണ്‍ ലഭിക്കുന്നതിനായി ഉമിനീരുപയോഗിച്ച് പന്ത് മിനുക്കുന്നത് സ്വാഭാവികമാണ്. കൂടുതല്‍ സ്പിന്നര്‍മാരും ചൂയിങ് ഗം ചവച്ചതിന് ശേഷം മധുരമുള്ള ഉമിനീര്‍ ഉപയോഗിച്ച് പന്ത് മിനുക്കാറുണ്ട്. ഇത് പന്തില്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നു. നിലവിലെ സാഹചര്യത്തില്‍ ഉമിനീര്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്നത് നിയമവിരുദ്ധമായതിനാല്‍ കോലിയുടെ വിക്കറ്റ് നേട്ടം മിശ്ര ചതിയിലൂടെ നേടിയെന്നാണ് ആരാധകര്‍ പറയുന്നത്.
സീനിയര്‍ സ്പിന്നറായ അമിത് മിശ്രയെ ഇത്തവണത്തെ മിനി ലേലത്തില്‍ 50 ലക്ഷം രൂപക്കാണ് ലഖ്‌നൗ ടീമിലെത്തിച്ചത്. അനുഭവസമ്പന്നനായ താരത്തെ ഫലപ്രദമായി ഉപയോഗിക്കാനും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് സാധിക്കുന്നുണ്ട്. 155 ഐപിഎല്ലില്‍ നിന്ന് 168 വിക്കറ്റുകള്‍ നേടിയ താരം ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണുള്ളത്.
എന്തായാലും മിശ്രയുടെ ഉമിനീര്‍ പ്രയോഗത്തിന്റെ വീഡിയോ വൈറലാവുകയാണ്. ആര്‍സിബിയുടെ തോല്‍വിക്ക് പിന്നാലെയാണ് മിശ്രയുടെ ചതിയെന്ന നിലയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഐസിസിയുടെ നിയമപ്രകാരം ഉമിനീര്‍ പ്രയോഗത്തിന് ആദ്യം താക്കീതാണ് ലഭിക്കുക. പിന്നീട് ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ലഭിക്കും. എന്നാല്‍ അമിത് മിശ്രക്ക് രണ്ടും ലഭിച്ചിട്ടില്ല.

അംപയര്‍ ഇത് ശ്രദ്ധിച്ചില്ലെന്നതാണ് വസ്തുത. എന്തായാലും മിശ്ര ചതിച്ചുവെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് ആര്‍സിബി ആരാധകര്‍. രണ്ട് ടീമും ബാറ്റുകൊണ്ട് കസറിയ മത്സരത്തില്‍ ഭാഗ്യം ലഖ്‌നൗവിനെ തുണക്കുകയായിരുന്നു. ഫഫ് ഡുപ്ലെസിസ് (46 പന്തില്‍ 79), ഗ്ലെന്‍ മാക്‌സ് വെല്‍ (29 പന്തില്‍ 59) എന്നിവരും ആര്‍സിബിക്കായി ബാറ്റിങ്ങില്‍ ശോഭിച്ചു.
മറുപടിക്കിറങ്ങിയ ലഖ്‌നൗവിന്റെ മുന്‍നിര ഫ്‌ളോപ്പായെങ്കിലും മാര്‍ക്കസ് സ്റ്റോയിനിസ് (30 പന്തില്‍ 65), നിക്കോളാസ് പൂരന്‍ (19 പന്തില്‍ 62) എന്നിവരുടെ വെടിക്കെട്ട് മത്സരം ലഖ്‌നൗവിനോട് ചേര്‍ക്കുകയായിരുന്നു. ആയുഷ് ബധോനിയും (24 പന്തില്‍ 30) നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന പന്തിലാണ് ലഖ്‌നൗ വിജയ റണ്‍സ് നേടിയത്.