കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ഫിനിഷറായി മാറിക്കൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിങ്. ഗ്രൗണ്ടിലെത്തിയാല്‍ വളരെ പെട്ടെന്നു ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നുവെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ മിടുക്ക്. ഈ സീസണില്‍ ഇതിനകം കളിച്ച എട്ടു ഇന്നിങ്‌സുകളെടുത്താല്‍ അഞ്ചിലും ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ റിങ്കുവിനായിട്ടുണ്ട്.
റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള അവാന മാച്ചിലും താരം മോശമാക്കിയില്ല. 10 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 18 റണ്‍സുമായ ടീമിനെ 200ലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വെങ്കടേഷ് അയ്യര്‍ (285)കഴിഞ്ഞാല്‍ ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്ന താരം റിങ്കു സിങാണ് (251).

വെങ്കി ടോപ് ഓര്‍ഡര്‍ ബാറ്ററാണെങ്കില്‍ വാലറ്റത്ത് ഇറങ്ങിയാണ് റിങ്കു ഇത്രയും മികച്ച ബാറ്റിങ് കാഴ്ചവച്ചിരിക്കുന്നത്. 62.75 എന്ന മികച്ച ശരാശരിയില്‍ 158.86 എന്ന തകര്‍പ്പന്‍ സ്‌ടൈക്ക് റേറ്റും താരത്തിനുണ്ട്. 18 സിക്‌സറുകളും 15 ഫോറും റിങ്കു ഇതിനകം നേടിക്കഴിഞ്ഞു. ആര്‍സിബിക്കെതിരേ ആദ്യപാദത്തില്‍ 33 ബോളില്‍ 46ഉം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 21 ബോളില്‍ 48ഉം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 31 ബോളില്‍ 58ഉം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 33 ബോളില്‍ 53ഉം റണ്‍സ് റിങ്കു കുറിച്ചിരുന്നു.
ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ഏറ്റവും മികച്ച ബൗളറായ മുഹമ്മദ് സിറാജിനെയാണ് റിങ്കു പഞ്ഞിക്കിട്ടത്. റണ്ണെടുക്കാന്‍ ബുദ്ധിമുട്ടുള്ള സിറാജെറിഞ്ഞ 19ാം ഓവറില്‍ റിങ്കു വാരിക്കൂട്ടിയത് 15 റണ്‍സാണ്. ഓവറില ആദ്യ ബോളില്‍ സിക്‌സര്‍ പറത്തിയാണ് സിറാജിനെ റിങ്കു സ്വീകരിച്ചത്. അടുത്ത ബോള്‍ താരം ബൗണ്ടറിയിലേക്കു പായിച്ചു. അതുകൊണ്ടും റിങ്കു നിര്‍ത്തിയില്ല. മൂന്നാമത്തെ ബോളം ബൗണ്ടറി. ഫുള്ളര്‍ ബോളായിരുന്നു സിറാജ് എറിഞ്ഞത്. റിങ്കു അത് പോയിന്റിനു മുകളിലൂടെ ബൗണ്ടറിയിലേക്കു പറത്തുകയായിരുന്നു.
ഈ ഐപിഎല്ലില്‍ റിങ്കു സിങിന്റെ ബാറ്റിങ് പ്രകടനം നോക്കുകയാണെങ്കില്‍ പേസര്‍മാര്‍ക്കെതിരേയാണ് റണ്‍സ് വാരിക്കൂട്ടിയിരിക്കുന്നതെന്നു കാണാം. ഫാസ്റ്റ് ബളര്‍മാര്‍ക്കെതിരേ 98 ശരാശരിയില്‍ 196 റണ്‍സ് താരം അടിച്ചെടുത്തു. 184.9 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു തവണയാണ് പേസര്‍മാര്‍ക്കു റിങ്കു വിക്കറ്റ് സമ്മാനിച്ചത്.

പക്ഷെ സ്പിന്നര്‍മാര്‍ക്കെതിരേ അത്ര മികച്ചതല്ല അദ്ദേഹത്തിന്റെ പ്രകടനം. 26.5 ശരാശരിയില്‍ 105.7 സ്‌ട്രൈക്ക് റേറ്റോടെ 55 റണ്‍സ് മാത്രമേ സ്പിന്നര്‍മാര്‍ക്കെതിരേ റിങ്കുവിനു നേടാനായിട്ടുള്ളൂ. മാത്രമല്ല രണ്ടു തവണ അദ്ദേഹത്തിന്റെ വിക്കറ്റെുടുക്കാനും സ്പിന്‍ ബൗളര്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
ഇത്തവണ റിങ്കുവിന്റെ മാജിക്കല്‍ പ്രകടനമെന്നു വിശേഷിപ്പിക്കാവുന്നത് ഗുജറത്ത് ടൈറ്റന്‍സിനെതിരായ മാച്ച് വിന്നിങ് പ്രകടനമായിരുന്നു. കെകെആര്‍ പരാജയമുറപ്പിച്ച കളിയാണ് അവിശ്വസനീയ ബാറ്റിങിലൂടെ താരം മാറ്റി മറിച്ചത്. അവസാന ഓവറില്‍ യഷ് ദയാലിനെതിരേ തുടര്‍ച്ചയായ അഞ്ചു സിക്‌സറുകള്‍ പറത്തി റിങ്കു ടീമിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷിങുകളിലൊന്നായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.