ഈ സീസണിലെ ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്താന്‍ പാടുപെടുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ജയവും പരാജയവും അവര്‍ക്കു മാറി മാറി വന്നുകൊണ്ടിരിക്കുകയാണ്. രണ്ടു മല്‍സരങ്ങള്‍ ജയിച്ചാല്‍ അടുത്തത് തോല്‍ക്കുമെന്ന തരത്തിലാണ് ഈ സീസണില്‍ ആര്‍സിബിയുടെ മുന്നേറ്റം. രണ്ടില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ഈ സീണണില്‍ തുടരെ വിജയിക്കാന്‍ അവര്‍ക്കായിട്ടില്ല.
അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അവര്‍ക്കു 21 റണ്‍സിന്റെ തോല്‍വിയാണ് നേരിട്ടത്. ബാറ്റിങ് നിര നിറംമങ്ങിയതാണ് ആര്‍സിബിക്കു വിനയായത്. ഈ പരാജയത്തിനു പിന്നാലെ എവിടെയാണ് ആര്‍സിബിക്കു യഥാര്‍ഥത്തില്‍ പിഴയ്ക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ക്രിക്ക് ബസിന്റെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍സിബിയുടെ മധ്യനിരയില്‍ മികച്ച പവര്‍ ഹിറ്റര്‍മാരില്ലെന്നും ഇതാണ് അവര്‍ക്കു തിരിച്ചടികള്‍ നേരിടാന്‍ കാരണമെന്നു വോന്‍ ചൂണ്ടിക്കാട്ടി. ബാറ്റിങില്‍ ടോപ്പ് ത്രീയിലാണ് ആര്‍സിബിയുടെ കരുത്ത്. യുസ്വേന്ദ്ര ചഹലിനെ ആര്‍സിബി ഒഴിവാക്കിയത് ശരിയായില്ലെന്നു ഞാന്‍ കരുതുന്നു. ചഹല്‍ ആര്‍സിബിയില്‍ തന്നെ തുടര്‍ന്നു കളിക്കേണ്ടതായിരുന്നു. ചഹലിനെ ഒഴിവാക്കിയ ശേഷം പകരം വനിന്ദു ഹസരംഗയ്ക്കു വേണ്ടി ഒരുപാട് പണം ആര്‍സിബി ചെലവഴിച്ചതും ശരിയാണെന്നു കരുതുന്നില്ല.
പകരം ചഹലിനെ ടീമില്‍ നിലനിര്‍ത്തി ഹസരംഗയ്ക്കു വേണ്ടി പണം കൊണ്ട് വമ്പനടിക്കാരനായ ഒന്നോ, രണ്ടോ ബാറ്ററെ ടീമിലെത്തിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ അവരെ കളിപ്പിക്കാം. ഏഴാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്കിനെയും ബാറ്റിങിനു നിയോഗിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ വളരെ മികച്ച ടീമായി ആര്‍സിബി മാറുമായിരുന്നുവെന്നും മൈക്കല്‍ വോന്‍ നിരീക്ഷിച്ചു.
കൊല്‍ക്കത്തയ്‌ക്കെതിരേ റണ്‍ചേസില്‍ വിരാട് കോലി കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോലിക്കെതിരേ പല ടീമുകളും സ്പിന്നര്‍മാരെ നിരന്തരം പരീക്ഷിക്കുന്നത് ഈ സീസണിലെ പല മല്‍സരങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. സ്പിന്നര്‍ക്കെതരേ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് അല്‍പ്പം കുറവായതായിരിക്കാം ഇതിനു കാരണം. പക്ഷെ സ്പിന്നര്‍മാര്‍ക്കെതരേ അദ്ദേഹം ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നത് കാണാന്‍ എനിക്ക് ഇഷ്ടമാണ്. വിരാടിനു അതിനു കഴിയും. കാരണം അദ്ദേഹം അത്രയും മിടുക്കനായ ബാറ്ററാണ്.

പക്ഷെ കെകെആറിനെതിരേ പവര്‍പ്ലേയ്ക്കു ശേഷം വിരാട് കാര്യമായ റിസ്‌കെടുക്കാന്‍ മുതിര്‍ന്നില്ല. ടീമിനെ വിജയിപ്പിക്കാന്‍ 18 ഓവറുകളെങ്കിലും താന്‍ ക്രീസില്‍ നില്‍ക്കണമെന്ന ചിന്തയോടെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ബൗണ്ടറികളെക്കുറിച്ച് വിരാട് ചിന്തിച്ചില്ല. ഇപ്പോഴും അദ്ദേഹത്തിനു വളരെ അനായാസം ബൗണ്ടറികളടിക്കാന്‍ സാധിക്കും.
ടി20 ക്രിക്കറ്റില്‍ അതു വളരെ പ്രധാനവുമാണ്. ബിഹൈന്‍ഡ് ദി സ്‌ക്വയറിലേക്കു വിരാട് ഷോട്ട് കളിച്ചിട്ടില്ല. പകരം ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ പുള്‍ ഷോട്ട് കളിക്കുന്നതിലായിരുന്നു വിരാട് ശ്രദ്ധിച്ചത്. ഇതു നമ്മള്‍ പവര്‍പ്ലേയില്‍ കാണുകയും ചെയ്തതാണ്. പക്ഷെ പവര്‍പ്ലേ കഴിഞ്ഞതിനു ശേഷം വിരാട് ബൗണ്ടറിയടിക്കുമെന്നു എനിക്കു അപൂര്‍വ്വമായ തോന്നിയുള്ളൂ. ശ്രമിച്ചാല്‍ അദ്ദേഹത്തിനു അനായാസം അതിനു കഴിയും.
വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള കരുത്തും ടൈമിങുമെല്ലാം വിരാടിനുണ്ട്. ആഗ്രഹിക്കുമ്പോഴെല്ലാം സിക്‌സറുകള്‍ നേടാന്‍ അദ്ദേഹത്തിനു സാധിക്കും. തന്റെ ഈ കഴിവ് ആര്‍സിബി ടീമിലേക്കു കൊണ്ടുവരാനാണ് വിരാട് ശ്രമിക്കേണ്ടത്. പ്രത്യേകിച്ചും കെകെആറുമായുള്ള ഈ മല്‍സരത്തിലേതിനു സമാനമായ സാഹചര്യങ്ങളില്‍ അദ്ദേഹത്തില്‍ നിന്നും അത്തരം പ്രകടനങ്ങളണ് ആര്‍സിബിക്കു വിജയിക്കാന്‍ വേണ്ടതന്നും മൈക്കല്‍ വോന്‍ കൂട്ടിച്ചേര്‍ത്തു.